fbwpx
UNION BUDGET 2025 | ഇൻകം ടാക്സ് ഘടന പരിഷ്ക്കരിച്ചു, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ഇനി നികുതി അടയ്ക്കേണ്ട
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 03:47 PM

ആദായ നികുതിയിലെ പുതിയ ഘടന അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബില്ലിൽ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു

NATIONAL


ആദായനികുതി ഘടന സമ്പൂർണമായി പരിഷ്കരിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 12 ലക്ഷം രൂപവരെ വാർഷിക വരുമാനം ഉള്ളവർ ഇനി നികുതി അടയ്ക്കേണ്ടി വരില്ല. നികുതിയില്ലാത്ത ആദായ പരിധി മൂന്നു ലക്ഷത്തിൽ നിന്ന് നാലു ലക്ഷമായി ഉയർത്തി. വീട്ടുവാടകയിലെ ടിഡിഎസും ഒഴിവാക്കി. ആദായ നികുതിയിലെ പുതിയ ഘടന അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബില്ലിൽ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.


ആനന്ദം എന്ന വാക്കിന്‍റെ അർത്ഥം ശമ്പളക്കാർ മനസിലാക്കിയ ദിവസമായിരിക്കും ഇത്. ഇനി 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ അടുത്തവർഷം മുതൽ നികുതി അടയ്ക്കേണ്ടതില്ല. 12 ലക്ഷമെന്നാണ് ധനമന്ത്രി പറഞ്ഞതെങ്കിലും 12 ലക്ഷത്തി 75,000 രൂപ വരെ വരുമാനമുള്ളവർക്ക് മറ്റു ഇളവുകൾ ഉണ്ടെങ്കിൽ നികുതി അടയ്ക്കേണ്ടി വരില്ല.


നിലവിലുണ്ടായിരുന്ന പുതിയ സ്കീമിൽ ഇത് ഏഴര ലക്ഷം ലക്ഷം രൂപ വരെ മാത്രമായിരുന്നു. മാസം ഒരു ലക്ഷത്തി ആറായിരം രൂപ വരെ വരുമാനമുള്ളവരെല്ലാം നികുതിരഹിതരാകുമെന്നാണ് ഈപ്രഖ്യാപനം അർത്ഥമാക്കുന്നത്. നിവലിൽ 65,000 രൂപയ്ക്കു മുകളിൽ മാസ ശമ്പളം ഉള്ളവരെല്ലാം നികുതിവിധേയർ ആയിരുന്നു. ഇതോടൊപ്പം പുതിയ ആദായ നികുതി ഘടനയും പ്രഖ്യാപിച്ചു.


പുതിയ നികുതി സ്ലാബുകൾ

0-4 ലക്ഷം ഇല്ല
4-8 ലക്ഷം 5%
8-12ലക്ഷം 10%
12-16ലക്ഷം 15%
16-20 ലക്ഷം 20%
20-24 ലക്ഷം 25%
24 ലക്ഷം മുതൽ 30%


നിലവിലെ ഘടന

3 ലക്ഷം വരെ ഇല്ല
3-7 ലക്ഷം 5%
7-10 ലക്ഷം 10%
10-12 ലക്ഷം 15%
12-15 ലക്ഷം 20%
15 ലക്ഷം മുതൽ 30%


പുതിയ ആദായ നികുതി ഘടന ബാധകമാകുന്നത് ശമ്പളമായും മറ്റു വഴികളിലും വർഷം 12 ലക്ഷം രൂപയിൽ കൂടുതൽ ഉള്ളവർക്കു മാത്രമാണ്. നിലവിൽ നികുതി ബാധകമല്ലാത്ത വരുമാന പരിധി മൂന്നു ലക്ഷം ആയിരുന്നെങ്കിൽ ഇനി അത് നാലു ലക്ഷമാകും. നാലു ലക്ഷം മുതൽ എട്ടു ലക്ഷം വരെ അഞ്ചു ശതമാനവും, എട്ടു ലക്ഷം മുതൽ 12 ലക്ഷം വരെ 10 ശതമാനവും ആയിരിക്കും നികുതി.

12 മുതൽ 16 ലക്ഷം വരെ 15 ശതമാനവും 16 മുതൽ 20 ലക്ഷം വരെ 20 ശതമാനവും 20 മുതൽ 24 ലക്ഷം വരെ 25 ശതമാനവും ആയിരിക്കും നികുതി. 24 ലക്ഷം മുതൽ 30 ശതമാനവും ആണ് പുതിയ ഘടനയിൽ. 25 ശതമാനത്തിന്റെ പുതിയ സ്ലാബ് വന്നു എന്നതാണ് പ്രധാന നേട്ടം. നിലവിലുള്ള പുതിയ സമ്പ്രദായത്തിലെ നികുതി മൂന്നു മുതൽ 7 ലക്ഷം വരെയായിരുന്നു 5 ശതമാനം. പുതിയ ഘടനയിൽ 5 ശതമാനം വരുന്നത് 8 ലക്ഷം വരെയാണ്. ഏഴു മുതൽ 10 ലക്ഷം വരെ 10 ശതമാനവും 10 മുതൽ 12 ലക്ഷം വരെ 15 ശതമാനവും ആയിരുന്നു.

15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിനു മുകളിൽ 30 ശതമാനവുമാണ് നൽകിയിരുന്നത്. ഇനി മുതൽ 30 ശതമാനം നികുതി അടയ്ക്കേണ്ടത് 24 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരാണ്. മാസം രണ്ടു ലക്ഷം രൂപയിൽ അധികം വരുമാനമുണ്ടെങ്കിൽ മാത്രമേ ഇനി 30 ശതമാനം ഘടന ബാധകമാവുകയുള്ളു. പുതിയ നികുതി ഘടന ഏതൊക്കെ രീതിയിലാണ് ബാധിക്കുക എന്നറിയാൻ ഒരാഴ്ച കൂടി കാത്തിരിക്കണം.


ഇതിനൊപ്പം ഇടത്തരക്കാരെ ആശ്വസിപ്പിക്കുന്ന നിരവധി പ്രഖ്യാപനങ്ങളുമുണ്ട്. വീട്ടു വാടകയിൽ ടിഡിഎസ് പിടിക്കുന്നത് ഇനി വർഷം ആറ് ലക്ഷം രൂപയിൽ കൂടുതൽ വാടക ഉണ്ടെങ്കിൽ മാത്രമാണ്. മാസം 50,000 രൂപയുടെ വരെ വാടകയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ഇനി ടിഡിഎസ് ബാധകമല്ല. 10 ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്കും ടിഡിഎസ് ബാധകമല്ല.

ആരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനമാണ് ആദായ നികുതി ഇളവിലൂടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. ഇടത്തരക്കാരെ ലക്ഷ്യമിട്ടും ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുമുള്ള ബിജെപിയുടെ തന്ത്രം വിളിച്ചോതുന്നതുമായി മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ്.

KERALA
ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല; ഇയാൾ കുട്ടിയ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ ബജറ്റിൽ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി; കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് എം.വി. ഗോവിന്ദൻ