ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്
തെലങ്കാന ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്റെ രണ്ട് കഡാവർ ഡോഗുകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് ഇന്ന് രാവിലെ ഹൈദരാബാദിലേക്ക് തിരിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തതെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തെലങ്കാന നാഗർകുർണൂലിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ മേൽക്കൂര തകർന്ന് അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം പതിമൂന്നാം ദിവസവും തുടരുകയാണ്. തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും എല്ലാവിധ സംവിധാനങ്ങളും ഇതിനായി വിനിയോഗിക്കുമെന്നും എൻഡിആർഎഫ് കമാൻഡന്റ് വി.വി.എൻ. പ്രസന്ന കുമാർ അറിയിച്ചു. കുടുങ്ങിയവരെ കണ്ടെത്താൻ ഏകദേശം പന്ത്രണ്ട് ഏജൻസികൾ രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, ഇതുവരെ അവർ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ദേശീയ ദുരന്ത നിവാരണ സേന കമാൻഡന്റ് പറഞ്ഞു. എൻഡിആർഎഫ് കമാൻഡന്റ് പറയുന്നത് പ്രകാരം, എസ്‌ഡിആർഎഫ്, ഇന്ത്യൻ ആർമി, സിംഗരേണി ടീമുകൾക്കൊപ്പം 100 എൻഡിആർഎഫ് അംഗങ്ങൾ ഉൾപ്പെടെ ഏകദേശം 300 പേർ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. ദുരന്ത സ്ഥലം സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞായറാഴ്ച രക്ഷാപ്രവർത്തനം അവലോകനം ചെയ്തു.
Also Read: "മൃഗങ്ങളും സ്നേഹം അർഹിക്കുന്നു"; വൻതാരയിലെ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പങ്കിട്ട് ഷാരൂഖ് ഖാൻ
ഫെബ്രുവരി 22ന് ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിൻ്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.
Also Read: മൃഗങ്ങളോടൊപ്പം പ്രധാനമന്ത്രി; സന്ദർശനം അനന്ത് അംബാനിയുടെ വൻതാരയിൽ
52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നാലുപേർ ജാർഖണ്ഡിൽ നിന്നുള്ളവരും രണ്ടുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒരാൾ ജമ്മു കശ്മീരിൽ നിന്നും ഒരാൾ പഞ്ചാബിൽ നിന്നുമാണ്.