ദളിത് അവകാശപോരാട്ടങ്ങള്‍ക്ക് സാധുജന പരിപാലന സംഘം എന്നൊരു അടിത്തറയും അയ്യങ്കാളിയൊരുക്കി
ദളിതരുടെ അവകാശങ്ങള്‍ക്ക് മേല്‍ നിലനിന്ന സവർണാധികാര വിലക്കുകളോട് മരണം വരെ കലഹിച്ച ധീരസമര നേതാവായിരുന്നു അയ്യങ്കാളി. ജാതീയ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വില്ലുവണ്ടി തെളിച്ച നവോത്ഥാന നായകന്റെ 161ാം ജന്മവാർഷികമാണിന്ന്.
അരക്കുമേലും മുട്ടിനു താഴെയും മറയ്ക്കാന്‍ ദളിതർക്ക് അവകാശമില്ലാതിരുന്ന കാലം, രാജപാഥകളും പള്ളിക്കൂടങ്ങളും പുലയന്‍റെ നിഴലുപെട്ടാല്‍ കത്തിയെരിയുമായിരുന്നു. സവർണമാടമ്പികളുടെ ആ അധികാരപാതകളില്‍ രണ്ട് കാളക്കുട്ടന്മാർ മണിയടി മുഴക്കി, ജന്മിമാർ നോക്കിനില്‍ക്കെ വില്ലുവണ്ടി പായിച്ച്, തലപ്പാവും അരക്കയ്യന്‍ ബനിയനും മേല്‍മുണ്ടും ധരിച്ച് ഒരാൾ വന്നു. ആക്രമിക്കാന്‍ പാഞ്ഞടുത്തവരെ അരയിലെ കത്തിയൂരി വീശി, അയാളുടെ പേരാണ് അയ്യങ്കാളി.
ALSO READ: 99.98 % ടാറ്റൂ ചെയ്തും രൂപ മാറ്റം വരുത്തിയും 36കാരി; നടന്ന് കയറിയത് ഗിന്നസ് റെക്കോർഡിൽ
അടിയാന്‍റെ മക്കള്‍ പഠിച്ചാല്‍ പാടത്താര് പണിയെടുക്കുമെന്ന യജമാനന്മാരുടെ ചോദ്യത്തിന് പാടത്ത് മുട്ടിപ്പുല്ല് കുരുപ്പിക്കുമെന്ന വെല്ലുവിളിയുടെ പേരാണ് അയ്യങ്കാളി. ചാലിയത്തെരുവ് സംഘട്ടനം, മണക്കാട് സംഘര്‍ഷം, പെരിനാട് കലാപം- അയ്യങ്കാളി സൃഷ്ടിച്ച ലഹളകളാണ് കേരളീയ നവോത്ഥാനത്തിന് വഴിവെട്ടിയത്. കേരള ചരിത്രത്തില്‍ സംഘടിത തൊഴിലാളി സമരമാർഗമായി പണിമുടക്ക് അവതരിപ്പിച്ചും, ദളിത് സ്ത്രീയുടെ അവകാശങ്ങളിലെ ചരിത്രമുന്നേറ്റമായ കല്ലുമാല സമരത്തെ വിളംബരങ്ങളിലാതെ വിജയിപ്പിച്ചും, പൊതുവഴിയെന്ന ജനാധിപത്യാവകാശം നേടിയെടുത്തതുമാണ് അയ്യങ്കാളി മഹാത്മാവായത്.
സംഘടിക്കണം, വിദ്യയിലൂടെ ബൗദ്ധിക നിലവാരമുയർത്തണം, ഭൂ അവകാശത്തിലൂടെ മൂലധന ശക്തി നേടണം. അതിന് സവർണൻ പള്ളിക്കൂടം തുറന്നു തന്നില്ലെങ്കില്‍ ബദല്‍ പള്ളിക്കൂടമുണ്ടാക്കും. ഈ മുന്നേറ്റത്തെ, തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച ജാതിഭ്രാന്തന്മാരെ ഒരൊറ്റ രാത്രികൊണ്ട് സ്കൂള്‍ പുനർ നിർമ്മിച്ച് അദ്ദേഹം തോല്‍പ്പിച്ചു. വിദ്യാഭ്യാസത്തിനുള്ള അവകാശപ്പോരാട്ടം, സർക്കാർ ഉത്തരവായപ്പോള്‍, അതുമായി ഊരൂട്ടമ്പലത്തിലെ പള്ളിക്കൂട ബെഞ്ചില്‍ പഞ്ചമിയെ കൊണ്ടിരുത്തി. തീണ്ടല്‍ തിട്ടൂരങ്ങള്‍ തീയിട്ട ആ പള്ളിക്കൂടമിന്ന്, അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂളാണ്.
ദളിത് അവകാശപോരാട്ടങ്ങള്‍ക്ക് സാധുജന പരിപാലന സംഘം എന്നൊരു അടിത്തറയും അയ്യങ്കാളിയൊരുക്കി. വെെക്കം സത്യാഗ്രഹത്തില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം, ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ഗാന്ധിജിയുമായി നടത്തിയ കൂടിക്കാഴ്ച യുഗ പുരുഷന്മാരുടെ സംഗമമായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. അന്ന് എന്തുവേണമെന്ന ഗാന്ധിയുടെ ചോദ്യത്തിന് ദളിതരില്‍ നിന്ന് പത്ത് ബിഎക്കാർ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി. ആരാധനാവകാശത്തിനുമപ്പുറം സ്വാഭിമാനത്തെ ഉയർത്താനാണ് തന്‍റെ പോരാട്ടമെന്ന അയ്യങ്കാളിയുടെ ആഹ്വാനത്തിലാണ് പില്‍ക്കാലത്ത് കേരള നവോത്ഥാനത്തിലേക്ക് നയിച്ച പോരാട്ടങ്ങളെല്ലാം വേരുപിടിച്ചത്.