രാജ്യസഭ എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിന് ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
വിഴിഞ്ഞത്തെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ കേരളത്തിന് ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേരളം വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന് കേന്ദ്ര തുറമുഖമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണ്. തൂത്തുക്കുടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭ എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിന് ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്നതായിരുന്നു കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച മാനദണ്ഡം. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഫണ്ട് വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന പൊതു നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം ഒറ്റത്തവണ ഗ്രാന്റായാണ്. അത് വായ്പയായി പരിഗണിക്കേണ്ടതല്ല. കേന്ദ്രം വിഴിഞ്ഞത്തിന് നല്‍കിയ തുക സംസ്ഥാനത്തിന് നല്‍കിയ വാായ്പയായി വ്യാഖാനിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറ്റി. ഗ്രാന്റ് തിരിച്ചടയ്ക്കണമെന്ന നിബന്ധനയില്ല. വിഴിഞ്ഞത്തിന് മാത്രമാണ് ഈ വിചിത്ര നയമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.