ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വനം വകുപ്പ് ക്ഷേത്രത്തിനെതിരെ കേസെടുത്തത്
തൃപ്പൂണിത്തറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ. ഹൈക്കോടതി നിർദേശം ലംഘിച്ചിട്ടില്ലെന്നും ആനകളെ ചട്ടപ്രകാരമാണ് അണിനിരത്തിയതെന്നും കമ്മിറ്റി ഭാരവാഹികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വനം വകുപ്പ് ക്ഷേത്രത്തിനെതിരെ കേസെടുത്തത്.
ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായി എട്ടു മീറ്റർ അകലം പാലിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി വനംവകുപ്പ് പറയുന്നു. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റർ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.
എന്നാൽ മൂന്ന് മീറ്റർ അകലം പാലിച്ചുകൊണ്ടുതന്നെയായിരുന്നു എഴുന്നള്ളിപ്പെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. ശീവേലിക്കിടെ മഴ പെയ്തപ്പോൾ ആനകളെ ആനത്തൊട്ടിലിൽ കേറ്റി നിർത്തുകയായിരുന്നുവെന്നും കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും 15 ആനകളെ വെച്ച് എഴുന്നള്ളിപ്പ് നടത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ആനകൾ തമ്മിലുള്ള അകലം പാലിക്കാൻ മുന്നിൽ 8 ആനകളേയും പിന്നിൽ 7 ആനകളേയുമാണ് അണി നിരത്തിയത്. ആനകളുടെ അകലം പരിശോധിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. കോടതി നടപടി അംഗീകരിക്കുന്നതായും ചട്ടം പാലിച്ചാണ് ആനകളെ എഴുന്നുള്ളിച്ചതെന്നും അമ്പലഭാരവാഹികൾ പറഞ്ഞിരുന്നു.
പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത്. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും കോടതി ചോദിച്ചിരുന്നു.
തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും? ആനകളെ എഴുന്നള്ളപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്. ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ് നിശ്ചിത അകല പരിധി നിശ്ചയിച്ചത്. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്‍റെ ഭാഗമാണെന്നും കോടതി ചോദിച്ചിരുന്നു.