മാര്‍ച്ച് 27നാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. അതിന് ശേഷമായിരിക്കും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും റിലീസ് ചെയ്യുന്നത്
ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമകളാണ് എമ്പുരാനും തുടരുവും. മാര്‍ച്ച് 27നാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. അതിന് ശേഷമായിരിക്കും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ അബ്‌റാം ഖുറേഷി അവതാരത്തിന് ശേഷം ഷണ്‍മുഖമായി അദ്ദേഹം സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 46 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മെയ് മാസത്തില്‍ ചിത്രം തിയേറ്ററിലെത്താന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
ALSO READ: മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അവസരം; ദിവസത്തിന് 75000 രൂപ
ഷണ്‍മുഖം എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ തുടരും എന്ന സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്‌സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.