fbwpx
ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവ്; കർസേവകർ ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 32 വർഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Dec, 2024 12:01 PM

ബാബറി പളളി പൊളിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ച് വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് അയോധ്യ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്

NATIONAL


ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 32 വർഷം. പള്ളി നിന്ന പ്രദേശത്ത് രാമക്ഷേത്രം പണിത ശേഷമുള്ള ആദ്യ ബാബ്‌റി മസ്ജിദ് വാർഷികമാണിത്. 1992 ഡിസംബര്‍ ആറിനാണ് കർസേവകർ ചേർന്ന് അയോധ്യയിലെ ബാബറി പള്ളി തകർത്തത്. തീവ്ര ഹിന്ദുത്വ ശക്തികള്‍  മായ്ച്ചാലും മായാതെ ബാബറിയുടെ ഓർമകള്‍ നിലനില്‍ക്കുന്നത് മതേതര ഇന്ത്യക്ക് ആ ദിവസം ഏല്‍പ്പിച്ച ആഘാതം അത്രമേല്‍ ആഴമേറിയതായതിനാലാണ്. 


മുഗൾ ചക്രവർത്തിയായ ബാബർ പണിതതാണ് അയോധ്യയിലെ തകർക്കപ്പെട്ട പള്ളി. രാമക്ഷേത്രം പൊളിച്ചിട്ടാണ് ബാബർ ചക്രവർത്തി പള്ളി പണിഞ്ഞതെന്ന് കാട്ടിയായിരുന്നു തീവ്ര ഹിന്ദുത്വപക്ഷാനുകൂലികളുടെ ആക്രമണം. പള്ളി തകർത്തതിന് ശേഷം ഉമാഭാരതിയും സ്വാമി ഋതാംഭരയും നടത്തിയ പ്രസം​ഗത്തിൽ തന്നെ ഇന്ത്യയുടെ വരുംകാല രാഷ്ട്രീയത്തിന്‍റെ സ്വഭാവം എന്തായിരിക്കുമെന്നതിന്‍റെ സൂചനകളുണ്ടായിരുന്നു. "അയോധ്യ-ബാബറി സിർഫ് ജാൻകി ഹേ.. കാശി, മധുര ബാക്കി ഹേ... (അയോധ്യ-ബാബറി ഒരു തുടക്കം മാത്രം.. അടുത്തത്‌ കാശിയും മഥുരയുമാണ്) എന്നാണ് അവർ ഉറക്കെ വിളിച്ചു പറഞ്ഞത്.



പള്ളി പൊളിച്ചതിനെ തുടർന്ന് ഉടലെടുത്ത വർഗീയ കലാപങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പേരുടെ ജീവനാണ് കവർന്നത്. ഇതേ തുടർന്ന് ഉണ്ടായത് വർഷങ്ങള്‍ നീണ്ട നിയമപോരാട്ടമായിരുന്നു. പരസ്യമായും പരോക്ഷമായും പള്ളിയും ക്ഷേത്രവും ഇന്ത്യന്‍ രാഷ്ടീയ ചർച്ചകളുടെ വിഷയമായി. ഒടുവില്‍ 2019ൽ അയോധ്യ ഭൂമി തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി വന്നു. മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാനും മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് പള്ളി പണിയാനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കർ ഭൂമി നല്‍കാനുമായിരുന്നു വിധി. വിധി വന്ന് അധികം താമസിക്കും മുന്‍പ് തന്നെ രാമക്ഷേത്രത്തിന്‍റെ നിർമാണവും ആരംഭിച്ചു. ഈ വർഷം ജനുവരിയിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.


Also Read: കലാപാഗ്നിയിൽ നീറി സംഭല്‍; മതേതരത്വത്തിൻ്റെ അടിത്തറയിളക്കിയ ബാബരി മസ്ജിദിലേക്കൊരു തിരിഞ്ഞുനോട്ടം

'തർക്കം' പരിഹരിച്ചു എന്ന് പറയുമ്പോഴും അയോധ്യയില്‍ തുടങ്ങിയത് തുടരുകയാണ് തീവ്ര ഹിന്ദു സംഘടനകള്‍. യുപിയിലെ സംഭല്‍ അതിന്‍റെ ഉദാഹരണമാണ്. മുഗൾ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രം തകർത്താണ് ബാബ‍ർ സംഭലിലെ ഷാഹി ജമാ മസ്ജിദ് നി‍ർമിച്ചതെന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്. പള്ളിയില്‍ നടന്ന കോടതി സർവെയെ തുടർന്ന് വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങളെ മുറിവേല്‍പ്പിക്കുന്ന ഇത്തരം സന്ദർഭങ്ങളുടെ തുടക്കം ചിലപ്പോള്‍ അയോധ്യയില്‍ നിന്നായിരിക്കില്ല. എന്നാല്‍ ആ മുറിവില്‍ ചോരപൊടിഞ്ഞത് അയോധ്യയില്‍ തന്നെയായിരുന്നു.



അതേസമയം, ബാബറി പളളി പൊളിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ച് വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് അയോധ്യ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. സംഭലിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് നൽകിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയും, മുംബൈയും അടക്കമുള്ള പ്രധാന നഗരങ്ങളിലും ശക്തമായ സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

TAMIL MOVIE
"പ്രശസ്തിക്കായി മറ്റൊരാൾക്ക് ചീത്ത പേരുണ്ടാക്കുന്ന വ്യക്തിയല്ല ഞാൻ"; തുറന്നുപറച്ചിലുമായി നയൻതാര
Also Read
user
Share This

Popular

KERALA
WORLD
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയവര്‍ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എസ്‌ഐടിയെ അറിയിക്കാം: സുപ്രീം കോടതി