fbwpx
വൈദ്യുതി നിരക്ക് വർധന കമ്മീഷനെക്കൊണ്ട് അംഗീകരിപ്പിച്ചത് സർക്കാർ, ബന്ധപ്പെട്ട എല്ലാ രേഖകളും കൈയ്യിലുണ്ട്: രമേശ് ചെന്നിത്തല
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Dec, 2024 11:51 AM

ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് 7500 കോടിയുടെ അധികഭാരമാണെന്നും ചെന്നിത്തല ആരോപിച്ചു

KERALA


വൈദ്യുതി നിരക്ക് വർധന സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് 7500 കോടിയുടെ അധിക ഭാരമാണെന്നും ചെന്നിത്തല ആരോപിച്ചു. വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല വൈദ്യുതി ബോർഡിനെ കടക്കെണിയിലാക്കി സ്വകാര്യവല്‍ക്കരിക്കാൻ നീക്കമുണ്ടെന്ന സംശയവും ഉന്നയിച്ചു. കമ്മീഷനെക്കൊണ്ട് സർക്കാരാണ് വൈദ്യുതി നിരക്ക് വർധന അംഗീകരിപ്പിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈയ്യിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


ആര്യാടൻ മുഹമ്മദിൻ്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കി. കുറഞ്ഞ വിലയ്ക്ക് 465 മെഗാ വാട്ട് വൈദ്യുതി ലഭ്യമാകുന്ന കാരാറാണ് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത്. എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വിൽസൺ അടക്കമുള്ളവരാണ് ഈ റെഗുലേറ്ററി കമ്മീഷനിലെ അംഗങ്ങൾ. ഇതിനു പിന്നിൽ സർക്കാരിന്‍റെ കള്ളക്കളിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഭരണക്കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ നടപടി ആരും ചെയ്യാത്ത പാതകമാണ്. 25 വർഷത്തെ നാല് കരാറുകളാണ് സർക്കാർ നിർത്തലാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.


കേരളത്തിൻ്റെ പവർ പർച്ചേസ് ചിത്രത്തിൽ അദാനിയെ കൊണ്ടു വരാനാണ് സർക്കാർ നീക്കമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. "അദാനിയാണ് ഏറ്റവും വലിയ ഉപഭോക്താവ്. അദാനിയിൽ നിന്ന് നാല് കരാർ വഴി സർക്കാർ വൈദ്യുതി വാങ്ങുന്നു. ഇതിനായി 2040 വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാറാണ് സർക്കാർ അട്ടിമറിച്ചത്. പഴയ കരാർ പ്രകാരം സർക്കാറിന് 800 കോടിയുടെ ലാഭം ഉണ്ടാവുമായിരുന്നു. ഇതിനു പിന്നിൽ സിപിഎമ്മാണ്. അദാനിക്ക് എൻട്രി കൊടുക്കാനാണ് നീക്കം. യുഡിഎഫ് സർക്കാറിൻ്റെ കാലത്തെ കരാർ അഴിമതി ആണെന്ന് പറയുന്നവരോട്, അന്ന് കരാർ തയ്യാറാക്കിയ ആളാണ് ഇന്ന് റെഗുലേറ്ററി കമ്മിഷനിൽ ഇരിക്കുന്നത്. സർക്കാരും റെഗുലേറ്ററി കമ്മീഷനും ഒത്തുകളിക്കുകയാണ്. അതിന്‍റെ ഫലമാണ് 7500 കോടി രൂപ അടിച്ചേൽപ്പിക്കുന്നത്", രമേശ് ചെന്നിത്തല പറഞ്ഞു.


Also Read: EXCLUSIVE | പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതിന് കേസ്; യുവാവിനെതിരെ വിചിത്ര നടപടിയുമായി കാസർഗോഡ് പൊലീസ്


സ്മാർട്ട് സിറ്റി വിഷയത്തിലും രമേശ് ചെന്നിത്തല സർക്കാരിനെ വിമർശിച്ചു. സ്മാർട്ട്‌ സിറ്റി കരാർ ലംഘിച്ച ടികോമിനെ വെള്ളപൂശുകയാണ് മന്ത്രി പി. രാജീവ്‌. ടീകോമിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള ഇടനിലക്കാരനായി മന്ത്രി രാജീവ്‌ മാറിയെന്നും ചെന്നിത്തല വിമർശിച്ചു. കേരളത്തിന്റെ താല്‍പ്പര്യങ്ങളാണ് മന്ത്രി സംരക്ഷിക്കേണ്ടത്. ടീകോമിനെ സഹായിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വ്യവസായ മന്ത്രി നിലപാട് തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

"യുഎഇയുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? യുഎഇയുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ല. ടികോമിനെതിരെ ശക്തമായ നടപടിയെടുക്കണം. വ്യവസായ മന്ത്രി ടികോമിനെ സംരക്ഷിക്കാൻ നടത്തുന്ന നീക്കം ശരിയായില്ല", രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്‍റെ നിലപാട് ക്രിസ്റ്റൽ ക്ലിയർ, ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടാന്‍ എതിർപ്പില്ല: സജി ചെറിയാന്‍

അതേസമയം, രമേശ് ചെന്നിത്തലയുടെ വാദത്തെ തള്ളി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്തെത്തി. രമേശിൻ്റെ ആരോപണങ്ങളും രേഖകളും ശങ്കരാടിയുടെ രേഖ പോലെ. കേരളത്തിൽ അദാനിയും ഇല്ല അംബാനിയുമില്ലെന്നും ഭരിക്കുന്നത് ഇടത് സർക്കാരാണെന്നും വിജയരാഘവന്‍ പറഞ്ഞു. ചെന്നിത്തല അരോപണം ഉന്നയിക്കുന്നത് കോൺഗ്രസിൽ മുന്നിൽ ചാടി പറയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. പിണറായിക്ക് എതിരെ ആദ്യം പറയുന്ന ആൾ ചെന്നിത്തലയാവട്ടെ എന്നതിനാണ് മത്സരമെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.

Also Read
user
Share This

Popular

KERALA
KERALA
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: ഹണിറോസിൻ്റെ പരാതിയിൽ 30 പേർക്കെതിരെ കേസ്