fbwpx
ജനപ്രീതി ഉയർത്താൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ് ; പ്രതിരോധ, കാർഷിക മേഖലയിൽ ഒഴികെ സർക്കാർ വിപണി തുറക്കൽ പൂർത്തിയാക്കുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 05:17 PM

1991ലെ നരസിംഹറാവു സർക്കാർ ആരംഭിച്ച വിപണി തുറക്കൽ പ്രതിരോധം, കൃഷി എന്നീ മേഖലകളിൽ ഒഴികെ ഇതോടെ പൂർണമാവുകയാണ്.

NATIONAL


നൂൽപ്പാലത്തിൽ നിൽക്കുന്ന സർക്കാറിന്‍റെ ജനപ്രീതി ഉയർത്താൻ ശമ്പളക്കാർക്ക് വമ്പൻ ഇളവുകൾ. തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിന് പേരെടുത്തു പറഞ്ഞ് നാലു പദ്ധതികൾ. എൽഐസിയുടെ സമഗ്രാധിപത്യം സംശയത്തിലാക്കി ഇൻഷൂറൻസ് മേഖലയിലേക്ക് ഇനി രാജ്യാന്തര കോർപ്പറേറ്റുകൾ. ഈ ബജറ്റോടെ പ്രതിരോധ, കാർഷിക മേഖലയിൽ ഒഴികെ സർക്കാർ വിപണി തുറക്കൽ പൂർത്തിയാക്കുകയാണ്.


ആദായ നികുതിയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച ധനമന്ത്രി ഇനി എവിടെ നിന്നു പണം കണ്ടെത്തും. അതു വിപണിയിൽ നിന്നു തന്നെ എന്നാണ് ഉത്തരം. 12 ലക്ഷം വരെ നികുതി ഇല്ലാ എന്നു പ്രഖ്യാപിച്ചതോടെ വൻതോതിൽ പണം വിപണിയിൽ ഇറങ്ങും എന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. എൽഐസിയിലും പിഎഫിലും മറ്റ് പെൻഷൻ പദ്ധതികളിലും നിക്ഷേപിച്ചിരുന്ന തുക മുഴുവൻ ഇനി വിപണിയിലേക്ക് ഒഴിയാൻ തുടങ്ങും. ഇതോടെ നിക്ഷേപത്തിന് സാധാരണക്കാർ ആശ്രയിച്ചിരുന്ന എൽഐസി അപ്രസക്തമാകും. ഉയർന്ന ശമ്പളമുള്ളവർക്ക് ഇൻഷൂറൻസ് നിക്ഷേപത്തിനായി വിദേശ കമ്പനികളും എത്തുകയാണ്.


Also Read; UNION BUDGET 2025 | മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഒറ്റനോട്ടത്തിൽ


നിക്ഷേപിച്ചു നികുതി ലാഭിക്കേണ്ടതില്ല എന്ന സ്ഥിതി വരുന്നതോടെ ശമ്പളക്കാരുടെ കുടുക്കകൾ പൊട്ടും എന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. വിവിധ മേഖലകളിൽ നിക്ഷേപിച്ചിരുന്ന തുകയെല്ലാം അതോടെ വിപണിയിൽ ഇറങ്ങും. അതു വ്യാപാരത്തേയും നികുതിയേയും ഉയർത്തും.20 ലക്ഷം കോടി രൂപയെങ്കിലും വിപണിയിലേക്കിറങ്ങാനുള്ള ഈ സാധ്യതയാണ് സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ശമിപ്പിക്കാൻ കണ്ടുവച്ചിരിക്കുന്നത്. ധനമന്ത്രി പ്രഖ്യാപിച്ച കപ്പൽ നിർമാണ, തുറമുഖ വികസന പദ്ധതികളിൽ എല്ലാം സ്വകാര്യ നിക്ഷേപവും ഉണ്ട്. 1991ലെ നരസിംഹറാവു സർക്കാർ ആരംഭിച്ച വിപണി തുറക്കൽ, പ്രതിരോധം  കൃഷി എന്നീ മേഖലകളിൽ ഒഴികെ ഇതോടെ പൂർണമാവുകയാണ്. കാർഷിക രംഗത്തും പുതിയ പദ്ധതികളെല്ലാം സ്വകാര്യ പങ്കാളിത്തത്തോടെയാണ്. തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിൽ പുതിയസ്പൈസസ് ബോർഡിന്റെ മാതൃകയിൽ മഖ്ന ബോർഡും പ്രഖ്യാപിച്ചു.



ബിഹാറിന് ഇതിനു പുറമെ 2 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ ഉൾപ്പെടെയും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയും പുതിയ പ്രഖ്യാപനമുണ്ട്. ലക്ഷദ്വീപിൽ സമുദ്രോൽപന്ന വികസന പദ്ധതിയാണ് ആൻഡമാനൊപ്പം പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയുടെ മാതൃക പിൻതുടർന്ന് ഇന്ത്യയെ കളിപ്പാട്ട നിർമാണ ഹബ് ആക്കി മാറ്റും എന്നാണ് അടുത്ത വലിയ പ്രഖ്യാപനം. മുൻബജറ്റുകളിൽ നിന്ന് വഴിമാറി നടക്കുന്ന പ്രഖ്യാപനങ്ങളൊന്നും പുതിയ ബജറ്റിൽ ഇല്ല. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ നേരിട്ടുള്ള പ്രഖ്യാപനവും ഇല്ല. പക്ഷേ, സങ്കീർണ സ്ഥിതി ഈ ബജറ്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഇന്ത്യയിൽ മാന്ദ്യമുണ്ട്, എല്ലാവരും കൈകളിലെ നീക്കിയിരിപ്പ് തുക ചെലവഴിക്കണം എന്നാണ് ആ സന്ദേശം.

Also Read
user
Share This

Popular

KERALA
NATIONAL
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ ബജറ്റിൽ പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി; കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് എം.വി. ഗോവിന്ദൻ