നേവി നടത്തിയ സോണാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗത്താവും മണ്ണ് നീക്കിയുള്ള തെരച്ചിൽ
കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്നും തുടരും. റഡാർ, സോണാർ പരിശോധനകളിൽ സിഗ്നലുകൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് ഡ്രഡ്ജർ ഇന്ന് പരിശോധന നടത്തുക. ഈശ്വർ മാൽപ്പെയും തെരച്ചിലിൻ്റെ ഭാഗമാകും. നേവി നടത്തിയ സോണാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗത്താവും മണ്ണ് നീക്കിയുള്ള തെരച്ചിൽ.
ALSO READ: ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ; ലോറി തലകീഴായി കിടക്കുന്നുവെന്ന് ഈശ്വർ മാൽപ്പെ, അർജുൻ്റേതെന്ന് സംശയം
ഈശ്വർ മാൽപ്പ ഇന്നും പുഴയിലിറങ്ങിയുള്ള പരിശോധന നടത്തും. ജലനിരപ്പ് കുറഞ്ഞതും വെള്ളത്തിനടിത്തട്ടിൽ പോലും വ്യക്തമായി കാണാനാകുന്നു എന്നതും തെരച്ചിലിന് വേഗത വർധിപ്പിക്കും. ഈശ്വറിനോടൊപ്പം സഹായികളും ഇന്ന് തെരച്ചിലിനിറങ്ങും. എന്നാൽ പാറക്കല്ലുകളും മണ്ണ് നിറഞ്ഞതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.
വലിയ പ്രതീക്ഷകളോടെയായിരുന്നു കഴിഞ്ഞദിവസം തെരച്ചിൽ ആരംഭിച്ചത്. മരത്തടികളും ലോഹ ഭാഗങ്ങളും കണ്ടതോടെ പ്രതീക്ഷ വർദ്ധിച്ചു. വൈകിട്ട് ടയറുകളും ക്യാമ്പിനും കണ്ടെത്തിയെങ്കിലും ഇത് അർജുൻ്റെ ട്രക്കിൻ്റേതല്ലെന്ന് സ്ഥിരീകരിച്ചതോടെ പ്രതീക്ഷ താത്കാലികമായി അസ്തമിച്ചു. എന്നാൽ ഇന്നും ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന തുടരും.