താൽക്കാലിക ജനറൽ സെക്രട്ടറിയെ നിയമിക്കണമോ എന്ന കാര്യം നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും
സിപിഎം പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു. അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം താൽക്കാലിക ജനറൽ സെക്രട്ടറിയെ നിയമിക്കണമോ എന്ന കാര്യം നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉന്നയിക്കും.
Also Read: സീതാറാം യെച്ചൂരി: ഇന്ത്യയുടെ മെയിന്‍സ്ട്രീം- ലിബറല്‍- റാഡിക്കല്‍ കമ്യൂണിസ്റ്റ്
പാർട്ടി ഭരണഘടനയിൽ താൽക്കാലിക ചുമതല നൽക്കുന്നത് അനുവദിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി കോൺഗ്രസിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം ജനറൽ സെക്രട്ടറി ചുമതലകൾ നിർവഹിക്കുക എന്ന നിർദ്ദേശം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്നലെ ഉയർന്നിരുന്നു.
എന്നാൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ജനറൽ സെക്രട്ടറി ചുമതല താൽക്കാലികമായി നൽകണമെന്നും അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കുക.
സെപ്റ്റംബർ 12ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു സീതാറാം യെച്ചൂരി അന്തരിച്ചത്. 2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു സീതാറാം യെച്ചൂരി. യുപിഎ, ഇന്ത്യ സഖ്യങ്ങളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചത് സീതാറാം യെച്ചൂരിയായിരുന്നു.