ഈ കമ്പനികളുമായി ബിസിനസ് നടത്തുന്ന അമേരിക്കൻ കമ്പനികൾക്കുള്ള മുന്നറിയിപ്പായാണ് അമേരിക്കൻ സർക്കാരിൻ്റെ ഈ നടപടി
ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ, ടെക് ഭീമൻമാർക്കെതിരെ ആരോപണവുമായി അമേരിക്ക. സോഷ്യൽ മീഡിയ ആപ്ലിക്കേഷനും ഗെയിമിങ് അതികായരുമായ ടെൻസെൻ്റ്, ബാറ്ററി നിർമാതാക്കളായ സിഎടിഎൽ എന്നീ കമ്പനികൾക്കെതിരെയാണ് യുഎസ് പ്രതിരോധ വകുപ്പിൻ്റെ ആരോപണം. കമ്പനികൾ ചൈനീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇരുകമ്പനികളെയും യുഎസ് പ്രതിരോധ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കമ്പനികളുമായി ബിസിനസ് നടത്തുന്ന അമേരിക്കൻ കമ്പനികൾക്കുള്ള മുന്നറിയിപ്പായാണ് അമേരിക്കൻ സർക്കാരിൻ്റെ ഈ നടപടി. എന്നാൽ ഈ കമ്പനികളെ ഉടനടി യുഎസ് സർക്കാർ നിരോധിക്കില്ല. കമ്പനികൾക്ക് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് നൽകുന്ന അനുമതികളിലാകും പ്രതിരോധവകുപ്പിൻ്റെ തീരുമാനം നിർണായകമാകുക. എന്നാൽ യുഎസിൻ്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ കമ്പനികൾ ചൈനീസ് സൈന്യവുമായി ഒരു പ്രവർത്തനവും നടത്തുന്നില്ലെന്ന് വിശദീകരിച്ചു. ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനികളെ യുക്തിരഹിതമായി അടിച്ചമർത്തുന്ന നടപടിയാണിതെന്ന് ബെയ്ജിങ് പ്രതികരിച്ചു.
ALSO READ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ചു
ടെൻസെൻ്റ് ഒരു സൈനിക കമ്പനിയല്ലെന്നും യുഎസിൻ്റെ ഈ തീരുമാനം ബിസിനസിനെ ബാധിക്കില്ലെന്നും കമ്പനി വക്താവ് പ്രതികരിച്ചു. സൈനിക സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് സിഎടിഎൽ വക്താവും വിശദമാക്കി. നിലവിൽ ഇത്തരത്തിൽ 134 കമ്പനികളാണ് യുഎസിൻ്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസിൻ്റെ ഈ തീരുമാനങ്ങൾ വിപണിയിലെ മത്സര തത്ത്വങ്ങളെയും അന്താരാഷ്ട്ര സാമ്പത്തിക വ്യാപാര നിയമങ്ങളെയും ലംഘിക്കുന്നതാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസിയും വ്യക്തമാക്കി.