ശിക്ഷാ വിധി അറിയാന്‍ ട്രംപ് നേരിട്ടോ അല്ലെങ്കിൽ വിർച്വലായോ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജഡ്ജ് ജുവാൻ മെർച്ചൻ പറഞ്ഞു
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ ജനുവരി 10ന് ശിക്ഷാ വിധി പ്രസ്താവിക്കും. ഹഷ് മണി കേസ് കൈകാര്യം ചെയ്യുന്ന ന്യൂയോർക്ക് ജഡ്ജ് ജുവാൻ മെർച്ചൻ ആണ് വിധി പറയുന്ന തീയതി അറിയിച്ചത്. ട്രംപിനെ ജയിലിലേക്ക് അയയ്ക്കുന്നത് പ്രായോഗികമല്ലെന്നും മെർച്ചൻ പറഞ്ഞു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്നത്.
ന്യൂയോർക്കിൽ ട്രംപിൻ്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജസ്റ്റിസ് ജുവാൻ മെർച്ചൻ നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് കേസ് തള്ളാനുള്ള നിയുക്ത പ്രസിഡൻ്റിൻ്റെ ഹർജി നിരസിച്ചു. ശിക്ഷാ വിധി അറിയാന്‍ ട്രംപ് നേരിട്ടോ അല്ലെങ്കിൽ വിർച്വലായോ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പശ്ചാത്തലത്തിൽ ജയിൽ ശിക്ഷ വിധിക്കുന്നത് പ്രായോഗികമല്ലെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം. ശിക്ഷാവിധിക്കുള്ള തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള 18 പേജ് രേഖയിൽ മെർച്ചൻ ഇതിന്റെ സൂചന നൽകിയിട്ടുണ്ട്. "കസ്റ്റഡി, പിഴ അല്ലെങ്കിൽ പ്രൊബേഷൻ എന്നിവയില്ലാതെ 'നിരുപാധികമായി വിട്ടയയ്ക്കുക' എന്നതാണ് ഏറ്റവും പ്രായോഗികമായ പരിഹാരം" , മെർച്ചൻ എഴുതി.
Also Read: കുടുങ്ങിക്കിടന്നത് 12 ദിവസം; ലോകം കണ്ട ഏറ്റവും വലിയ ഗതാഗതക്കുരുക്ക്
2024 മെയ് 30 നാണ് ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന പേരില്‍ 34 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂറി കണ്ടെത്തിയത്. 2006ല്‍ ട്രംപുമായി ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇത് പുറത്തു പറയാതെ നിശബ്ദത പാലിക്കുവാന്‍ 130,000 ഡോളര്‍ പണം സ്റ്റോമി ഡാനിയല്‍സിനു നല്‍കിയെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്‍റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കൊഹേനാണ് ഈ പണം സ്റ്റോമിക്ക് നല്‍കിയത്. ഈ പണം കൊഹേന് ട്രംപ് തിരികെ നല്‍കിയെങ്കിലും അതിന് കൃത്യമായ രേഖകളില്ലായിരുന്നു. ഇതാണ് പിന്നീട് ഹഷ് മണി കേസ് എന്ന് അറിയപ്പെട്ടത്.
Also Read: പ്രതിപക്ഷ സ്ഥാനാർഥിയെപ്പറ്റി വിവരം നല്‍കുന്നവർക്ക് 100,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് വെനസ്വേല
2023-ൽ മറ്റ് മൂന്ന് സ്റ്റേറ്റുകളിലും ഫെഡറൽ ക്രിമിനൽ കേസുകളിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ഓഫീസ് വിട്ട ശേഷവും രഹസ്യരേഖകൾ സൂക്ഷിച്ചതിനാണ് ഒരു കേസ്. 2020 ലെ തെരഞ്ഞെടുപ്പ് തോൽവി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയതിനാണ് മറ്റ് രണ്ട് കേസുകൾ. എന്നാൽ, മൂന്ന് കേസുകളിലും ട്രംപ് കുറ്റം നിഷേധിച്ചു. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ട് ഫെഡറൽ കേസുകളും തള്ളാൻ നീതിന്യായ വകുപ്പ് നീക്കം നടത്തി. 2020-ലെ തെരഞ്ഞെടുപ്പു തോൽവിയെ മറികടക്കാനുള്ള ട്രംപിന്റെ ശ്രമത്തിന് ജോർജിയയിൽ ചുമത്തിയിരുന്ന കേസ് ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.