നിങ്ങൾക്ക് വേണമെങ്കിൽ സായ് പരാഞ്പെയെ ഒരു വനിതാ സംവിധായക എന്ന ലേബൽ കൊടുത്ത് ഒരു കള്ളിയിൽ നിർത്താം. പക്ഷേ അതിൽ അവർ ഒതുങ്ങും എന്നത് വെറും വ്യാമോഹം മാത്രമായിരിക്കും
അമ്മ പറഞ്ഞുകൊടുക്കുന്ന കഥകൾ കേട്ടാണ് ആ എട്ടു വയസുകാരി പതിവായി ഉറങ്ങാറ്. ഒരു ദിവസം ഞാൻ ഒരു കഥ പറയാമെന്ന് അവൾ അമ്മയോട് പറഞ്ഞു. എന്നിട്ട് ഒരു കഥയുണ്ടാക്കി. നിനക്കിത് എവിടെനിന്ന് കിട്ടി എന്ന അമ്മയുടെ ചോദ്യത്തിന് കുസൃതി നിറഞ്ഞ കണ്ണുകളുമായി ഇത് എന്റെ കഥയാണെന്ന് അവൾ അഭിമാനം കൊണ്ടു. പക്ഷേ അമ്മ അത് കാര്യമാക്കിയില്ല. അമ്മയെ വിശ്വസിപ്പിക്കാൻ ഇരുന്ന ഇരുപ്പിൽ അവൾ മാലപോലെ കഥകൾ മെനഞ്ഞു. അമ്മ വിശ്വസിച്ചു എന്ന് മാത്രമല്ല,അവളുടെ ദിനചര്യയിൽ പുതിയ ഒരു ഇനം കൂടി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും മൂന്ന് പേജ് വീതം എഴുതണം. അങ്ങനെ എഴുതിയെഴുതി എട്ടാമത്തെ വയസിൽ അവൾ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 'മുലാഞ്ച മേവ' എന്നൊരു ഫെയറി ടേൽ.
പിന്നീട്, ആംഗ്രി യങ് മാനായി അമിതാഭ് ബച്ചൻ കത്തിനിൽക്കുന്ന 80കളിൽ അവർ ഒരു ചെറിയ പടവുമായി എത്തി ബോക്സ് ഓഫീസിന് തീപടർത്തി. അവർ ഇന്റലക്ച്വൽ ആയിരുന്നില്ല പക്ഷേ ഇന്റലിജന്റ് ആയിരുന്നു. അവർ ആർട്ട് ഫിലിം മേക്കർ ആയിരുന്നില്ല സെൻസിബിൾ ഫിലിം മേക്കറായിരുന്നു. ദ വൺ ആൻഡ് ഒൺലി - സായ് പരാഞ്പെ.
റേഡിയോ പ്രൊഡ്യൂസർ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യകാല വിദ്യാർഥി, എഫ്ടിഐഐയിലെ അധ്യാപിക, 1970കളിൽ ടെലിവിഷൻ ഇന്ത്യയിൽ ആദ്യമായി എത്തിയ സമയത്ത് ദൂരദർശനിലെ ലീഡിങ് പ്രൊഡ്യൂസർ - എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സായ് പരാഞ്പെ. എങ്ങനെയാണ് ഒരാൾക്ക് ഇത്തരത്തിൽ ഒരു ബഹുമുഖത്വം ലഭിക്കുന്നത്? ഒന്നാലോചിച്ചാൽ സായ് വളർന്നുവന്നതു തന്നെ അങ്ങനെയാണ്. ചെറുപ്പത്തിലെ എഴുത്തിൽ താൽപ്പര്യമുണ്ടായിരുന്ന കുട്ടി. മാത്തമാറ്റീഷ്യനായ അപ്പുപ്പന്റെയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്മയുടെയും പരിശീലനം കൂടിയായപ്പോൾ ആ കുട്ടിയുടെ ലോകം വികസിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോൾ മുത്തച്ഛൻ അദ്ദേഹം ഷേവ് ചെയ്യുമ്പോൾ സായിയെക്കൊണ്ട് ഉറക്കെ സംസ്കൃത ശ്ലോകങ്ങളും ഇംഗ്ലീഷ് കവിതകളും ചൊല്ലിക്കും. ഉച്ചാരണ പിശകിന് അവിടെ സ്ഥാനമില്ല. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് സായ് വളർന്നത്.
Also Read: ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതും സായ് റേഡിയോയിൽ ജോലി ചെയ്യാൻ തുടങ്ങി. ഈ റേഡിയോയിലെ തിയേറ്റർ ഗ്രൂപ്പുകളുടെ പെർഫോർമെൻസുകൾ കണ്ടാണ് സായ്ക്ക് രണ്ട് താൽപ്പര്യങ്ങൾ ഉണ്ടാകുന്നത്. ഒന്ന് കുട്ടികൾ. രണ്ട് നാടകം. സായ് പതിയെ കുട്ടികളുടെ നാടകങ്ങൾ ചെയ്യാൻ ആരംഭിച്ചു. അതിന്റെ പ്രശസ്തി എത്രയായിരുന്നു എന്ന് അറിയണമെങ്കിൽ ആ നാടകങ്ങളുടെ ഒരു ആരാധകന്റെ പേര് കേട്ടാൽ മതിയാകും- പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു. ഇവിടെ നിന്നാണ് സായ് എൻഎസ്ഡിയിൽ എത്തുന്നതും ഇബ്രാഹിം അൽക്കാസിയെ പരിചയപ്പെടുന്നതും. താൻ കൈകാര്യം ചെയ്യുന്ന മാധ്യമത്തിൽ, വിഷയത്തിലുള്ള ആധികാരികതയെപ്പറ്റി സായ് ചിന്തിച്ചു തുടങ്ങുന്നത് അൽക്കാസിയുടെ ശിക്ഷണത്തിലാണ്. ഇവിടെ നിന്നും എഫ്ടിഐഐയിലേക്കും പിന്നീട് സിനിമാ മേഖലയിലേക്കും എത്തുന്ന സായിയുടെ ഓരോ വർക്കുകളിലും ഒരു കാര്യം എടുത്ത് കാണാം. വ്യക്തത. താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന തെളിഞ്ഞ ചിന്തയുള്ള സംവിധായകയാണ് സായ് പരാഞ്പെ.
എല്ലാക്കാലവും കൊമേഷ്യൽ സിനിമ സായിയെ സംശയദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. കാരണം ആ കാലത്ത് ബോളിവുഡ് മെയിൻസ്ട്രീം സിനിമയ്ക്ക് ഒരു ടെംപ്ലേറ്റുണ്ടായിരുന്നു. അതിമാനുഷനായ, തൊട്ടാൽ പൊള്ളുന്ന നായകനും ഇതൊക്കെ കണ്ട് കണ്ണും തള്ളി പ്രേമിക്കുന്ന നായികയും. അല്ലെങ്കിൽ ഗാലിബിനെ വെല്ലുന്ന ഷായരികൾ നാവിൽ വരുന്ന നായകനും കണ്ണുമടച്ച് പ്രേമിക്കുന്ന നായികയും. ശ്യാം ബെനഗൽ, ബസു ചാറ്റർജി, കൽപ്പന ലജ്മി എന്നിങ്ങനെ പല നവ തരംഗ സംവിധായകരും ഇതിന് പുറത്ത് സിനിമകൾ ചെയ്തിരുന്നു. ഈ സിനിമകൾ സാധാരണക്കാരെ അവതരിപ്പിക്കുമ്പോഴും അവർക്കത് മനസിലാക്കാൻ അൽപ്പം പ്രയാസമായിരുന്നു. നായകനും വില്ലനും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ഈ സിനിമകൾ പറഞ്ഞില്ല. വില്ലനെ ക്ലൈമാക്സിൽ ശിക്ഷിക്കുന്നില്ല. റിയാലിറ്റിയിൽ കുടുങ്ങിക്കിടക്കാനാണെങ്കിൽ എന്തിന് സിനിമ കാണണം എന്നവർക്ക് തോന്നിയിരുന്നു. അവിടെയാണ് സായ് പരാഞ്പെയുടെ എൻട്രി. ടെംപ്ലേറ്റുകൾക്ക് പുറത്തായിരുന്നു സായ് പരാഞ്പെയുടെ കഥയും കഥാപാത്രങ്ങളും. മാത്രമല്ല, ബോളിവുഡ് വാർപ്പുമാതൃകകളുടെ ചില സവിശേഷതകൾ ഉപയോഗിച്ച് അവയെ നിരന്തരം അപനിർമിക്കുകയും ചെയ്തു.
Also Read: ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്
1980ലാണ് സായ് പരാഞ്പെയുടെ ആദ്യ ചിത്രം 'സ്പർശ്' ഇറങ്ങുന്നത്. നസ്റുദ്ദീൻ ഷായുടെ അന്ധനായ കഥാപാത്രവും നായികയായ ഷബാന ആസ്മിയും തമ്മിലുള്ള പ്രണയമാണ് കഥ. കാഴ്ച, കാഴ്ചയില്ലായ്മ എന്നിവയ്ക്ക് ഇടയിലെ ലോകത്തിലൂടെയാണ് സിനിമ സഞ്ചിരിക്കുന്നത്. അന്ധതയെ കേവലം സഹതാപത്തോടെ നോക്കി കാണുന്ന 'കണ്ണുള്ളവന്റെ മനോഗതിയെ' സിനിമ ചോദ്യം ചെയ്യുന്നു. ഒപ്പം ഇതുവരെ സിനിമാക്കാർ നമ്മളെ കാണിച്ച കാഴ്ചകളേയും. നായകന്റെ നോട്ടത്തെ പിന്തുടർന്നുകൊണ്ടിരുന്ന സബ്ജക്ടീവ് ക്യാമറ മൂവിമെന്റ്സാണ് അതുവരെ കാണികൾ കണ്ടിരുന്നതെങ്കിൽ സ്പർശിൽ പിന്തുടരുന്നത് ശബ്ദത്തെയാണ്. ഇതുവഴി മറുവശത്ത് നായികയുടെ നോട്ടത്തിനും വികാരങ്ങൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ആൺനോട്ടത്തെ തന്നെ ലിറ്ററലി ഇല്ലാതാക്കുകയായിരുന്നു സായ്. പൊതുവെ സ്ത്രീ സൗന്ദര്യം എന്ന നിലയിൽ നായികയുടെ ആപാദചൂഢം ക്യാമറ ചലിപ്പിക്കുന്ന രീതിയെയും എസ്തെറ്റിക്കലി സിനിമ പരിഹസിക്കുന്നത് കാണാം. ഒരു സീനിൽ ക്ലോസപ്പിൽ ഷബാനയുടെ മുഖം കാണിക്കുന്നു. നായകൻ എന്തുകൊണ്ട് അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നിടത്ത് ആ ഷോട്ടിൽ നിന്ന് കട്ട് ചെയ്ത് മാറുന്നു. കാരണം അവൾ അവന് ഗന്ധവും സ്പർശവും ശബ്ദവുമാണ്. അതിനെല്ലാം ഉപരി പങ്കാളിയാണ്. കാഴ്ചവസ്തുവല്ല എന്ന് അർഥം.
ചശ്മെ ബദ്ദൂറിൽ, ഞാൻ ഇതുവരെ കണ്ടതല്ല കാണാൻ പോകുന്നതെന്ന്, സിനിമയുടെ ക്രെഡിറ്റ്സ് എഴുതിക്കാണിക്കുന്ന നിമിഷം പ്രേക്ഷകന് മനസിലാകുന്നു. ഗാന്ധി, റസൽ, വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങളുടെ മാഗസിൻ കട്ടിങ്ങുകളാണ് ആദ്യം കാണുക. പിന്നെ ഇത് മാറി അവിടെ ബിക്കിനി മോഡലുകൾ വരും. ഏറ്റവും ഒടുവിൽ ഡയറക്ടറുടെ പേരിനൊപ്പം ഉയർന്നുവരുന്ന ആൺകൈകൾ തട്ടിമാറ്റി സായ് പരാഞ്പെയുടെ കൈകൾ പ്രത്യക്ഷപ്പെടും. ഇതിന്റെ ഉടമ ഞാനാണെന്ന് സ്ഥാപിക്കുന്നത് പോലെ. ഒരു സോഷ്യൽ കമന്ററി എന്നപോലത്തന്നെ ഒരു കോമിക് കൂടിയാണ് ഈ ചിത്രം. മലയാളികൾ ഇൻ ഹരിഹർ നഗർ പോലുളള സിനിമകളിൽ കണ്ടിട്ടുള്ള കഥ തന്നെയാണ് സിനിമയുടേത്. മൂന്ന് ബാച്ചിലേഴ്സ്. അവരുടെ അയലത്തേക്ക് ഒരു പെൺകുട്ടി താമസം മാറി വരുന്നു. ഈ പെൺകുട്ടിയുടെ പുറകെ ഇവർ കൂടുന്നു. ഇതിൽ ഒരാളുമായി അവൾ പ്രണയത്തിലാകുന്നു. കേൾക്കുമ്പോൾ തന്നെ പ്രേക്ഷകന് പത്ത് സീൻ സ്വയം എഴുതാൻ പറ്റും. ആ പത്തല്ല നിങ്ങൾ നാണിച്ച് എഴുതാൻ മടിക്കുന്ന ബാക്കി 40 ക്രിഞ്ച് സീനുകളും സിനിമയിലുണ്ട്. പക്ഷേ ചെറിയ ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം. പൂന്തോട്ടത്തിലെ മരം ചുറ്റി പ്രേമത്തെയും, സ്റ്റോക്കിങ്ങിനെയും, ഹിന്ദി ചേസിങ് സീനുകളെയും ഒരു ധാക്ഷണ്യവുമില്ലാതെ കടന്നാക്രമിക്കുന്നുണ്ട് സായ്. സലീമിന്റെയും അനാർക്കലിയുടെയും വേഷത്തിലുള്ള പാട്ടിനിടയിൽ രണ്ട് പൂവുകൾ കാണിക്കും എന്ന് കരുതുന്നിടത്ത് നമ്മൾ കാണുന്നത് പോത്തുകൾ വെള്ളത്തിൽ ആറാടുന്നതാണ്. ഷോലെയിലെ ഓപ്പണിങ് ചേസിങ് സീനിൽ തുടങ്ങിയ 'ചേസിങ് പനിക്ക്' കളിപ്പാട്ട തോക്കും, ബച്ചാവോ എന്ന അലമുറയിടുന്ന നായികയെയും കാട്ടിയാണ് സായ് മറുമരുന്ന് കൊടുക്കുന്നത്. ഇതൊക്കെ കാരണമാണ് ഒരു കൾട്ട് ക്ലാസിക്കായി ഈ സിനിമ ഇന്നും നിലനിൽക്കുന്നത്.
Also Read: മാർട്ടിൻ സ്കോസെസി: മോഡേൺ ഗ്യാങ്സ്റ്റർ സിനിമയുടെ അപ്പോസ്തലന്‍
'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രം നമ്മുടെ എല്ലാം നൊസ്റ്റാൾജിയയുടെ ഭാഗമാണ്. മോഹൻലാലിന്റെ മുകുന്ദൻ കെ. കർത്തയും ശ്രീനിവാസന്റെ വിശ്വനാഥും രഞ്ജിനിയുടെ സുമിത്രയും മലയാളിയുടെ ഓർമകളിൽ ഓടിക്കളിക്കുന്ന പ്രിയദർശൻ കോമിക് സ്ട്രിപ്പുകളാണ്. എന്നാൽ ഇത് ഒരു ഫസ്റ്റ് കോപ്പിയാണെന്ന് (ഇൻസ്പിറേഷൻ) പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതേ. സായ് പരാഞ്പെയുടെ കഥയാണ് പ്രിയദർശൻ മുംബൈയിലിട്ട് മലയാളീകരിച്ചത്. ഒരു ആധുനിക സമൂഹത്തിൽ ഇമേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് സായ് തന്റെ ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്. അതിന്റെ കഥ വന്നതോ ആമയും മുയലും കഥയിൽ നിന്നും. ഞാൻ ഇവിടെയുണ്ടെന്ന് കാണിക്കാൻ കഷ്ടപ്പെടുന്ന നായകൻ സ്വയം അഡ്വർട്ടൈസ് ചെയ്താൽ മാത്രം ലഭിക്കുന്ന പുതിയകാല ദൃശ്യതയെയാണ് സൂചിപ്പിക്കുന്നത്. പ്രിയദർശൻ സിനിമയിൽ വിശ്വനാഥ്-സുമിത്ര ബന്ധം കുടുംബത്തിന്റെ ആർത്തിയിൽ നിന്നുണ്ടാകുന്ന ബന്ധമാണെങ്കിൽ സായിയുടെ സുമിത്രയും- വിശ്വനാഥും ആ വിശുദ്ധ കനി ഭക്ഷിക്കുക തന്നെ ചെയ്തു. അത് ക്ലൈമാക്സിനോട് അടുത്ത് നായിക തന്നെ നായകനോട് പറയുന്നുമുണ്ട്. നായികയ്ക്ക് മറ്റൊരാളെ അതും പ്രതിനായകനുമായി ശരിക്കും പ്രേമം തോന്നിക്കൂടാ അല്ലെങ്കിൽ അവർ തമ്മിൽ ബന്ധപ്പെട്ടുകൂടാ എന്ന് ആര് പറഞ്ഞു? പറഞ്ഞതാരാണെങ്കിലും അവർ സായ് പരാഞ്പെയുടെ കണ്ണിൽപ്പെടെണ്ട!
നിങ്ങൾക്ക് വേണമെങ്കിൽ സായ് പരാഞ്പെയെ ഒരു വനിതാ സംവിധായക എന്ന ലേബൽ കൊടുത്ത് ഒരു കള്ളിയിൽ നിർത്താം. പക്ഷേ അതിൽ അവർ ഒതുങ്ങും എന്നത് വെറും വ്യാമോഹം മാത്രമായിരിക്കും. ആഘോഷിക്കപ്പെടുന്ന സംവിധായകരുടെ നിരയിൽ നിന്നും സായിയുടെ പേര് ബോധപൂർവമോ അല്ലാതെയോ ഒഴിവാക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. അവർ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നിങ്ങളുടെ ആർട്ടിലെ, ആർട്ടില്ലായ്മയെ തന്റെ സിനിമയിലേക്ക് സംയോജിപ്പിക്കുന്നു. അതിൽ അസ്വസ്ഥത തോന്നുക സ്വാഭാവികം. പക്ഷേ ഒന്നാലോചിച്ചു നോക്കു 'ഇത് താനല്ലിയോ അത്' എന്ന് തോന്നുന്നതിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് നിങ്ങളുടെ ഉള്ളിൽ ഒരു കുഞ്ചൻ നമ്പ്യാർ സ്റ്റൈൽ ചിരി വരുന്നില്ലേ. ആ ചിരിയിലൂടെ ആത്മവിമർശനത്തിലേക്ക് കടക്കാമെങ്കിൽ നിങ്ങൾക്ക് മനോഹരമായ സിനിമാസ്വാദകരാകാം. സായ് ഒരു ഡയറക്ടറും എഴുത്തുകാരിയും മാത്രമല്ല വിമർശകയും കൂടിയാണ്. വെറും വിമർശക അല്ല. വിമർശകരുടെ വിമർശകരുടെ വിമർശക.