ലോക സഭ തെരഞ്ഞെടുപ്പിൽ സി പി ഐഎമ്മിനുണ്ടായ കനത്ത പരാജയം നേതൃ യോഗങ്ങളിൽ വിശകലനം ചെയ്യും
സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ മൂന്നുദിവസം സംസ്ഥാന സെക്രട്ടറിയേറ്റും ബുധൻ വ്യാഴം ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. ലോക സഭ തെരഞ്ഞെടുപ്പിൽ സി പി ഐഎമ്മിനുണ്ടായ കനത്ത പരാജയം യോഗങ്ങളിൽ വിശകലനം ചെയ്യും. കെ. രാധാകൃഷ്ണനു പകരം പുതിയ മന്ത്രിയെ തീരുമാനിക്കുന്നത് അടക്കമുള്ള ചർച്ചകളും നേതൃയോഗത്തിലുണ്ടാകും.
ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് പാർട്ടിയുടെ കീഴ് ഘടകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകൾ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറിക്ക് ലഭ്യമായ വിശദ റിപ്പോർട്ടിൻ്റെ ചർച്ചയും യോഗത്തിൽ നടക്കും. പിഴവുകൾ പരിശോധിച്ച് തിരുത്തുമെന്ന് കഴിഞ്ഞദിവസം എം. വി ഗോവിന്ദൻ മലപ്പുറത്ത് സെമിനാറിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉണ്ടാകുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ കാര്യമായ മാറ്റങ്ങൾക്ക് സിപിഐഎം തയ്യാറായേക്കും. മന്ത്രിസഭയിലെ അഴിച്ചുപണിയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നാണ് സൂചന.