കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി നികുതി പരിഷ്കരണങ്ങള്‍ എന്നീ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ 'വികസിത് ഭാരത്' എന്ന സങ്കൽപ്പത്തിലേക്ക് അടുക്കാം എന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
തെലുങ്ക് കവിയും നാടകകൃത്തുമായ ശ്രീ ഗുരജാഡ അപ്പാറാവുവിന്റെ ‘ഒരു രാജ്യം എന്നാൽ അതിന്റെ മണ്ണു മാത്രമല്ല; ഒരു രാജ്യം എന്നാൽ അതിന്റെ ജനങ്ങളാണ്’ എന്ന പ്രസിദ്ധമായ വാക്യം ഉദ്ധരിച്ചാണ് ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഉയർന്ന നിലവാരമുള്ളതും താങ്ങാനാകുന്നതും സമഗ്രവുമായ ആരോഗ്യപരിരക്ഷ, വൈദഗ്ധ്യമുള്ള തൊഴിൽശക്തി, സാമ്പത്തികമായുള്ള സ്ത്രീകളുടെ ശാക്തീകരണം, കർഷകരുടെ ഉന്നമനം എന്നിവയാണ് ബജറ്റിലെ പദ്ധതികൾ ലക്ഷ്യമാക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി നികുതി പരിഷ്കരണങ്ങള്‍ എന്നീ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ 'വികസിത് ഭാരത്' എന്ന സങ്കൽപ്പത്തിലേക്ക് അടുക്കാം എന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
Also Read: UNION BUDGET 2025 | നൈപുണ്യ കേന്ദ്രങ്ങള്‍, എഐ, പിന്നെ സ്ഥിരം ഐഐടി വികസനവും
കൃഷി
പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന - ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വിളകളുടെ വൈവിധ്യവൽക്കരണത്തിനും വിളവെടുപ്പിനു ശേഷമുള്ള സംഭരണം വർധിപ്പിക്കുന്നതിനും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല-ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുന്നതിനുമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണിത്. 100 ജില്ലകൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഗ്രാമീണ സമൃദ്ധിയും പുനരുജ്ജീവനവും - നൈപുണ്യവികസനം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ എന്നിവയിലൂടെ കാർഷിക മേഖലയിലെ അപര്യാപ്തത പരിഹരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. ഗ്രാമീണ സ്ത്രീകൾ, യുവ കർഷകർ, ഗ്രാമീണ യുവാക്കൾ, നാമമാത്ര-ചെറുകിട കർഷകർ, ഭൂരഹിത കുടുംബങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമപ്രദേശങ്ങളിൽ ധാരാളം അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പയർവർഗ കൃഷിയിലെ സ്വയംപര്യാപ്തത - തുവര, ഉഴുന്ന്, മൈസൂർ പരിപ്പ് (മസൂർ) എന്നിവയ്ക്കാണ് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നത്. ആറുവർഷം നീളുന്നതാണ് ഈ ദൗത്യം. അടുത്ത നാലു വർഷത്തിൽ കർഷകരിൽ നിന്ന് വാഗ്ദാനം ചെയ്യുന്നത്രയും തോതിൽ ഈ മൂന്നു പയർ വർഗങ്ങൾ സംഭരിക്കാൻ കേന്ദ്ര ഏജൻസികൾ (NAFED, NCCF) തയ്യാറാകുമെന്ന് ധനമന്ത്രി അറിയിച്ചു.
കിസാൻ ക്രെഡിറ്റ് കാർഡ് - പരിഷ്കരിച്ച പലിശ ഇളവു പദ്ധതി പ്രകാരം, കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി എടുക്കുന്ന വായ്പകൾക്കുള്ള വായ്പാപരിധി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
പച്ചക്കറികൾക്കും പഴങ്ങൾക്കുമായുള്ള സമഗ്ര പരിപാടി, ഉയർന്ന വിളവു നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യം, പരുത്തി ഉൽപ്പാദനക്ഷമതയ്ക്കുള്ള അഞ്ച് വർഷത്തെ ദൗത്യം എന്നിവയ്ക്കുള്ള നടപടികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ)
രാജ്യത്തെ കയറ്റുമതിയുടെ 45 ശതമാനവും വഹിക്കുന്ന എംഎസ്എംഇകളെ വികസനത്തിനുള്ള രണ്ടാമത്തെ ഊർജ സങ്കേതമായാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ എംഎസ്എംഇകളുടെയും വർഗീകരണത്തിനായുള്ള നിക്ഷേപ-വിറ്റുവരവ് പരിധികൾ യഥാക്രമം രണ്ടരമടങ്ങും രണ്ടുമടങ്ങും ആയി വർധിപ്പിച്ചു. കൂടാതെ, ഈടു പരിരക്ഷയോടെ വായ്പാ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചു. ഉയർന്ന തോതിലുള്ള കാര്യക്ഷമത, സാങ്കേതിക നവീകരണം, മൂലധനത്തിലേക്കുള്ള മികച്ച പ്രവേശനം എന്നിവ കൈവരിക്കാൻ എംഎസ്എംഇകളെ സഹായിക്കുകയാണ് ലക്ഷ്യം.
ആദ്യമായി സംരംഭകരാകുന്ന അഞ്ച് ലക്ഷം സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായി പുതിയ പദ്ധതി ആരംഭിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഇതിനായി രണ്ട് കോടി രൂപ വരെ തവണ വായ്പകൾ നൽകും.
‘മെയ്ഡ് ഇൻ ഇന്ത്യ’ ബ്രാൻഡിനെ പ്രതിനിധാനം ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. “മെയ്ക്ക് ഇൻ ഇന്ത്യ” പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട-ഇടത്തരം-വൻകിട വ്യവസായങ്ങളെ ഉൾപ്പെടുത്തി ദേശീയ നിർമാണ ദൗത്യം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നിക്ഷേപം
നിക്ഷേപത്തെ വളർച്ചയുടെ മൂന്നാം സങ്കേതമായാണ് നിർമല സീതാരാമൻ നിർവചിച്ചത്. ജനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും, നവീകരണത്തിലുമുള്ള നിക്ഷേപങ്ങൾക്കാണ് മുൻഗണന എന്നും ധനമന്ത്രി വ്യക്തമാക്കി.
അടൽ ടിങ്കറിങ് ലാബ് - ജനങ്ങളുടെ നിക്ഷേപത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിക്കും
ഭാരത്‌നെറ്റ് - ഗ്രാമപ്രദേശങ്ങളിലെ എല്ലാ ഗവണ്മെന്റ് സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്‌ബാൻഡ് സൗകര്യം ഏർപ്പെടുത്തും.
ഭാരതീയ ഭാഷാ പുസ്തക് സ്കീം - സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ ലഭ്യമാക്കും.
മേക്ക് ഫോർ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് - നിർമാണത്തിന് ആവശ്യമായ കഴിവുകൾ യുവാക്കളിൽ സജ്ജമാക്കും. ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യവികസനത്തിനായുള്ള അഞ്ച് ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കും.
നിർമിതബുദ്ധി വികസന കേന്ദ്രം - മൊത്തം 500 കോടി രൂപ ചെലവിൽ വിദ്യാഭ്യാസത്തിനായുള്ള നിർമിതബുദ്ധി വികസന കേന്ദ്രം സ്ഥാപിക്കും.
ഗിഗ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ - ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി, പിഎം ജൻ ആരോഗ്യ യോജനപ്രകാരം ഗവണ്മെന്റ് ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ നൽകും.
സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപത്തിനുകീഴിൽ, അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പിപിപി മാതൃകയിൽ മൂന്ന് വർഷത്തെ പദ്ധതികൾ ആവിഷ്കരിക്കും.
സംസ്ഥാനങ്ങൾക്കു മൂലധന ചെലവിനും പരിഷ്കാരങ്ങൾക്കുള്ള പ്രോത്സാഹനങ്ങൾക്കുമായി 50 വർഷത്തെ പലിശരഹിത വായ്പ നൽകാൻ ഒന്നരലക്ഷം കോടി രൂപ വകയിരുത്തി.
ജൽ ജീവൻ ദൗത്യം - ജലവിതരണപദ്ധതികളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദൗത്യം 2028 വരെ ദീർഘിപ്പിച്ചു.
അർബൻ ചലഞ്ച് ഫണ്ട് - ‘നഗരങ്ങളെ വളർച്ചാകേന്ദ്രങ്ങളാക്കൽ’, ‘നഗരങ്ങളുടെ സർഗാത്മക പുനർവികസനം’, ‘ജലവും ശുചിത്വവും’ എന്നീ പദ്ധതികൾ നടപ്പാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടിനു ഗവണ്മെന്റ് രൂപംനൽകും.
ജ്ഞാനഭാരതം ദൗത്യം - അക്കാദമിക സ്ഥാപനങ്ങൾ, പ്രദർശനാലയങ്ങൾ, ലൈബ്രറികൾ, സ്വകാര്യ ശേഖരണക്കാർ എന്നിവരുമായി ചേർന്ന് ഒരു കോടിയിലധികം കൈയെഴുത്തുപ്രതികളുടെ സർവേ, രേഖപ്പെടുത്തൽ, സംരക്ഷണം എന്നിവയ്ക്കായുള്ള ദൗത്യം. ദേശീയ ഡിജിറ്റൽ ശേഖരണവും ബജറ്റ് നിർദേശിച്ചിട്ടുണ്ട്.
കയറ്റുമതി
വാണിജ്യ-എംഎസ്എംഇ-ധനകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തിൽ, കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കയറ്റുമതി വിപണി പ്രയോജനപ്പെടുത്താൻ എംഎസ്എംഇകളെ ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരത് ട്രേഡ് നെറ്റ് - വ്യാപാരരേഖകൾ ശേഖരിച്ച് ഉപയോഗപ്പെടുത്തുന്നതിനും ധനസഹായ പ്രതിവിധികൾക്കുമുള്ള ഏകീകൃത സംവിധാനമായി അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഡിജിറ്റൽ സൗകര്യമൊരുക്കാൻ നിർദേശം നൽകി.
ഉയർന്ന മൂല്യമുള്ളതും വേഗം കേടുവരുന്നതുമായ ഹോർട്ടികൾച്ചർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വ്യോമമാർഗമുള്ള ചരക്കുനീക്കത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും.
സാമ്പത്തിക മേഖല പരിഷ്കാരങ്ങളും വികസനവും
'ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക' (‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’) എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനും, സേവനങ്ങൾ വികസിപ്പിക്കുന്നതിനും, ശക്തമായ നിയന്ത്രണ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും, അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, കാലഹരണപ്പെട്ട നിയമ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനും, ഇന്ത്യയിലെ സാമ്പത്തിക മേഖലയിലുടനീളമുള്ള മാറ്റങ്ങൾ നിർദേശിക്കുന്നതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ഇൻഷുറൻസിനുള്ള നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തും. ഇത് മുഴുവൻ പ്രീമിയവും ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് ലഭ്യമാകും.
മറ്റ് പരിഷ്കരണങ്ങൾ
1. റെഗുലേറ്ററി പരിഷ്കാരങ്ങൾക്കായുള്ള ഉന്നതതല സമിതി
2. 2025-ൽ സംസ്ഥാനങ്ങളുടെ നിക്ഷേപ സൗഹൃദ സൂചിക ആരംഭിക്കും.
3. സാമ്പത്തിക മേഖലയുടെ പ്രതികരണശേഷിയും വികസനവും വർധിപ്പിക്കുന്നതിന് ചട്ടക്കൂട് രൂപപ്പെടുത്തും.
4. വിവിധ നിയമങ്ങളിലെ 100-ലധികം വ്യവസ്ഥകൾ ഒഴിവാക്കിക്കൊണ്ട് ജൻ വിശ്വാസ് ബിൽ 2.0
ധനകാര്യ ഏകീകരണം
കേന്ദ്ര ഗവണ്മെന്റിന്റെ കടം ഓരോ വർഷവും ജിഡിപിയുടെ ഒരു ശതമാനമായി കുറയുന്ന തരത്തിൽ ധനക്കമ്മി നിലനിർത്താൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ധനക്കമ്മിയുടെ 2024-25 ലെ പുതുക്കിയ കണക്ക് ജിഡിപിയുടെ 4.8 ശതമാനമാണെന്നും 2025-26 ലെ ബജറ്റിൽ അത് ജിഡിപിയുടെ 4.4 ശതമാനമാണെന്നും നിർമല സീതാരാമൻ വിശദീകരിച്ചു.
Also Read: UNION BUDGET 2025 | പുതിയ ബജറ്റിൽ കാർഷിക മേഖലയ്ക്ക് എന്തൊക്കെ ലഭിച്ചു? വിശദമായി അറിയാം
നികുതി
2025-26 ലെ കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സമ്പ്രദായത്തിന് കീഴിൽ പുതിയ നികുതി സ്ലാബുകളും നിരക്കുകളും നിർദേശിച്ചു. മധ്യവർഗത്തെ വിശ്വാസത്തിലെടുത്താണ് ഈ നിർദേശങ്ങളെന്ന് ധനമന്ത്രി പറഞ്ഞു.
മൊത്തം വരുമാനം പ്രതിവർഷം ₹ 12 ലക്ഷം വരെയുള്ളവർക്ക്, അതായത് പ്രതിമാസം ശരാശരി 1 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്, മൂലധന നേട്ടം പോലുള്ള പ്രത്യേക നിരക്ക് വരുമാനം ഒഴികെ, ആദായനികുതി അടയ്ക്കേണ്ടതില്ല.
പ്രതിവർഷം ₹ 12.75 ലക്ഷം വരെ വരുമാനമുള്ള ശമ്പളക്കാരായ വ്യക്തികൾക്ക് ₹ 75,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ നികുതി ആദായനികുതി അടയ്‌ക്കേണ്ടതില്ല.
പുതിയ നികുതി ഘടനയും മറ്റ് നേരിട്ടുള്ള നികുതി നിർദേശങ്ങളും വഴി ഗവണ്മെന്റിന് ഏകദേശം ₹ 1 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ടിഡിഎസ്/ടിസിഎസ് യുക്തിസഹമാക്കുന്നതിനായി, മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശയിൽ നിന്നുള്ള നികുതി കിഴിവ് പരിധി ബജറ്റിൽ ഇരട്ടിയാക്കി. അതായത് നിലവിലുള്ള ₹50,000 ൽ നിന്ന് ₹1 ലക്ഷമാക്കി ഉയർത്തി.
വാടകയുടെ ടിഡിഎസ് പരിധി പ്രതിവർഷം ₹2.4 ലക്ഷത്തിൽ നിന്ന് ₹6 ലക്ഷമായി ഉയർത്തി. ടിസിഎസിനുള്ള പരിധി ₹10 ലക്ഷമായി ഉയർത്തുക, പാൻ ഇതര കേസുകളിൽ മാത്രം ഉയർന്ന ടിഡിഎസ് കിഴിവുകൾ തുടരുക എന്നിവയാണ് മറ്റ് നടപടികൾ. ടിഡിഎസ് അടയ്ക്കുന്നതിലെ കാലതാമസം ക്രിമിനൽ കുറ്റമല്ലാതാക്കിയ പിന്നാലെ ടിസിഎസ് പേയ്‌മെന്റുകളിലെ കാലതാമസവും ക്രിമിനൽ കുറ്റമല്ലാതാക്കി.
സ്വമേധയാ നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, ഏതൊരു അസസ്‌മെന്റ് വർഷത്തേക്കും പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി, ബജറ്റിൽ നിലവിലെ രണ്ട് വർഷത്തെ പരിധിയിൽ നിന്ന് നാല് വർഷമായി നീട്ടി.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, സംയോജന കാലയളവ് 5 വർഷത്തേക്ക് നീട്ടി. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, സോവറിൻ വെൽത്ത് ഫണ്ടുകളിലും പെൻഷൻ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനുള്ള കാലയളവ് ബജറ്റ് അഞ്ച് വർഷം കൂടി ദീർഘിപ്പിച്ച് 2030 മാർച്ച് 31 വരെ നീട്ടി.
മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും ഇറക്കുമതിയിൽ ആശ്വാസം എന്ന നിലയിൽ, കാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കുള്ള 36 ജീവൻരക്ഷാ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) നിന്ന് പൂർണ്ണമായും ഒഴിവാക്കി.
രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുകയാണെങ്കിൽ, 37 മരുന്നുകളും 13 പുതിയ മരുന്നുകളും അവയുടെ ചേരുവകകളും അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഭ്യന്തരമായി ലഭ്യമല്ലാത്ത 25 നിർണായക ധാതുക്കളുടെ ബിസിഡി 2024 ജൂലൈയിൽ ഒഴിവാക്കി. 2025-26 ബജറ്റിൽ കോബാൾട്ട് പൊടിയും അവശിഷ്ടങ്ങളും, ലിഥിയം-അയൺ ബാറ്ററി അവശിഷ്ടം, ലെഡ്, സിങ്ക്, മറ്റ് 12 നിർണായക ധാതുക്കൾ എന്നിവ പൂർണമായും ഒഴിവാക്കി.
ആഭ്യന്തര തുണിത്തരങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, പൂർണമായും ഒഴിവാക്കപ്പെട്ട തുണിത്തര യന്ത്രങ്ങളിൽ രണ്ടുതരം ഷട്ടിൽ-ലെസ് തറികൾ കൂടി ചേർത്തു. കൂടാതെ, “10% മുതൽ 20% വരെ” എന്നതിൽനിന്ന് ഒമ്പത് താരിഫ് ലൈനുകൾ ഉൾക്കൊള്ളുന്ന നെയ്തെടുത്ത തുണിത്തരങ്ങളുടെ ബിസിഡി, “20% അല്ലെങ്കിൽ ₹ 115 കിലോഗ്രാം, ഇതിൽ ഏതാണ് ഉയർന്നത്” എന്ന നിലയിൽ പരിഷ്കരിച്ചു.
രാജ്യത്ത് ലിഥിയം-അയൺ ബാറ്ററി നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി, വൈദ്യുതവാഹന ബാറ്ററി നിർമാണത്തിനുള്ള 35 അധിക മൂലധന സാമഗ്രികളും, മൊബൈൽ ഫോൺ ബാറ്ററി നിർമാണത്തിനുള്ള 28 അധിക മൂലധന സാമഗ്രികളും ഒഴിവാക്കപ്പെട്ട മൂലധന വസ്തുക്കളുടെ പട്ടികയിൽ ചേർത്തു.
ജനാധിപത്യം, ജനസംഖ്യ, ആവശ്യകത എന്നിവയാണ് വികസിത ഭാരത യാത്രയുടെ പ്രധാന സ്തംഭങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്ക് മധ്യവർഗം കരുത്തുപകരുന്നെന്നും അവരുടെ സംഭാവനകളെ മാനിച്ച് ഗവണ്മെന്റ് ‘നികുതിരഹിത’ സ്ലാബ് വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണം എത്തിക്കുന്നതിലൂടെ ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവയെ ഗണ്യമായി ഉത്തേജിപ്പിക്കാൻ നിർദിഷ്ട നികുതി ഘടന സഹായിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.