ജനകീയ വോട്ടുകളേക്കാള്‍, ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ വിധി പറയുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 270 എന്ന മാന്ത്രികസംഖ്യ ആര് തൊടുന്നു എന്നതാണ് പ്രധാനം
ഡൊണാള്‍ഡ് ട്രംപ്, കമല ഹാരിസ്
യുഎസ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. രാഷ്ട്രീയ പ്രവചനങ്ങളും അഭിപ്രായ സര്‍വേകളും കണക്കിലെടുത്താല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രണ്ടാമതും അധികാരം ലക്ഷ്യമിട്ടാണ് ട്രംപിന്റെ മത്സരം. അതേസമയം, യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയെന്ന ഖ്യാതിയാണ് കമലയെ കാത്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സാഹചര്യം നോക്കിയാല്‍ കമലയ്ക്കാണ് മുന്‍തൂക്കം. ഒട്ടുമിക്ക അഭിപ്രായ സര്‍വേകളും അക്കാര്യം ശരിവെക്കുന്നുമുണ്ട്. എന്നാല്‍ ജനകീയ വോട്ടുകളേക്കാള്‍, ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ വിധി പറയുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 270 എന്ന മാന്ത്രികസംഖ്യ ആര് തൊടുന്നു എന്നതാണ് പ്രധാനം. ഇത്തരത്തില്‍, ഫലപ്രഖ്യാപനം വരെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞതാണ് യുഎസ് തെരഞ്ഞെടുപ്പ്.
പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കിലും ഫലം നിശ്ചയിക്കുന്നത് ജനകീയ വോട്ടുകളല്ല എന്നതാണ് യുഎസ് തെരഞ്ഞെടുപ്പിലെ സങ്കീര്‍ണത. പ്രത്യക്ഷ, പരോക്ഷ ജനാധിപത്യത്തിന്റെ സമ്മിശ്ര പ്രക്രിയയില്‍, ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളേജിലേക്കുള്ള അംഗങ്ങളെയാണ്. ഒരു സംസ്ഥാനത്തെ വോട്ടെടുപ്പില്‍ ഏത് സ്ഥാനാര്‍ഥിക്കാണോ ഭൂരിപക്ഷം ലഭിക്കുന്നത്, അവര്‍ക്കായിരിക്കും ആ സംസ്ഥാനത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടും ലഭിക്കുക. ജനപ്രതിനിധി സഭയിലെ അംഗസംഖ്യയായ 435, സെനറ്റിലെ 100 എന്നിവര്‍ക്കൊപ്പം, ദേശീയ തലസ്ഥാന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ മൂന്ന് അംഗങ്ങളും ചേര്‍ന്ന് 538 വോട്ടുകളാണ് ഇലക്ടറല്‍ കോളേജിനുള്ളത്. ഇവരാണ് ജനങ്ങളുടെ പ്രതിനിധികളായി പ്രസിഡന്റിന് വോട്ട് ചെയ്യുക. ഇലക്ടറല്‍ വോട്ടുകളില്‍ ഭൂരിപക്ഷമായ 270 ആണ് വിജയം നേടാനുള്ള മാന്ത്രിക സംഖ്യ. 2016ലെ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ ഇക്കാര്യം വേഗത്തില്‍ മനസിലാക്കാം. അന്ന് ജനകീയ വോട്ടില്‍ 48 ശതമാനം നേടിയ ഹിലരി ക്ലിന്റനായിരുന്നു ഒന്നാമത്. ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത് 47 ശതമാനം വോട്ടായിരുന്നു. എന്നാല്‍, 307 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടി ട്രംപ് പ്രസിഡന്റായി. ഹിലരിക്ക് 231 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കമലയ്ക്ക് 226, ട്രംപിന് 219
സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വഭാവം കണക്കിലെടുത്താല്‍ വിജയത്തോട് അടുത്തുനില്‍ക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയോട് ചായ്‌വുള്ള 19 സംസ്ഥാനങ്ങളില്‍ നിന്നായി 226 ഇലക്ടറല്‍ വോട്ടുകളെങ്കിലും കമലയ്ക്ക് സ്വന്തമാക്കാം. കാലിഫോര്‍ണിയ (54), വിര്‍ജീനിയ (13), മസാച്ചുസെറ്റ്സ് (11), വാഷിങ്ടണ്‍ (12), കൊളൊറാഡോ (10), മേരിലാന്‍ഡ് (10), ന്യൂയോര്‍ക്ക് (28), ഇല്ലിനോയിസ് (19),ന്യൂ ജേഴ്സ് (14), മിന്നെസോട്ട (10), കണക്ടികട് (7), ഓറിഗണ്‍ (8), ന്യൂ മെക്സിക്കോ (5), ഹവായ് (40), മെയ്നെ (4), ന്യൂ ഹാംഷെയര്‍ (4), റോഡ് ഐലന്‍ഡ് (4), ഡെലാവേര്‍ (3), ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (3), വെര്‍മോണ്ട് (3) എന്നിവിടങ്ങളിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആധിപത്യമുള്ളത്. എന്നിരുന്നാലും, 270 എന്ന മാന്ത്രിക സംഖ്യ എത്തുവാന്‍ കമലയ്ക്ക് 44 ഇലക്ടറല്‍ വോട്ടുകള്‍ പിന്നെയും വേണം.
സമാനരീതിയില്‍ നോക്കിയാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 219 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കാം. ടെക്സാസ് (40), ഫ്ളോറിഡ (30), ഒഹിയോ (17), ഇന്ത്യാന (11), ടെന്നിസി (11), മിസൗറി (10), അലബാമ (9), സൗത്ത് കാരലീന (9), കെന്റക്കി (8), ലൂയിസിയാന (8), ഒക്‌ലഹോമ (7), അര്‍കന്‍സാസ് (60, ഐയോവ (6), കന്‍സാസ് (60, മിസിസിപ്പി (6), ഉട്ടാ (6), നെബ്രാസ്ക (5), ഐഡഹോ (4), വെസ്റ്റ് വിര്‍ജീനിയ (4), മൊണ്ടാന (4), അലാസ്ക (3), സൗത്ത് ഡക്കോട്ട (3), നോര്‍ത്ത് ഡക്കോട്ട (3), വ്യോമിങ് (3) സംസ്ഥാനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നത്. ഇവര്‍ തുണച്ചാലും വിജയവര തൊടാന്‍ ട്രംപിന് പിന്നെയും 51 വോട്ടുകള്‍ വേണം.
യുദ്ധഭൂമിയിലെ പോരാട്ടം
അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ അഥവാ സ്റ്റേറ്റുകളാണുള്ളത്. അതില്‍ 43 സംസ്ഥാനങ്ങള്‍ കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നവരാണ്. 19 സംസ്ഥാനങ്ങളിലും സംസ്ഥാന പദവിയില്ലാത്ത ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ആധിപത്യം പുലര്‍ത്തുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്. അതേസമയം, 24 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ശേഷിക്കുന്ന ഏഴ് സംസ്ഥാനങ്ങളാകട്ടെ, രണ്ട് പാര്‍ട്ടികളെയും മാറിമാറി തുണച്ച പാരമ്പര്യം പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് ഇവയെ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍, തൂക്ക് സംസ്ഥാനങ്ങള്‍, പോരാട്ടഭൂമി (ബാറ്റില്‍ ഗ്രൗണ്ട്) എന്നൊക്കെ വിശേഷിപ്പിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ചൂടും ചൂരും പ്രകടമാകുന്നതും ഈ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍ ആധിപത്യം നേടുന്നവര്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതാണ് ചരിത്രം.
ALSO READ: പാര്‍ട്ടിയോടുള്ള ഇഷ്ടം കുറഞ്ഞെങ്കിലും ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് പ്രിയം കമലയോട്
പെൻസിൽവാനിയ (19), ജോർജിയ (16), നോർത്ത് കാരലീന (16), മിഷിഗണ്‍ (15), അരിസോണ (11), വിസ്‌കോൻസിൻ (10), നെവാഡ (ആറ് വോട്ട്) എന്നിവയാണ് ഈ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍. ഏഴ് സംസ്ഥാനങ്ങളിലായി 93 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. കമലയ്ക്ക് ജയം സ്വന്തമാക്കണമെങ്കില്‍ 44 ഇലക്ടറല്‍ വോട്ടുകളാണ് ആവശ്യം. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ മൂന്നോ നാലോ നേടിയാല്‍ കമലയ്ക്ക് 270 എന്ന മാന്ത്രിക സംഖ്യ തൊടാം. അതേസമയം, ട്രംപിന് 51 വോട്ടുകള്‍ കൂടി വേണം. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ നാലിടത്തെങ്കിലും മുന്നിലെത്തിയാല്‍ ട്രംപിനും വിജയവര തൊടാം. അതുകൊണ്ട് തന്നെ ഇരു നേതാക്കളും ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ കാര്യമായ രീതിയില്‍ പ്രചരണം നടത്തിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയുടെ ഇഷ്ടം നേടാനായിരുന്നു കമലയും ട്രംപും അധികം ശ്രദ്ധിച്ചത്. അതിനായി ഇരുവരും വലിയ തുക ചെലവിടുകയും ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് 360 മില്യണ്‍ ഡോളറാണ് ടി.വി, ഡിജിറ്റല്‍, റേഡിയോ പരസ്യങ്ങള്‍ക്ക് സംസ്ഥാനത്തിനു മാത്രമായി ചെലവഴിച്ചത്.
സങ്കീര്‍ണത അവസാനിക്കുന്നില്ല
ഏര്‍ലി വോട്ടിങ്, തപാല്‍ വോട്ടിങ് എന്നിവയിലൂടെ അമേരിക്കന്‍ വോട്ടര്‍മാരില്‍ മൂന്നിലൊന്നുപേരും ഇതിനോടകം വോട്ട് ചെയ്തിട്ടുണ്ട്. ചൊവാഴ്ചയോടെ, തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ കടമയും അവസാനിക്കും. പിന്നീടാണ് ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ പ്രസിഡന്റിനെയും വൈസ് പ്രസിന്റിനെയും തെരഞ്ഞെടുക്കുക. അവിടെയും തീരുന്നില്ല. ഇലക്ടറല്‍ വോട്ടുകള്‍ തുല്യമാകാനുള്ള വിദൂര സാധ്യതയും യുഎസ് തെരഞ്ഞെടുപ്പ് സമ്പ്രദായം അവശേഷിപ്പിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍, ജനപ്രതിനിധി സഭയ്ക്കായിരിക്കും പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള അധികാരം. സംസ്ഥാന പ്രതിനിധികള്‍ ഓരോ വോട്ടുകള്‍ വീതം ചെയ്യും. ഭൂരിപക്ഷം നേടുന്നയാള്‍ പ്രസിഡന്റ് ആകും. ഇതേരീതിയില്‍ സെനറ്റ് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. അത്രത്തോളം സങ്കീര്‍ണതയിലേക്ക് നീളുന്നില്ലെങ്കില്‍ ഇലക്ടറല്‍ കോളേജുകള്‍ വിധിയെഴുതും. അതുപക്ഷേ, ജനകീയ വോട്ടിന്റെ പ്രതിഫലനം ആയിരിക്കണമെന്നുമില്ല. 270 എന്ന മാന്ത്രിക സംഖ്യ ആര് തൊടുന്നുവോ അവരാകും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്.