92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
സനാതന ധർമ്മത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശ്ലോകം പോലും ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീ നാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമ്മത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ട് അത് തിരുത്തേണ്ടതാണ്. ഗുരു അതിനെ ഉടച്ചുവാർക്കാൻ ശ്രമിച്ച ആളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സനാതന ധർമ്മത്തിന്റെ ചട്ടക്കൂടിൽ അദ്ദേഹത്തെ കെട്ടുന്നത് ഗുരുവിനോട് ചെയ്യുന്ന നിന്ദയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു സാമൂഹ്യ പരിഷ്‌കർത്താവാണ്. ഗുരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. എന്നിട്ടും ഗുരു മതാചാര്യൻ എന്ന് പറയുന്നു. ഗുരുവിനെ കുറിച്ച് പുതിയ ഭാഷ്യവുമായി വ്യാഖാനിക്കാൻ ആരും വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പുതുവത്സരാഘോഷത്തിൽ രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണം; മുന്നറിയിപ്പുമായി ഡൽഹി പൊലീസ്
മേൽ വസ്ത്രം അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന നിബന്ധന അനാചാരമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞത് പ്രധാനപ്പെട്ട സാമൂഹ്യ ഇടപെടൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലങ്ങളിൽ വസ്ത്ര അഴിക്കണമെന്ന നിബന്ധന ഉണ്ട്. കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ആരെയും നിർബന്ധിക്കേണ്ടതില്ല. എന്നാൽ നാട്ടിലെ പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണ മൂല്യങ്ങൾ ഉയർത്തി പിടിച്ചുള്ള സന്ദേശമാണ് സച്ചിദാനന്ദ സ്വാമികൾ നൽകിയത്. ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ മാത്രമല്ല മറ്റ് ക്ഷേത്രങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.