ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിച്ചതിന് മറുപടിയായിട്ടാണ് ആക്രമണമെന്നാണ് ഡോണാൾഡ് ട്രംപ് പറയുന്നത്
ഡൊണാൾഡ് ട്രംപ്
യെമനിലെ ഹൂതി താവളങ്ങളിൽ യുഎസിന്റെ വ്യോമാക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഹൂതികളെ ആക്രമിച്ചതായി പ്രഖ്യാപിച്ചത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്നും ഒൻപത് പേർക്ക് പരിക്കേറ്റെന്നുമാണ് യെമൻ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരം. ഇത് രണ്ടാം വട്ടമാണ് ഹൂതി താവളങ്ങളിലേക്ക് യുഎസ് വ്യോമാക്രമണം നടത്തുന്നത്.
ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിച്ചതിന് മറുപടിയായിട്ടാണ് ആക്രമണമെന്നാണ് ഡോണാൾഡ് ട്രംപ് പറയുന്നത്. ഹൂതികളെ പൂർണമായി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും യുഎസ് വ്യക്തമാക്കി. ചെങ്കടലിലേക്കുള്ള പ്രവേശന മാർഗമായ സൂയസ് കനാലിലൂടെ യുഎസ് പതാക വഹിച്ച ഒരു കപ്പൽ സുരക്ഷിതമായി സഞ്ചരിച്ചിട്ട് ഒരു വർഷത്തിലേറെയായി എന്നും കിഴക്കൻ ആഫ്രിക്കയ്ക്കും അറേബ്യൻ ഉപദ്വീപിനും ഇടയിലുള്ള ജലാശയത്തിലൂടെ ഒരു യുഎസ് യുദ്ധക്കപ്പൽ സഞ്ചരിച്ചിട്ട് നാല് മാസമായി എന്നും ട്രംപ് പറഞ്ഞു.
Also Read: "ട്രംപിനെയും രാജ്യത്തെയും വെറുക്കുന്നു"; ദക്ഷിണാഫ്രിക്കൻ അംബാസഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്
"നിങ്ങളുടെ സമയം അവസാനിച്ചിരിക്കുന്നു, ഇന്ന് മുതൽ നിങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നിങ്ങളുടെ മേൽ നരകം വർഷിപ്പിക്കും ," ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യെമനിലെ ഹൂതികൾക്കെതിരെ ശക്തമായ സൈനിക നടപടി ആരംഭിക്കാൻ യുഎസ് സൈന്യത്തോട് ഉത്തരവിട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. ഹൂതികളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ട്രംപ് പറഞ്ഞു. യുഎസിനെ ഭീഷണിപ്പെടുത്തിയാൽ അതിന് പൂർണ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാകുമെന്നും തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
Also Read: 'പാകിസ്ഥാന്‍റെ ദുശ്ശാഠ്യം'; ജാഫർ എക്സ്‌പ്രസിലെ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബിഎല്‍എ
യുഎസ് കോൺഗ്രസിന്റെ കണക്കനുസരിച്ച്, 2023 നവംബറിനും 2024 ഒക്ടോബറിനും ഇടയിൽ ചെങ്കടലിൽ ഹൂതികൾ 190 ആക്രമണങ്ങളാണ് നടത്തിയത്. മുൻപ്, യുകെയും യുഎസും ഹൂതികൾക്കെതിരെ സംയുക്ത നാവിക, വ്യോമ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹൂതികളുമായി ബന്ധമുള്ള സ്ഥലങ്ങൾ ഇസ്രയേലും പ്രത്യേക ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. ഇസ്രയേൽ ഗാസയ്ക്ക് മേൽ ആക്രമണങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ പിന്തുണയോടെ ഹൂതികൾ ചെങ്കടലിൽ ചരക്ക് കപ്പലുകൾ ആക്രമിക്കുവാന്‍ തുടങ്ങിയത്.