കൊല്ലപ്പെട്ട മൂന്ന് പേരും ബീഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം
ബെംഗളൂരുവിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബെംഗളൂരു അനേക്കലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നടന്ന പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരും ബീഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ആഘോഷത്തിനിടെ ഒരു സ്ത്രീയെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെ തുടർന്നാണ് തർക്കം ആരംഭിക്കുന്നത്. ബീഹാർ സ്വദേശികളായ ആറുപേരും മദ്യപിച്ചിരുന്നു. തർക്കത്തിനിടെ മരക്കമ്പും ഇരുമ്പ് വടികളും ഉപയോഗിച്ച് ആക്രമിച്ചതാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ടവരെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ആദ്യ മൃതദേഹം അപ്പാർട്ട്മെന്റ് പാസേജിൽ നിന്നും, രണ്ടാമത്തേത് ഒരു മുറിക്കുള്ളിലും മൂന്നാമത്തെ ആളുടെ മൃതദേഹം അപ്പാർട്ട്മെന്റിന് പുറത്തുമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. അൻസു (22), രാധേ ശ്യാം (23) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.