മുംബൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹെജി, പർധാഡെ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു. ഒന്നരലക്ഷം രൂപയാണ് മരിച്ചവരുടെ ഉറ്റവർക്ക് സഹായമായി ലഭിക്കുക. പരിക്കേറ്റവർക്ക് 50,000ഉം നിസാര പരിക്കേറ്റവർക്ക് 5,000 രൂപയുമാണ് ധനസഹായമായി നൽകുക. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവനയിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ജൽഗാവ് ജില്ലയിൽ ട്രെയിനിടിച്ച് 13 പേരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹെജി, പർധാഡെ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ലഖ്നൗ - ഡൽഹി പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ആണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരഭ്രാന്തരായി ചെയിൻ വലിക്കുകയായിരുന്നു. ട്രെയിനിന് തീപിടിക്കുമെന്ന് ഭയന്ന് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ നിന്ന് വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അപകടത്തിൽ മരിച്ചവരിൽ ഏഴ് പെരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. പലരുടെയും ശരീരത്തിന് അംഗഭംഗം വന്നതാണ് തിരിച്ചറിയൽ ശ്രമകരമാക്കുന്നത്.
Also Read: ഇത്തവണ ആരെ തുണയ്ക്കും; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഡൽഹിയിലെ പ്രധാന മണ്ഡലങ്ങൾ
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ ദുരന്തം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ദുരിതബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രതിജ്ഞാബദ്ധനാണെന്ന് അറയിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.