അൻവറിന്റെ പാർലമെന്ററി പാർട്ടി അംഗത്വത്തിലെടുക്കുന്ന കാര്യം നടപടി കാത്തിരുന്ന് കാണൂവെന്നും രാമകൃഷ്ണൻ പറഞ്ഞു
മുഖ്യമന്ത്രി ബാപ്പയെ പോലെയെന്ന അൻവറിൻ്റെ പരാമർശത്തെ വിമർശിച്ച് ടി.പി. രാമകൃഷ്ണൻ. കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തി കൊല്ലുമോയെന്നും രാമകൃഷ്ണൻ ചോദ്യം ഉന്നയിച്ചു. അൻവറിൻ്റ പൊതുയോഗത്തിലെ ആൾക്കൂട്ടം താൽക്കാലികം മാത്രമാണെന്നും സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവുമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
അൻവറിൻ്റെ ആരോപണത്തിൽ പാർട്ടിക്ക് വേവലാതിയില്ലെന്നും സിപിഎം അണികൾ ഭദ്രമാണെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ പാർലമെന്ററി പാർട്ടി അംഗത്വത്തിൻ്റെ കാര്യത്തിൽ നടപടി കാത്തിരുന്ന് കാണൂവെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവറിന് മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നുവെന്നും പക്ഷെ, മറ്റൊരു പ്രശ്നം വരുമ്പോൾ മാധ്യമങ്ങൾ അതിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ADGP യെ മാറ്റണമെന്ന് സിപിഐ നിലപാട് പറഞ്ഞു കഴിഞ്ഞു. എന്നാൽ അന്വേഷണ റിപ്പോർട്ട് വരാതെ ഒന്നും പറയാൻ ആകില്ല. ആരോപണം കൊണ്ട് ആരും കുറ്റക്കാർ ആകുന്നില്ല. അൻവറിൻ്റെ യോഗത്തിൽ സ്വാഗതം പറഞ്ഞത് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ടുപോയ ആളാണെന്നും അദ്ദേഹത്തെ ഇപ്പോഴും പാർട്ടിക്കാരനായി മാധ്യമങ്ങൾ ചിത്രീകരിക്കുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
അൻവറിനെതിരായി കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് കേസെന്നും ആരുടെയും ഫോൺ ആരും ചോർത്താൻ പാടില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.