പറയാനുള്ളതെല്ലാം തുറന്നു പറയുന്ന ആളാണ് ഇ.പി. ജയരാജന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുമുണ്ട്. ജയരാജന്‍ പറയാത്ത കാര്യങ്ങള്‍ ഡിസി ബുക്‌സ് ചേര്‍ക്കുമെന്ന് കരുതുന്നില്ല.
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യുഡിഎഫ് നേതാക്കള്‍. ഇ.പി. പറയുന്നത് കളവാണെന്നും ഇതുപോലെ ഒരു കാര്യം ഒരിക്കലും ഡിസി ബുക്‌സ് സ്വയം എഴുതി ചേര്‍ക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ഇ.പി. ജയരാജന്റെ ചാട്ടം ബിജെപിയിലേക്കാണെന്നും അദ്ദേഹം ബിജെപി നേതാക്കന്മാരുമായല്ലേ കൂടിക്കാഴ്ച നടത്തുന്നതെന്നും കെ. സുധാകരന്‍ പരിഹസിച്ചു.
' നല്ല സമയത്താണ് വിവാദം വന്നത്. സാധാരണക്കാരായ ജനങ്ങളുടെ പള്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. ചേലക്കരയില്‍ നാല് ദിവസം ക്യാംപ് ചെയ്തിരുന്നു. അവിടുത്തെ സാധാരണക്കാരായ വോട്ടര്‍മാരോട് ഇടപഴകിയിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി സിപിഎം പ്രവര്‍ത്തകരെ കാണുമ്പോള്‍ അവരുടെ മനസിനകത്തും വലിയ അമര്‍ഷവും പ്രതിഷേധവുമാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ ആര്‍ക്കും തൃപ്തിയില്ല. അതിന്റെയെല്ലാം പ്രതിഫലനം ഇത്തവണ ചേലക്കര തെരഞ്ഞെടുപ്പില്‍ കാണാനാകും. ഒരു കാലത്ത് നമ്മള്‍ പറഞ്ഞ രാഷ്ട്രീയം ഇന്ന് ശരിയാണെന്ന് ബോധ്യം വരുന്ന രീതിയിലാണ് ഈ പ്രഖ്യാപനങ്ങളും പ്രസ്താവനകളുമൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ജയരാജന്റെ പ്രവര്‍ത്തനവും അതിലൊന്നായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇപ്പോഴത്തെ ചാട്ടം വെച്ചുനോക്കുമ്പോള്‍ ഇ.പി. ജയരാജന്‍ ബിജെപിയില്‍ പോകാനാണ് സാധ്യത. അദ്ദേഹം ബിജെപിയുടെ നേതാക്കന്മാരെയാണ് ഇടയ്‌ക്കെല്ലാം പോയി കാണുന്നത്. അവരെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒന്നും മറച്ചു വെച്ചിട്ടൊന്നുമില്ല. അതില്‍ ബിജെപിയുമായി ഒരു സംസര്‍ഗം വരാനുള്ള സാധ്യതയാണ് കാണുന്നത്,' കെ. സുധാകരന്‍ പറഞ്ഞു.
കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആണ് അവരൊക്കെ. അവരെ പോലുള്ളവര്‍ ഇത്തരത്തില്‍ ശുദ്ധ അസംബന്ധവും നുണയും പറയുന്നത് ഒരു നേതൃത്വത്തിന് യോജിച്ചതല്ല. ഏത് പാര്‍ട്ടിയായാലും പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും കുറച്ച് സത്യസന്ധത കാണിക്കണം. ഡിസി ബുക്‌സ് ഇ.പി. പറയാത്ത ഒരു കാര്യം സ്വയം എഴുതിച്ചേര്‍ക്കുമെന്ന് കരുതുന്നുണ്ടോ? വളരെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണത്. ഇത് ഒരു വീണുകിട്ടിയ സന്ദര്‍ഭമായാണ് അവരും കാണുന്നത്. ഞങ്ങളും കാണുന്നതെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇ.പി. ജയരാജന്‍ നിഷ്‌കളങ്കന്‍ ആണെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. പറയാനുള്ളതെല്ലാം തുറന്നു പറയുന്ന ആളാണ് ഇ.പി. ജയരാജന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും മിത്രങ്ങളുമുണ്ട്. ജയരാജന്‍ പറയാത്ത കാര്യങ്ങള്‍ ഡിസി ബുക്‌സ് ചേര്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കൊണ്ടാണ് ജയരാജന്‍ വാര്‍ത്ത നിഷേധിച്ചത്. ഇതിനു മുന്‍പും ജയരാജന്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടുണ്ട്. ജയരാജന്‍ എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ അതു പോലെ തന്നെ പ്രസിദ്ധീകരിക്കണം. എല്ലാ കാലത്തും അഭിപ്രായങ്ങള്‍ ഇരുമ്പുമറയ്ക്കുള്ളില്‍ ഒളിച്ചുവെയ്ക്കാനാവില്ല. ജയരാജന്‍ അഭിവാദ്യങ്ങള്‍,' തിരുവഞ്ചൂര്‍ പറഞ്ഞു.
ജയരാജന് കമ്പോളത്തില്‍ റേറ്റിംഗ് കൂടിയെന്നും പാര്‍ട്ടിക്ക് ഇപിയെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ഇപി കൂടി ചേര്‍ന്നാലേ സിപിഎം സിപിഎം ആകൂ എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐഎമ്മില്‍ എന്നും വിവാദമാണെന്ന് പി.കെ. ബഷീര്‍ എംഎല്‍എ പ്രതികരിച്ചു. ഇ.പി. ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു. ഇന്നത്തെ ദിവസം പുസ്തകവുമായി ബന്ധപ്പെട്ട് വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇ പി-അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ലെന്നായിരുന്നു പി.കെ. ബഷീര്‍ എംഎല്‍എയുടെ പ്രതികരണം.
ചില കാര്യങ്ങളില്‍ ഇപി ജയരാജന് ദീര്‍ഘ വീക്ഷണം ഉണ്ടെന്നായിരുന്നു വികെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണം. പാര്‍ട്ടിക്ക് വയ്യാവേലി ആകുമെന്നത് ജയരാജന്‍ പറയാതെ തന്നെ അറിയാം. അത് കോണ്‍ഗ്രസിനെ സംബന്ധിക്കുന്ന വിഷയം അല്ലെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
സിപിഎം കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സിപിഎമ്മിന്റെ സംരക്ഷകര്‍ ആയി ബിജെപിയും ബിജെപിയുടെ സംരക്ഷകരായി സിപിഎം മാറും. ഇ.പി. ജയരാജന്റെ പുസ്തകം ഉറപ്പായും വായിക്കും. സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വെളിപ്പെടുത്തലുകള്‍ ആ പുസ്തകത്തില്‍ ഉണ്ടാകും. കോണ്‍ഗ്രസ് ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.