പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചു
ചോറ്റാനിക്കര ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. പ്രതി അനൂപിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. പ്രതിക്ക് പെൺകുട്ടിയെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്. കഴുത്തിലിട്ട കുരുക്ക് കാരണമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് കൊല്ലാൻ ഉദ്ദേശമില്ലാത്തതിനാലാണെന്നും പൊലീസ് വിശദീകരിച്ചു. അതിനാൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല.
മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വായും മൂക്കും പൊത്തിപ്പിടിച്ചതിനാലും, വൈദ്യസഹായം നല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ചെയ്യാഞ്ഞതിനാലുമാണ് പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിവുകൾ ഉണ്ടെന്നും ചോറ്റാനിക്കര സിഐ എൻ.കെ. മനോജ് പറഞ്ഞു. തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ALSO READ: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്; വീട്ടിൽ പൊതുദർശനം
അതേസമയം മരിച്ച പെൺകുട്ടിയുടെ സംസ്കാരം പൂർത്തിയായി. ഉച്ചക്ക് രണ്ട് മണിയോടെയാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകിയത്. ചോറ്റാനിക്കരയിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം നടമേൽ യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരം.
ആറ് ദിവസം അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ പെൺകുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. ആൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത് പ്രതി അനൂപ് ചുറ്റിക കൊണ്ടടക്കം മർദിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രതി ഷാൾ അറത്തുമാറ്റിയ ഉടനെ നിലത്ത് വീണ പെൺകുട്ടിയെ ശ്വാസം മുട്ടിക്കുകയും ചെയ്തു.
മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. സ്ഥലം എംഎൽഎ അനൂപ് ജേക്കബ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു.