fbwpx
ഭീഷണിയായി ലഹരിവ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ താമരശേരി എക്സൈസ് റേഞ്ച് ഓഫീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Mar, 2025 11:12 AM

സ്വന്തം വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം ആളുകൾക്കും യാത്ര അലവൻസ് കിട്ടിയിട്ട് രണ്ട് വർഷത്തിൽ അധികമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾക്ക്‌ പുറമെ ആവശ്യത്തിന് ജീവനക്കാരില്ല എന്നതും വലിയ പ്രതിസന്ധി. അടിയന്തര ഘട്ടങ്ങളിൽ കൊടുവള്ളി സർക്കിൾ ഓഫീസിലെ വാഹനമാണ് ആശ്രയം.

KERALA


രാസ ലഹരിയുടെ മൂർധന്യാവസ്ഥയിൽ മാതാവിനെ കൊലപ്പെടുത്തിയ മകൻ. പൊലീസിനെ കണ്ട് ഭയന്ന് MDMA പാക്കറ്റോടെ വിഴുങ്ങി ജീവൻ നഷ്ടപ്പെട്ട യുവാവ്. ലഹരി ഉപയോഗവും ഗാർഹിക പീഡനവും രൂക്ഷമായതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ്. അയാളുടെ ലൈംഗിക വൈകൃതത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ. കോഴിക്കോടിന്റെ മലയോര മേഖലയായ താമരശ്ശേരിയിൽ ലഹരി വ്യാപനം എത്രത്തോളം മൂർച്ഛിച്ചു എന്ന് തെളിയിക്കുന്നതാണ് ഈ ഉദാഹരണങ്ങൾ. ന്യൂസ് മലയാളം നൽകിയ തുടർ വാർത്തകൾക്കൊടുവിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം ജനകീയ കൂട്ടായ്മകളും മേഖലയിൽ സജീവമാണ്. പക്ഷെ സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മ ഈ പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണ്.


അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പെടാപ്പാട് പെടുകയാണ് താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ്. ഇവിടെ ആകെയുള്ളത് ഒരേയൊരു ജീപ്പ്.അതും കട്ടപ്പുറത്താണ്.15 വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ജീപ്പ് കട്ടപ്പുറത്തായത്. മറ്റൊരു വാഹനത്തിനായി അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടി ഇതുവരെയും ഉണ്ടായിട്ടില്ല. ബൈക്ക് അടക്കമുള്ള സ്വന്തം വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ പരാതി പരിഹാരത്തിനായി യാത്ര ചെയ്യുന്നത്.


സ്വന്തം വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം ആളുകൾക്കും യാത്ര അലവൻസ് കിട്ടിയിട്ട് രണ്ട് വർഷത്തിൽ അധികമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾക്ക്‌ പുറമെ ആവശ്യത്തിന് ജീവനക്കാരില്ല എന്നതും വലിയ പ്രതിസന്ധി. അടിയന്തര ഘട്ടങ്ങളിൽ കൊടുവള്ളി സർക്കിൾ ഓഫീസിലെ വാഹനമാണ് ആശ്രയം.


Also Read;ഷാബാ ഷെരീഫ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്, കേസിൽ നിർണായകമായത് ഡിഎൻഎ പരിശോധന

മീൻ മാർക്കറ്റിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. സ്ഥല സൗകര്യം ഇല്ല എന്നതിന് പുറമെ വേനൽ കനത്താൽ ഓഫീസിനുള്ളിൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ചൂടും വർധിക്കും. താമരശ്ശേരി റേഞ്ചിന് കീഴിൽ 1 മുൻസിപ്പാലിറ്റിയും, 11 പഞ്ചായത്തുകളും, 5 പോലിസ് സ്റ്റേഷനുകളും, 66 സ്കൂളുകളും, 9 കോളേജുകളും, 161 ഉന്നതികളും, 30 കള്ള് ഷാപ്പുകളും ഉൾപ്പെടുന്നു.


ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ലഹരിയെ പ്രതിരോധിക്കാൻ സാധ്യമായ ഇടപെടലുകൾ എല്ലാം എക്‌സൈസ് സംഘം നടത്തുന്നുണ്ട്. 2025 ൽ ഇതുവരെ 15 NDPS കേസുകളാണ് താമരശ്ശേരിയിൽ രജിസ്റ്റർ ചെയ്തത് അതിൽ 3 എണ്ണം വലിയ അളവിൽ രാസ ലഹരി പിടിച്ചെടുത്ത കേസുകളാണ്.


താമരശ്ശേരിയിൽ മാത്രമല്ല കോഴിക്കോട് ജില്ലയിലെ 9 റേഞ്ച് ഓഫീസുകളിൽ 5 ഇടങ്ങളിൽ സ്വന്തമായി വാഹനം ഇല്ലാത്ത അവസ്ഥയാണ്. നാദാപുരം, ചേളന്നൂർ, കുന്നമംഗലം, കോഴിക്കോട് ടൗൺ, താമരശ്ശേരി ഉൾപ്പെടെയുള്ള റേഞ്ച് ഓഫീസുകളിലാണ് സ്വന്തമായി വാഹനമില്ലാത്തത്. ലഹരി വേട്ടയിൽ പലപ്പോഴും ഉദ്യോഗസ്ഥർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. ജീവൻ പണയം വെച്ച് നടത്തുന്ന ഇത്തരം ഇടപെടലുകൾക്ക് കൃത്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ ലഹരിയെ പൂർണതോതിൽ ഉന്മൂലനം ചെയ്യാം എന്ന വിശ്വാസവും ഉദ്യോഗസ്ഥർക്കുണ്ട്. വകുപ്പ് തലത്തിൽ കൃത്യമായ ഇടപെടലുകളാണ് ആവശ്യം.

Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം; ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ബര്‍ഹൂമിനെ വധിച്ച് ഇസ്രയേല്‍