fbwpx
ആളൊരുങ്ങി, അരങ്ങൊരുങ്ങി; 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Jan, 2025 09:29 AM

ചൂരല്‍മല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ സംഘനൃത്തവും ഉദ്ഘാടന പിരിപാടിയുടെ ഭാ​ഗമായി നടക്കും

KERALA


കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് ഇന്ന് തലസ്ഥാനത്ത് അരങ്ങുണരും. 63-ാമത് സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടി. 44 വിദ്യാർഥികൾ പങ്കെടുക്കുന്ന നൃത്തശിൽപ്പത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ചൂരല്‍മല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർഥികളുടെ സംഘനൃത്തവും ഉദ്ഘാടന പരിപാടിയുടെ ഭാ​ഗമായി നടക്കും.



രാവിലെ ഒന്‍പത് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. ഉദ്ഘാടന ശേഷം ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം ഒന്നാം വേദിയിൽ നടക്കും. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതിനോടനുബന്ധിച്ചാകും നടക്കുക. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം എന്നിവയാണ് ഉൾപ്പെടുത്തിയത്.


Also Read: സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ്ണക്കപ്പിന്റെ ഡിസൈനറെ നേരിൽ കണ്ട് ക്ഷണിച്ച് മന്ത്രി



മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണ സാംസ്കാരിക സ്‌കോളർഷിപ്പ് ആയി 1000 രൂപ നൽകുമെന്നതാണ് ഇത്തവണ കലോത്സവത്തിലെ മുഖ്യ ആകർഷണം. കലോത്സവം ഹൈടെക്ക് ആക്കാൻ മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ മുഴുവൻ പ്രക്രിയകളും ഓൺലൈൻ വഴിയാകും. വേദികളിലും ഓഫീസുകളിലും വേഗത്തിൽ എത്താൻ ഡിജിറ്റൽ മാപ്പും മൊബൈൽ ആപ്പിൽ ഉണ്ടാകും.



25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പതിനൊന്നായിരത്തോളം പ്രതിഭകളാണ് അഞ്ച് ദിവസം നീണ്ട മേളയില്‍ മാറ്റുരയ്ക്കുക. 10,024 കുട്ടികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപ്പീലുകൾ കൂടി പരി​ഗണിക്കുമ്പോൾ ഈ സംഖ്യ ഇനിയും വർധിക്കുമെന്നാണ് കലോത്സവം രജിസ്‌ട്രേഷനും വളണ്ടിയര്‍ പരിശീലനവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.


Also Read: 'കുട്ടികളുടെ പുകവലി നല്ല ശീലമല്ല; എക്‌സൈസ് അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല'; സജി ചെറിയാന് എം.ബി. രാജേഷിന്റെ മറുപടി


എൻഎസ്എസ്, എൻസിസി ഉൾപ്പടെ 5,000 ത്തോളം വളണ്ടിയര്‍മാരെയാണ് കലോത്സവത്തിന്റെ സു​ഗമമായ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഇത്തവണ എല്ലാ വളണ്ടിയര്‍മാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാകും. അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘവും സജ്ജമാണ്. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകും. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ് / ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരുണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരാണുള്ളത്.


സ്കൂൾ കലോത്സവത്തിൻ്റെ പാചകപ്പുരയും സജീവമായിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്. 20 വരികളിലായി ഒരേ സമയം 4000 പേർക്ക് ഭക്ഷണം വിളമ്പുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. കഴിഞ്ഞ ദിവസം രാത്രി 3000 ത്തോളം പേർക്കാണ് പാചകപ്പുരയിൽ അത്താഴമൊരുക്കിയത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ അടക്കം സംഭാവന ചെയ്ത വിഭവങ്ങളാണ് കലവറയുടെ മുതൽക്കൂട്ട്.

WORLD
ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2025: ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല; പ്രതീക്ഷ കൈവിടാതെ രാജ്യം
Also Read
user
Share This

Popular

NATIONAL
WORLD
ഇന്ത്യയിൽ ആദ്യ HMPV കേസ്; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചു