കേന്ദ്രത്തിനു മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കാൻ സൗകര്യമില്ല. ക്ഷേമ പദ്ധതികൾ നിർത്തി ജനങ്ങളെ നരകിപ്പിക്കണമെന്നാണ് കേന്ദ്രമന്ത്രി ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്രമന്ത്രിമാർ ആഗ്രഹിക്കുന്നതെന്നും ജോർജ് കുര്യൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളവിരുദ്ധ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കൾക്കും കേരള വിരുദ്ധ നിലപാട് തന്നെയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
അതേസമയം, സിപിഎം നേതാക്കളായ ഇ.പി. ജയരാജനും മന്ത്രി പി.എ. മുഹമ്മദ് റിയാസും ജോർജ് കുര്യൻ്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി. മലയാളികളോട് അശേഷം സ്നേഹമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്ന് ഇ.പി. ജയരാജൻ ആഞ്ഞടിച്ചു. ജോർജ് കുര്യൻ്റെ പ്രസ്താവനയോടെ അത് കൂടുതൽ വ്യക്തമായി. ബിജെപി കേരള വിരുദ്ധ പാർട്ടിയായി മാറിയെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും മന്ത്രി മാപ്പ് പറയണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനു മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കാൻ സൗകര്യമില്ല. ക്ഷേമ പദ്ധതികൾ നിർത്തി ജനങ്ങളെ നരകിപ്പിക്കണമെന്നാണ് കേന്ദ്രമന്ത്രി ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കുമ്പോൾ ആണ് ഈ പ്രസ്താവന. കേരളത്തെ നിരോധിച്ച ബഡ്ജറ്റ് ആണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി പി. രാജീവും ടി.പി. രാമകൃഷ്ണൻ എം.പിയും രംഗത്തുവന്നു. കേരളത്തെ അധിക്ഷേപിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനായെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സാമ്പത്തിക സർവേ വായിച്ചുനോക്കിയാൽ മതിയായിരുന്നു. കേരളത്തെ പ്രകീർത്തിക്കുന്ന റിപ്പോർട്ടാണത്. ഫണ്ട് നൽകിയ സംസ്ഥാനങ്ങൾ നേട്ടങ്ങൾ കൈവരിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് മന്ത്രി ചോദിക്കേണ്ടത്. ചൂരൽമല ദുരന്തത്തെ പോലും കേന്ദ്രമന്ത്രി അധിക്ഷേപിച്ചെന്നും പി. രാജീവ് വിമർശിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന ജനങ്ങളെ അവഹേളിക്കുന്നതാണെന്ന് ടി.പി. രാമകൃഷ്ണൻ എംപിയും വിമർശിച്ചു. ഇതിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടത്? ജനങ്ങൾ തന്നെ മറുപടി നൽകും. എം. മുകേഷ് എംഎൽഎ മായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്.
കോടതി തന്നെ നിലപാട് വ്യക്തമാക്കട്ടെയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.