2017ലാണ് ദക്ഷിണ കൊറിയ ജനാധിപത്യമാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ ആദ്യമായി അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത്.
ആവശ്യം വന്നാല്‍, അവര്‍ക്കുനേരെയും വെടിയുതിര്‍ക്കൂ.... ജനാധിപത്യത്തിലെ ഒരു ഭരണാധികാരി സൈന്യത്തോട് വിളിച്ചുപറഞ്ഞ വാക്കുകള്‍. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയിരുന്ന യൂന്‍ സുക് യോള്‍ ആണ് സൈനിക നിയമംകൊണ്ട് ജനാധിപത്യത്തെ വരുതിയിലാക്കാമെന്ന് വ്യാമോഹിച്ചത്. പക്ഷേ, ഭരണസംവിധാനവും ജുഡീഷ്യറിയും ചേര്‍ന്ന് ആക്ഷനെടുത്തതോടെ, യൂന്‍ പുറത്തായി. 2017ലാണ് ദക്ഷിണ കൊറിയ ജനാധിപത്യമാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ ആദ്യമായി അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായിരുന്ന പാർക് ഗ്യൂൻ ഹൈ ആണ് അന്ന് ഇംപീച്ച്മെന്റില്‍ പുറത്തായത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, യൂന്‍ പുറത്താകുമ്പോള്‍, ദക്ഷിണ കൊറിയ പറയുന്നത് ജനാധിപത്യത്തിന്റെ പുതിയ പാഠം തന്നെയാണ്.
കഴിഞ്ഞ ഡിസംബര്‍ മൂന്നിന് അര്‍ധരാത്രിയോടെയാണ് ഭരണപക്ഷമായ പീപ്പിള്‍സ് പവർ പാർട്ടിയെപ്പോലും ഞെട്ടിച്ചുകൊണ്ട് യൂന്‍ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചത്. ജനാധിപത്യ ഭരണത്തെ അട്ടിമറിക്കാൻ ഉത്തര കൊറിയ ഗൂഢാലോചന നടത്തുന്നു എന്നതായിരുന്നു യൂനിന്റെ ന്യായീകരണം. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്കും യൂന്‍ വിരല്‍ചൂണ്ടി. കാരണങ്ങളൊന്നുമില്ലാതെ അവര്‍ ഭരണത്തിന് തടസം സൃഷ്ടിക്കുന്നു എന്നായിരുന്നു ആരോപണം. ദേശവിരുദ്ധ ശക്തികളെയും ഉത്തരകൊറിയന്‍ ചാരന്മാരെയും അടിച്ചമർത്താനുള്ള അവസാനവഴിയെന്നായിരുന്നു നടപടിയെ യൂന്‍ വിശേഷിപ്പിച്ചത്. 1980കള്‍ക്കുശേഷം ദക്ഷിണ കൊറിയ വീണ്ടും പട്ടാളഭരണത്തിനു കീഴിലായി. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് വന്നു, ആള്‍ക്കൂട്ട സമ്മേളനങ്ങള്‍ നിരോധിക്കപ്പെട്ടു, എതിര്‍ക്കുന്നവര്‍ അറസ്റ്റിലുമായി.
എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി. തെരുവുകള്‍ കയ്യടക്കിയ ടാങ്കറുകളെയും, തോക്കേന്തിയ സൈനികരെയും വകവയ്ക്കാതെ ജനം സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി. അതോടെ, സ്വന്തം പാർട്ടി നേതാക്കളുടെ പോലും പിന്തുണയില്ലാതെ യൂന്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനുമൊപ്പം ഭരണകക്ഷിയും കൈകോര്‍ത്തു. ഏകമണ്ഡല നിയമനിര്‍മാണ സഭയായ നാഷണല്‍ അസംബ്ലി വളഞ്ഞ സൈനികസംഘത്തെ മറികടന്ന് അകത്തുപ്രവേശിച്ച അംഗങ്ങള്‍ പട്ടാളനിയമം റദ്ദാക്കാന്‍ വോട്ട് ചെയ്തു. പ്രഖ്യാപിച്ച് ആറ് മണിക്കൂറിനിപ്പുറം പട്ടാള നിയമം പിന്‍വലിച്ചു. എന്നിട്ടും യൂനിനെതിരായ നടപടികളില്‍നിന്ന് പ്രതിപക്ഷം പിന്‍മാറിയില്ല. ദേശവിരുദ്ധപ്രവർത്തനവും കലാപാഹ്വാനവും ആരോപിച്ച് ഡിസംബർ ഏഴിന് ഡെമോക്രാറ്റിക് പാർട്ടി യൂനിനെതിരെ ആദ്യ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. പട്ടാളനിയമത്തെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ തള്ളിയതോടെയാണ് യൂന്‍ ഇംപീച്ച്മെന്റ് നേരിടേണ്ടിവന്നത്. പ്രമേയം പാസാകാന്‍ ഭരണകക്ഷിയുടെ എട്ട് വോട്ടുകള്‍ പ്രതിപക്ഷത്തിന് വേണ്ടിയിരുന്നു. യൂനിന്‍റെ പീപ്പിള്‍സ് പവർ പാർട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. ഡിസംബർ 14ന് പ്രതിപക്ഷം വീണ്ടും പ്രമേയം കൊണ്ടുവന്നു. ഇക്കുറി പീപ്പിള്‍സ് പവറിന്‍റെ എംപിമാരും അനുകൂലിച്ച് വോട്ടുചെയ്തതോടെ യൂന്‍ ഇംപീച്ച് ചെയ്യപ്പെട്ടു.
ഭരണവിരുദ്ധ വികാരത്തെയും, പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപങ്ങളെയും പ്രതിരോധിക്കുക മാത്രമായിരുന്നില്ല യൂനിന്റെ ലക്ഷ്യം. രാജ്യത്തെ ഭരണ സംവിധാനത്തെയാകെ തകിടം മറിക്കാനാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഹാൻ ഡോക് സൂ അറിയാതെ, പ്രതിരോധമന്ത്രി കിം യോങ് യാനെയെ കൂട്ടുപിടിച്ചായിരുന്നു യൂനിന്റെ നടപടി. അറസ്റ്റ് ചെയ്യപ്പെടേണ്ടവരുടെ പട്ടികയും, റെയ്ഡ് നടത്തേണ്ടതിന്റെ വിവരങ്ങളും ഉള്‍പ്പെടെ പിന്നീട് പുറത്തുവന്നപ്പോഴാണ്, എത്രത്തോളം അപകടം നിറഞ്ഞതായിരുന്നു യൂനിന്റെ പദ്ധതിയെന്ന് രാജ്യം അറിഞ്ഞത്. പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഭരണകക്ഷി അംഗങ്ങളും, തെരഞ്ഞെടുപ്പ് കമ്മീഷനും, ജുഡീഷ്യറി ഉദ്യോഗസ്ഥരുമൊക്കെ ശത്രുപ്പട്ടികയിലുണ്ടായിരുന്നു. രാജ്യത്തെ മൊത്തം ഭരണസംവിധാനത്തെ തൂത്തെറിയുകയായിരുന്നു യൂനിന്റെ ലക്ഷ്യം. പ്രാതിനിധ്യ ആനുപാതിക വോട്ടെടുപ്പും, പ്രിഫറന്‍സ് വോട്ടുകളുമൊക്കെ ചേര്‍ന്നുള്ള വോട്ടെടുപ്പാണ് ദക്ഷിണ കൊറിയയുടെ ഏക മണ്ഡല സഭയായ നാഷണല്‍ അസംബ്ലിയെ നിശ്ചയിക്കുന്നത്. 300 അംഗ സഭയില്‍ യൂനിനും പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്കും 108 അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 192 അംഗങ്ങളുമുണ്ട്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് നാഷണല്‍ അസംബ്ലിയുടെ അംഗീകാരം ആവശ്യമായിരിക്കെ, അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ സഭയില്‍ യൂനിനെതിരായ വികാരം വളര്‍ത്തിയിരുന്നു. സഭ എപ്പോള്‍ വേണമെങ്കിലും തനിക്കെതിരെ വിധിയെഴുതുമെന്ന ബോധ്യം തന്നെയായിരുന്നു യൂനിനെ കൈവിട്ട കളിക്ക് പ്രേരിപ്പിച്ചത്.
ജനുവരിയില്‍ കലാപക്കുറ്റം ചുമത്തി യൂനിനെ അറസ്റ്റുചെയ്തു. എന്നാല്‍, സിയോൾ ജില്ലാ കോടതി അറസ്റ്റ് റദ്ദാക്കി മാർച്ച് എട്ടിന് യൂനിനെ ജയില്‍ മോചിതനാക്കി. പാർലമെന്റില്‍നിന്ന് യൂന്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇംപീച്ച്മെന്റില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് അവസാനവാക്ക്. എട്ട് അംഗങ്ങളുള്ള ബെഞ്ചില്‍ ആറ് പേരെങ്കിലും അനുകൂലിക്കണമെന്നു മാത്രം. പാര്‍ലമെന്റ് പാസാക്കിയ ഇംപീച്ച്മെന്റ് നടപടി 2025 ഏപ്രില്‍ നാലിന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന ശരിവച്ചു. എത്രയും വേഗം പദവിയൊഴിയണമെന്നായിരുന്നു കോടതി വിധി. ഗുരുതരമായ ദേശീയ പ്രതിസന്ധി ഇല്ലാതിരിക്കെ, പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ബെഞ്ച് കണ്ടെത്തി. യൂന്‍ പറയുന്ന കാരണങ്ങള്‍ ഒരിക്കലും നിതീകരിക്കാനാകില്ല. പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും, സേനാ മേധാവി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും ആക്ടിങ് ഹെഡ് ജഡ്ജ് മൂണ്‍ ഹ്യൂങ് ബേ വ്യക്തമാക്കി.
ജനാധിപത്യത്തില്‍ ദക്ഷിണ കൊറിയ ചരിത്രമെഴുതുന്നത് ആദ്യമല്ല. 2013ല്‍ രാജ്യം ആദ്യത്തെ വനിത പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരുന്നു. ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് പാർക് ച്യുൻ ഹീയുടെ മകള്‍ പാർക് ഗ്യൂൻ ഹൈ ആയിരുന്നു ആ ചരിത്രവനിത. പൂര്‍വേഷ്യന്‍ രാജ്യത്തെ നയിക്കാന്‍ ഒരു വനിതാ നേതാവ് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. പക്ഷേ, നാല് വര്‍ഷം പിന്നിടുമ്പോഴേക്കും സ്വജനപക്ഷപാതവും, അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയുംകൊണ്ട് പാര്‍ക് ചീത്തപ്പേര് സമ്പാദിച്ചിരുന്നു. സുഹൃത്തായ ചോയി സൂൻ സില്ലുമായി ചേർന്ന് രാജ്യത്തെ പ്രധാന വ്യവസായികളിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയെന്നും, പ്രത്യുപകാരമായി വഴിവിട്ട സഹായങ്ങൾ ചെയ്തു നല്കിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നു. പാര്‍ക്കിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സഭ പാസാക്കി. ആ വിധിയെഴുത്തിനെ ഭരണഘടനാ ബെഞ്ച് കൂടി ശരിവെച്ചതോടെ, 2017ല്‍ പാര്‍ക്ക് പുറത്തായി. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്നശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അധികാരം വിട്ടൊഴിയേണ്ടിവന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരും അതോടെ, പാര്‍ക്ക് സ്വന്തമാക്കി.
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, യൂന്‍ പുറത്താകുമ്പോള്‍, ദക്ഷിണ കൊറിയ പറയുന്നത് ജനാധിപത്യത്തിന്റെ പുതിയ പാഠം തന്നെയാണ്. 1961 മുതൽ 1987 വരെ രാജ്യം സൈനിക സ്വേച്ഛാധിപതികളാലാണ് ഭരിക്കപ്പെട്ടത്. കാലങ്ങളോളം സൈനിക ഭരണത്തില്‍ കഴിഞ്ഞതിന്റെ ചരിത്രം അറിയാവുന്ന തലമുറ പുലര്‍ത്തുന്ന ജനാധിപത്യ ബോധമാണ് ഇവിടെ പ്രകടമാകുന്നത്. ജനാധിപത്യ വഴിയില്‍ സഞ്ചരിച്ചു തുടങ്ങിയവര്‍, പട്ടാള ഭരണത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം. ജനഹിതം നേടി ഭരണത്തിലേറുന്നവര്‍ പിന്നീട് ഏകാധിപത്യ പ്രവണതകള്‍ പിന്തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ സൃഷ്ടിക്കുന്നൊരു കാലത്താണ്, ദക്ഷിണ കൊറിയ ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കുന്നത്.