മൂന്നാം വർഷ വിദ്യാർഥി അനുരാജാണ് പിടിയിലായത്
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൂന്നാം വർഷ വിദ്യാർഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ അനുരാജ് സംഭവം പുറകത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നാണ് കേസിൽ മുമ്പ് പിടിയിലായ ആഷിഖും, ഷാലിക്കും മൊഴി നൽകിയത്.
ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി
കഴിഞ്ഞ ദിവസം രാത്രി കളമശേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാം കഞ്ചാവും, അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ആലപ്പുഴ സ്വദേശി ആദിത്യന്‍,കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഭിരാജ്, ആദിത്യൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ആകാശിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്ക് വേണ്ടിയാണ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ച അഭിരാജിനെ കഴിഞ്ഞ ദിവസം എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ വിവരം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്‌ജീവാണ് പുറത്തുവിട്ടത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സംഘടന ഭാരവാഹികൾക്ക് പങ്കില്ലെന്നാണ് എസ്എഫ്ഐയുടെ വാദം.
അഭിരാജിനെ മനഃപൂർവം കുടുക്കിയതാണെന്നും, യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണ് എന്നാണ് ഏരിയ സെക്രട്ടറി ദേവരാജിൻ്റെ പ്രതികരണം. താൻ ഇന്നേവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിരാജ് പ്രതികരിച്ചിരുന്നു. ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്.