വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടൻ്റെ പേര് വെളിപ്പെടുത്തേണ്ടി വന്നത്
ജയസൂര്യയ്ക്കെതിരെ ഉന്നയിച്ച പീഡനപരാതിയിൽ കേസുമായി മുൻപോട്ട് പോകുമെന്ന് ആരോപണമുന്നയിച്ച നടി. ജയസൂര്യയുടെ വിശദീകരണം വന്നതിനുശേഷം ആണ് നടിയുടെ പ്രതികരണം. ആരോപണം വ്യാജമെന്ന് ജയസൂര്യ തെളിയിക്കട്ടെയെന്നും പരാതിക്കാരി പറഞ്ഞു. കോടതിയിലും സർക്കാരിലും പൂർണ്ണ വിശ്വാസം .വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടൻ്റെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. ജയസൂര്യ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും പരാതിക്കരി വ്യക്തമാക്കി.
തനിക്ക് നേരെ ഉയർന്നത് വ്യാജ പീഡന ആരോപണങ്ങളെന്നായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം. പീഡനം പോലെത്തന്നെ വേദനാജനകമാണ് വ്യാജ പീഡനരോപണം നേരിടേണ്ടി വരുന്നത്. സത്യം ചെരുപ്പു ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ എന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. വ്യാജ ആരോപണങ്ങളിൽ നിയമപേരാട്ടം നടത്തുമെന്നും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നും ജയസൂര്യ പറഞ്ഞു.
ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ രണ്ടുകേസുകളാണ് നടനെതിരെയുള്ളത്. സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്. തൊടുപുഴയിൽ ഷൂട്ടിങ്ങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കരമന പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ALSO READ: മുകേഷിനെതിരെ തൃശൂരിലും ലൈംഗിക അതിക്രമ കേസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, മലയാള സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങളാണ് പലരും തുറന്നുപറയുന്നത്. ഇതോടെ, മലയാള സിനിമയില്‍ സ്ത്രീകള്‍ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന കാലങ്ങളായുള്ള ആരോപണങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തതയുണ്ടായിക്കൊണ്ടിരിക്കുന്നത്.