19 ഏജൻസികളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെയാണ് ട്രംപ് സർക്കാർ പുറത്താക്കിയത്
ഇലോണ്‍ മസ്ക്, ഡൊണാള്‍ഡ് ട്രംപ്
ഡൊണാൾഡ് ട്രംപ് ഭരണകൂടം പിരിച്ചുവിട്ട പ്രൊബേഷണറി ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ട് കോടതി. കാലിഫോർണിയയിലെയും മേരിലാൻഡിലെയും ഫെഡറൽ ജഡ്ജ്മാരാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. 19 ഏജൻസികളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെയാണ് ട്രംപ് സർക്കാർ പുറത്താക്കിയത്.
സർക്കാർ ബജറ്റ് വെട്ടിച്ചുരുക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമാക്കിയാണ് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പിന്റെ നിർദേശ പ്രകാരം വലിയ തോതിൽ പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ ഈ നടപടി ചോദ്യം ചെയ്ത ട്രേഡ് യൂണിയൻ ഹർജികൾ പരിഗണിച്ച ഫെഡറൽ കോടതികളുടെ തുടർച്ചയായുള്ള വിധികൾ ട്രംപിനും മസ്കിനും അനുകൂലമല്ല.
യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബ്രെഡാറിന്റെ നിരോധന ഉത്തരവ് പ്രകാരം മറ്റ് ഏജൻസികൾക്കൊപ്പം പരിസ്ഥിതി സംരക്ഷണ ഏജൻസി, ഉപഭോക്തൃ സാമ്പത്തിക സംരക്ഷണ ബ്യൂറോ, യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എന്നീ സർക്കാർ വകുപ്പുകളിൽ നിന്ന് പിരിച്ചുവിട്ടവരെയാണ് ജോലികളിൽ പുനസ്ഥാപിക്കാൻ നിർദേശിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലും ചെലവ് ചുരുക്കൽ നടപടികളിലും ഏർപ്പെട്ടിട്ടുള്ളവയാണ് ഈ മൂന്ന് ഏജൻസികളും. കൃഷി, വാണിജ്യം, വിദ്യാഭ്യാസം, ഊർജ്ജം, ആരോഗ്യം, മനുഷ്യ സേവനങ്ങൾ, ആഭ്യന്തര സുരക്ഷ, ഭവന, നഗര വികസനം, ആഭ്യന്തരം, തൊഴിൽ, ഗതാഗതം, ട്രഷറി, വെറ്ററൻസ് അഫയേഴ്‌സ് എന്നിവയാണ് ഉത്തരവിൽ ഉൾപ്പെടുന്ന മറ്റ് ഏജൻസികൾ.
ജീവനക്കാരുടെ പ്രകടനത്തിലെ പോരായ്മയോ മറ്റ് വ്യക്തിഗത കാരണങ്ങളാലോ ആണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് ജഡ്ജ് പറഞ്ഞു. നടന്നത് കൂട്ടപ്പിരിച്ചുവിടലാണെന്നും ഇക്കാര്യം മുൻകൂട്ടി അതാത് സ്റ്റേറ്റുകളെ അറിയിക്കേണ്ടിയിരുന്നുവെന്നും കോടതി അറിയിച്ചു. എങ്കിൽ മാത്രമേ തൊഴിൽ നഷ്ടപ്പെടുന്ന പൗരന്മാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സ്റ്റേറ്റുകൾക്ക് സാധിക്കുകയുള്ളുവെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി.
യുഎസ് പ്രതിരോധ വകുപ്പിൽ നിന്ന് അടക്കം പിരിച്ചുവിട്ട പ്രൊബേഷണറി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് മേരിലാൻഡ് കോടതി ജഡ്ജ് വില്യം അൾസപ്പ് ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു കാലിഫോർണിയ കോടതിയുടെ വിധി. നിയമപ്രകാരം മറ്റൊരു ഏജൻസിയിലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസിന് യാതൊരു അധികാരവുമില്ലെന്നായിരുന്നു ജഡ്ജിന്റെ ഉത്തരവ്. ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം അതാത് ഏജൻസികൾക്കാണ് കോൺഗ്രസ് അനുവദിച്ചു നൽകിയിരിക്കുന്നതെന്നും വില്ല്യം അൾസപ് പറഞ്ഞു.
ജനുവരിയിൽ അധികാരത്തിൽ എത്തിയ അന്നു മുതൽ ഫെഡറൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് ട്രംപും ഇലോൺ മസ്കും. ഇത്തരത്തിൽ സർക്കാരിന്റെ കാര്യക്ഷമത കൂട്ടാനും ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഇലോൺ മസ്ക് പറയുന്നത്. പ്രൊബേഷണറി തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ നടന്നത്. ഒരു വർഷത്തിൽ മാത്രം പ്രവർത്തന പരിചയമുള്ളവരായതിനാൽ പിരിച്ചുവിടലിനെ ചോദ്യം ചെയ്യാൻ ഇവരിൽ പലർക്കും സാധിക്കുമായിരുന്നില്ല. മറ്റ് സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് ഇവർക്ക് തൊഴിൽ സംരക്ഷണം കുറവാണ്. പൊതുവെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ജോലി നിലനിന്നിരുന്നത്. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കുറഞ്ഞത് 24,000 പേരെ പിരിച്ചുവിട്ടതായാണ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സ്റ്റേറ്റുകൾ കഴിഞ്ഞയാഴ്ച പിരിച്ചുവിടലുകളെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിൽ പറയുന്നത്.