മനുഷ്യന്‍ മാത്രമല്ല, മറ്റേത് ജന്തുവും ആ കരുണ അർഹിക്കുന്നു എന്നാണ് ശ്രീനാരയണ ഗുരു പഠിപ്പിക്കുന്നത്
ആത്മ സാഹോദര്യത്തിലേക്ക് കേരള ജനതയെ കൈപിടിച്ചുകയറ്റിയ ഗുരുദേവന്‍റെ 170-ാം ജയന്തിയാണ് ഇന്ന് ആചരിക്കുന്നത്. ഗുരു എന്നത്തേക്കാളും പ്രസക്തമാണ് ഇന്ന് എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. മനുഷ്യകുലത്തിന്‍റെ സാഹോദര്യത്തെ ഓർക്കാന്‍ ഇതിലും യോജിച്ച ഒരു സമയം കേരള ജനതയ്ക്കുണ്ടാകില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരുവാക്യം. നന്മയുള്ള മനുഷ്യരും മതാതീമായ സാഹോദര്യവും ഉള്ളകാലത്തോളം ഏതു ദുരന്തത്തെയും അതിജീവിക്കാമെന്നാണ് കേരളത്തിന്‍റെ പാഠം.
136 വർഷങ്ങള്‍ക്ക് മുന്‍പ് അരുവിക്കരയില്‍ ശിവക്കല്ലുറപ്പിച്ച് അയിത്തം കല്‍പ്പിക്കപ്പെട്ട ജനതയ്ക്ക് ആരാധനാവകാശം പ്രതിഷ്ഠിച്ചുകൊടുത്ത ഗുരു, ഭിത്തികള്‍ക്കുള്ളിലെ ദൈവങ്ങള്‍ക്കേ അയിത്തമുള്ളൂ എന്നുകൂടിയാണ് ആ പ്രതിഷ്ഠ തെളിയിച്ചത്. വിദ്യാഭ്യാസമാണ് വെളിച്ചമെന്നും ഒരുമയാണ് ശക്തിയെന്നുമെന്നുമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പാഠം, ഈഴവ സമുദായത്തെ മാത്രമല്ല നവോത്ഥാനത്തിലേക്ക് നയിച്ചത്.
അവിടെ ഭക്തിക്കും യുക്തിക്കും സഹവർത്തിക്കാനാകും. അതുകൊണ്ടാണ് ഡോക്ടർ പൽപ്പുവിനും ഭാർഗവൻ വൈദ്യർക്കും ഭൈരവൻ ശാന്തിക്കും സഹോദരൻ അയ്യപ്പനും ആ പാതയില്‍ ഒന്നിക്കാനാവുന്നത്. അയിത്തം ഇല്ലാതാവലും പന്തിഭോജനവും വിഗ്രഹ പ്രതിഷ്ഠകളും ജന്തുബലി നിരോധനവുമൊക്കെ ആ പാരസ്പര്യത്തിലധിഷ്ഠിതമാണ്. മനുഷ്യന്‍ മാത്രമല്ല, മറ്റേത് ജന്തുവും ആ കരുണ അർഹിക്കുന്നു എന്നാണ് ശ്രീനാരയണ ഗുരു പഠിപ്പിക്കുന്നത്. തത്വചിന്തയെ കുരുത്തോല രഹസ്യങ്ങളില്‍ പടിയിറക്കിയ ഗുരുവിന്‍റെ ദാർശനിക കവിതകളില്‍ വിശ്വമാനവികതയാണ് കാണാനാകുന്നത്.