A.M.M.Aക്ക് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല എന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു
മലയാള സിനിമയിലെ താരങ്ങൾ സന്നദ്ധരാണെങ്കിൽ അവർക്കായി ട്രേഡ് യൂണിയൻ രൂപീകരിക്കാൻ സിഐടിയു തയ്യാറാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ ഉയർന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന് നിരവധി പേർ ഇതിനോടകം ആവശ്യമുന്നയിച്ചിരുന്നു.
A.M.M.Aക്ക് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല എന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എങ്കിലും താരസംഘടനയിലെ കൂട്ട രാജിക്ക് പിന്നാലെ സിനിമ മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമാക്കുകയാണ്. ഇതോടെ ഇടതുപക്ഷവും സിഐടിയുവും നടീനടൻമാരേയും അണിയറ പ്രവർത്തകരേയും ഏകോപിപ്പിച്ച് പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള ചർച്ചകൾ തുടങ്ങി. താരങ്ങൾ തയാറാണെങ്കിൽ സംഘടനയ്ക്ക് നേതൃത്വം നൽകാൻ സിഐടിയു ഒരുക്കമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.
നേരത്തെയും സിഐടിയു സിനിമയിൽ ട്രേഡ് യൂണിയൻ രൂപീകരിച്ചിരുന്നു. എന്നാൽ ആ സംഘടന ഇപ്പോൾ നിർജീവമാണ്. സിനിമയിലെ പല പ്രമുഖർ ചേർന്ന് അന്ന് ആ യൂണിയനെ തകർത്തെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്ന നിലപാടിലാണ് ടി.പി. രാമകൃഷ്ണൻ.
അതേസമയം, മലയാള സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി സംവിധായകൻ പ്രിയനന്ദൻ ടി.ആർ രംഗത്തെത്തി. താൻ പവർ ഗ്രൂപ്പിൻ്റെ രക്തസാക്ഷിയാണെന്നും പവർ ഗ്രൂപ്പ് അല്ലെങ്കിൽ മറ്റെന്ത് എന്നതിനുള്ള ഉത്തരം വേണമെന്നും സംവിധായകൻ പറയുന്നു.
പവർ ഗ്രൂപ്പിന്റെ അധികാരസ്വരത്തിൽ തകർന്നടിഞ്ഞത് തൻ്റെ സ്വപ്നങ്ങളാണ്. 2004ൽ പൃഥ്വിരാജിനെയും കാവ്യ മാധവനെയും നായിക നായകനാക്കി ചിത്രീകരിക്കാൻ ഒരുങ്ങിയ 'അത് മന്ദാരപ്പൂവല്ല' എന്ന സിനിമ മുടക്കിയത് പവർ ഗ്രൂപ്പാണ്. പൃഥ്വിരാജ് വിനയന്റെ പടത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് പവർ ഗ്രൂപ്പ് സിനിമ മുടക്കിയത്. പൃഥ്വിരാജിനോടുള്ള പവർ ഗ്രൂപ്പിന്റെ വൈരാഗ്യം മൂലം ഇല്ലാതായത് വർഷങ്ങളായുള്ള എൻ്റെ മോഹങ്ങളാണ്. പവർ ഗ്രൂപ്പ് നിലനിൽക്കുന്നില്ല എന്ന് ഇനിയാരും പറയരുത്. സ്വന്തം അനുഭവമാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും പ്രിയനന്ദനൻ പറഞ്ഞു.