കുൽഗാമിലെ അഡിഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. കുൽഗാമിലെ അഡിഗാം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുൽഗാം അഡീഷണൽ എസ്‌പി മുംതാസ് അലി ഭട്ടി, രാഷ്ട്രീയ റൈഫിൾസിലെ ശിപായിമാരായ മോഹൻ ശർമ, സോഹൻ കുമാർ, യോഗീന്ദർ, മുഹമ്മദ് ഇസ്രാൻ എന്നിവർക്കാണ് പരുക്കേറ്റത്. അഡിഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ ഊർജിതമാക്കിയത്. ഇതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഭീകരർ രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ മാർഗവും സ്വീകരിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
4000 ത്തിലധികം സൈനികരെ കശ്‌മീരിലെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും ഇതേതുടർന്ന് കശ്‌മീരിൽ ആക്രമസാധ്യതകളുടെ നിരക്കിൽ കുറവ് വന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.