ദമ്പതികളുടെ മകനാണ് ഇവർ കഴിഞ്ഞിരുന്ന വീട്ടിലെത്തി താക്കോൽ നൽകിയത്
തിരുവനന്തപുരം വർക്കല അയിരൂരിൽ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയ സദാശിവനും സുഷമയും തിരികെ വീട്ടിൽ പ്രവേശിച്ചു. ദമ്പതികളുടെ മകനാണ് ഇവർ കഴിഞ്ഞിരുന്ന വീട്ടിലെത്തി താക്കോൽ നൽകിയത്. മകൾ സിജി മറ്റൊരു വീട്ടിലേക്ക് മാറിയെന്നാണ് വിവരം.
മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സിജിക്കും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ഭയന്നാണ് മകൾ വീട് വിട്ടുനൽകിയതെന്നാണ് സൂചന. വിഷയത്തിൽ ഇടപെട്ട സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് സദാശിവനേയും സുഷമയേയും വീടിന് പുറത്താക്കി മകൾ ഗേറ്റ് പൂട്ടിയത്.
79ഉം 73ഉം വയസുള്ള ദമ്പതികളെയാണ് മകൾ കഴിഞ്ഞ ദിവസം പുറത്താക്കിയത്. പൊലീസെത്തിയിട്ടും മാതാപിതാക്കളെ വീട്ടിനകത്ത് കയറ്റാൻ മകൾ വഴങ്ങിയിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ താമസിക്കാൻ എത്തിയപ്പോഴാണ് സദാശിവനും സുഷമയ്ക്കും ഈ ദുരനുഭവമുണ്ടായത്.
മകൾ സിജി ഗേറ്റ് അടച്ചതോടെ പ്രായംചെന്ന മാതാപിതാക്കൾക്ക് ഏറെനേരം പുറത്തിരിക്കേണ്ടിവന്നു. അയിരൂർ പൊലീസ് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി മകളോട് സംസാരിച്ചെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാൻ വഴങ്ങിയില്ല. ഇതോടെ സദാശിവൻ വീടിൻറെ ഗേറ്റ് പൊളിച്ച് അകത്തു കടന്നു.എന്നാൽ വീടിൻറെ വാതിൽ തുറക്കാതെ മകൾ അകത്തുതന്നെ തുടർന്നു.
മകൾ ഒരുതരത്തിലും വഴങ്ങാതായതോടെയാണ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. ഇതിനു മുൻപും സിജി മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയിരുന്നു. സദാശിവനും സുഷമയും നേരത്തെ തന്നെ സ്വത്ത് വകകൾ മകളുടെ പേരിലേക്ക് എഴുതിവെച്ചതാണ്.