റഷ്യയുടെ വെടിനിർത്തൽ കരാറിനെ യുക്രെയ്ൻ ഇതുവരെ അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്തിട്ടില്ല
ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്‌നുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഇന്ന് 4 മണി മുതൽ നാളെ അർധരാത്രി വരെയാണ് വെടിനിർത്തൽ കരാറിന് നിർദേശം നൽകിയത്. അതേസമയം, റഷ്യയുടെ വെടിനിർത്തൽ കരാറിനെ യുക്രെയ്ൻ ഇതുവരെ അംഗീകരിക്കുകയോ, നിരസിക്കുകയോ ചെയ്തിട്ടില്ല.
റഷ്യയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ ഏർപ്പെടുത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ നിർദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണകൂടത്തിന് സമാധാനത്തിൽ താൽപ്പര്യമുണ്ടോ എന്നതിൻ്റെ ഒരു പരീക്ഷണമാണിതെന്നും പുടിൻ കൂട്ടിച്ചേർത്തു.