അൻവറിനെ സ്വീകരിക്കണമോ എന്നുള്ള കാര്യത്തിൽ കോൺഗ്രസ്സും യുഡിഎഫും ചർച്ച ചെയ്ത് തീരുമാനം എടുക്കും.
അൻവർ ഇഫക്റ്റിൽ സിപിഎം പുളയുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സിറ്റിംഗ് ജഡ്ജിയെ കൊണ്ടു അന്വേഷിക്കണം എന്നുള്ള ആവശ്യം ന്യായമാണ്. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
സൈബർ കടന്നലുകൾ അൻവറിനെ കുത്തിത്തുടങ്ങിയെന്നും അതിനി വലിയ അതിക്രമമായി മാറുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അൻവർ പറഞ്ഞു തുടങ്ങിയതേയുള്ളൂ, മുഴുവനും പറയട്ടെ. അൻവറിനെ സ്വീകരിക്കണമോ എന്നുള്ള കാര്യത്തിൽ കോൺഗ്രസ്സും യുഡിഎഫും ചർച്ച ചെയ്ത് തീരുമാനം എടുക്കും. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ അതുകൊണ്ട് അൻവറിനെ തള്ളാൻ പറ്റില്ല. പൂരം കലക്കി സർക്കാരായി പിണറായി വിജയൻ സർക്കാർ മാറി. ഇതിന്റെ ഗുണം കിട്ടിയവർ ആരൊക്കെ എന്ന് ജനത്തിന് ഇപ്പോൾ അറിയാമെന്നും ആവശ്യമെങ്കിൽ നിയമസഭയിലും അൻവറിന് സംരക്ഷണം നൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
അതേസമയം, അന്‍വറിന്റെ എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അന്‍വര്‍ പറഞ്ഞത് എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. മറ്റു മന്ത്രിമാരും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആരോപണങ്ങളുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയോട് താന്‍ പരാതിപ്പെട്ടതായിരുന്നു എന്നും അന്വേഷണം ഉറപ്പു നല്‍കിയെങ്കിലും അദ്ദേഹം തന്നെ വഞ്ചിച്ചുവെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലെത്തിയെന്ന് തുറന്നു പറഞ്ഞിരുന്നതായും അന്‍വര്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.