കേന്ദ്ര വിഹിതം നൽകില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്നും സ്റ്റാലിൻ പറഞ്ഞു
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയം നടപ്പാക്കണമെന്ന് കേന്ദ്രം ആവർത്തിച്ചതിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് തമിഴ്നാട് സർക്കാർ. തമിഴ് വിരുദ്ധ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്ന നടപടി ഫെഡറലിസത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര വിഹിതം നൽകില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്നും സ്റ്റാലിൻ പറഞ്ഞു.
എന്നാൽ മറുകത്തയച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഡിഎംകെയടുടേത് ഇടുങ്ങിയ ചിന്താഗതിയെന്നും വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും പറഞ്ഞു. പിന്നാലെ, മതം അടക്കം എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തുന്നത് ബിജെപിയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രവിഹിതം തടഞ്ഞുവെച്ചാൽ, സംസ്ഥാനം കേന്ദ്രത്തിന് നൽകേണ്ട നികുതി അടക്കില്ലെന്ന് നിലപാടെടുക്കാൻ തമിഴ്നാടിന് ഒരു നിമിഷം മതിയെന്നും ഓർമിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാപദ്ധതി പിന്തുടരുന്ന തമിഴ്‌നാട്, പ്രധാൻ്റെ പരാമർശം ഭീഷണിയാണെന്നും അത് വിലപോകില്ലെന്നും പറഞ്ഞു. തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദികൂടി ഉൾപ്പെടുത്തുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിൽ ഡിഎംകെ സർക്കാർ ഉറച്ചുനിന്നു. ബിജെപി ഒഴികെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡിഎംകെയ്ക്കൊപ്പം നിലകൊണ്ട് ഇതിനോടകം പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.