fbwpx
36 വര്‍ഷത്തിനു ശേഷം 'ദ സാത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍; സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ തിരിച്ചെത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Dec, 2024 05:42 PM

റുഷ്ദിയുടെ നാലാമത്തെ നോവലായ സാത്താനിക് വേഴ്സസ് ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു

NATIONAL


വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവല്‍ 'ദ സാത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍ തിരിച്ചെത്തി. 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ പുസ്തകം എത്തുന്നത്. ഡല്‍ഹിയിലെ ബഹ്‌റിസണ്‍സ് ബുക്ക്‌സ്റ്റോറിലാണ് നിലവില്‍ പുസ്തകം വില്‍ക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പുസ്തകം വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ടെന്ന് ബഹ്‌റിസണ്‍സ് ഉടമ രജ്‌നി മല്‍ഹോത്ര പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,999 രൂപയാണ് വില. മികച്ച പ്രതികരണമാണ് പുസ്തകത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും രജ്‌നി പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ ഇവിടെ മാത്രമാണ് പുസ്തകം ലഭ്യമായത്.

കഴിഞ്ഞ മാസമാണ് സാത്താനിക് വേഴ്‌സസിന് രാജ്യത്തുണ്ടായിരുന്ന വിലക്ക് ഡല്‍ഹി ഹൈക്കോടതി നീക്കിയത്. പുസ്തകത്തിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനം ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.

Also Read: 'ദ സാത്താനിക് വേഴ്സസിന്റെ' ഇറക്കുമതി വിലക്കിനു പിന്നിലെ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ 'പന്താട്ടം'

1988 ലാണ് സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ ഇന്ത്യയില്‍ വിലക്കിയത്. നോവലില്‍ ഇസ്ലാംമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. 1988 സെപ്റ്റംബറിലായിരുന്നു സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ പുറത്തിറങ്ങിയത്. വിപണിയിലെത്തിയ ഉടനെ തന്നെ നോവലിലെ ഉള്ളടക്കത്തെ ചൊല്ലി വലിയ വിവാദങ്ങള്‍ ലോകത്താകമാനം ഉയര്‍ന്നു. പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പുസ്തകത്തിനെതിരേയും സല്‍മാന്‍ റുഷ്ദിക്കെതിരെയും പ്രതിഷേധങ്ങളും വധശ്രമങ്ങളും ഉണ്ടായി. ഇന്ത്യയിലടക്കം പലയിടങ്ങളിലും പുസ്തകം കത്തിച്ച സംഭവങ്ങള്‍ വരെയുണ്ടായി.


റുഷ്ദിയുടെ നാലാമത്തെ നോവലായിരുന്നു സാത്താനിക് വേഴ്സസ്. ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു. 1989 ല്‍ റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹോള ഖൊമേനി ഫത്വയും പുറത്തിറക്കി. പുസ്തകം എഴുതിയ ആളെ മാത്രമല്ല, പുറത്തിറക്കിയവരേയും വധിക്കണമെന്നായിരുന്നു ആഹ്വാനം.

1998 ല്‍ ഇറാന്‍ ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും 2022 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് റുഷ്ദിക്കു നേരെ വധശ്രമമുണ്ടായി. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.

KERALA
മലയാള സാഹിത്യത്തിലെ അതികായന് വിട; സംസ്കാരം വൈകിട്ട് 5 ന്
Also Read
user
Share This

Popular

KERALA
KERALA
മലയാള സാഹിത്യത്തിലെ അതികായന് വിട; സംസ്കാരം വൈകിട്ട് 5 ന്