വെങ്കിടാചലത്തിൻ്റെ പരാതി കോടതി തീർപ്പാക്കിയതാണ്. പൂരം ഇല്ലാതാക്കാനുള്ള അജണ്ടയാണ് പരാതിക്ക് പിന്നിലെന്നും ഗിരീഷ് കുമാർ പറഞ്ഞു
തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തിൽ പൂരത്തെ പ്രതിസന്ധിയിലാക്കാൻ ഒരു ടീം പ്രത്യേകമായി ശ്രമിക്കുന്നു എന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. വെങ്കിടാചലത്തിൻ്റെ പരാതി കോടതി തീർപ്പാക്കിയതാണ്. പൂരം ഇല്ലാതാക്കാനുള്ള അജണ്ടയാണ് പരാതിക്ക് പിന്നിലെന്നും ഗിരീഷ് കുമാർ പറഞ്ഞു.
ആരംഭകാലം മുതൽ പൂര വെടിക്കെട്ട് പൊട്ടിയത് പുലർച്ചെയാണ്. കൃത്യമായ സമയക്രമം പാലിച്ച് നടക്കുന്ന 36 മണിക്കൂർ നീണ്ട ചടങ്ങാണ് പൂരം. വെങ്കിടാചലത്തിൻ്റെ പരാതി കോടതി ക്ലോസ് ചെയ്യുകയാണുണ്ടായത്. പൂരം വെടിക്കെട്ടിന് അനുകൂലമായി 2007ൽ സുപ്രീം കോടതി അനുകൂല വിധി നൽകിയിട്ടുണ്ട്. പൂരത്തിനെ പ്രതിസന്ധിയിലാക്കാൻ ഒരു ടീം പ്രത്യേകമായി നടക്കുന്നു. വെങ്കിടാചലത്തിൻ്റെ പരാതി പ്രകാരമുള്ള കാര്യങ്ങൾ നിലവിൽ ഇല്ല എന്നാണ് കോടതി പറഞ്ഞത്. സർക്കാരും അതിനെ അനുകൂലിച്ചാണ് സത്യവാങ്മൂലം നൽകിയത്. എങ്ങനെയെങ്കിലും പൂരം ഇല്ലാതാക്കാനുള്ള അജണ്ടയാണ് പരാതിക്ക് പിന്നിൽ. പൂരം വെടിക്കെട്ടിൻ്റെ അനുമതിയുടെ കാര്യത്തിൽ അനുകൂല ഉത്തരവ് ലഭിക്കും എന്നാണ് പ്രതീക്ഷ. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഏറ്റവും അടുത്ത ദിവസം ഡൽഹിയിൽ ചർച്ച നടക്കും. നിയമ തടസങ്ങൾ മാറുമെന്നാണ് പ്രതീക്ഷയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
വെടിക്കെട്ട് ഒരുകാരണവശാലും നടക്കാതെ ഇരിക്കില്ല എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രതീക്ഷ ഉണ്ടെന്നും രാജേഷ് പറഞ്ഞു.
തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചാകും നടത്തുകയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രദേശത്തെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് സംബന്ധിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. എൻവയോൺമെൻറ് പ്രൊട്ടക്ഷന് ആക്ട് (1986), ശബ്ദ മലിനീകരണ നിയമം (2000) എന്നിവ പാലിച്ചാകണം വെടിക്കെട്ട് നടത്തേണ്ടതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ നിയമങ്ങൾ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാൽ പുലർച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേർന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയായേക്കും.