സൗദി അറേബ്യയിൽ നടന്ന യുഎസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് സെലൻസ്കി രംഗത്തെത്തിയിരുന്നു
മൈക്ക് വാൾട്‌സ്
ട്രംപിനെ വിമർശിക്കുന്നത് അവസാനിപ്പിച്ച് 500 ബില്യൺ ഡോളറിന്റെ ധാതു കരാറിൽ ഒപ്പിടണമെന്ന് യുക്രെയ്നോട് ആവശ്യപ്പെട്ട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. റഷ്യയുമായുള്ള സമാധാന ചർച്ചകളോടുള്ള ട്രംപിന്റെ സമീപനത്തിനെതിരായുള്ള നിലപാട് യുക്രെയ്ൻ സ്വീകരിക്കുന്നത് തെറ്റാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്‌സ് അറിയിച്ചു. ഫോക്സ് ന്യൂസിനോടാണ് മൈക്ക് വാൾട്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡൊണാൾഡ് ട്രംപിനെതിരെ മോശം പരാമർശം നടത്തുന്നത് നിർത്താനും രാജ്യത്തിന്റെ ധാതു സമ്പത്തിന്റെ പകുതി യുഎസിന് കൈമാറുന്ന ഒരു കരാറിൽ ഒപ്പിടാനുമാണ് മൈക്ക് വാൾട്‌സ് യുക്രെയ്‌നിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അസ്വീകാര്യമാണെന്നും മൈക്ക് പറഞ്ഞു. യുക്രെയ്‌നിനായി അമേരിക്ക ചെയ്തതെല്ലാം കണക്കിലെടുക്കുമ്പോൾ, റഷ്യയുമായുള്ള സമാധാന ചർച്ചകളോടുള്ള യുഎസ് പ്രസിഡന്റിന്റെ സമീപനത്തിനെതിരെ യുക്രെയ്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും സ്വീകരിക്കുന്ന നിലപാട് തെറ്റാണെന്നും വാൾട്‌സ് പറഞ്ഞു. ഈ ആഴ്ച ആദ്യം റഷ്യയുമായി നടന്ന സമാധാന ചർച്ചകളിൽ നിന്ന് യുക്രെയ്‌നെയും യൂറോപ്യൻ സഖ്യകക്ഷികളെയും ഒഴിവാക്കിയെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ഇതൊരു പതിവ് നയതന്ത്ര രീതി തന്നെയാണെന്നാണ് വാൾട്‌സിന്‍റെ വിശദീകരണം.
Also Read: 'സെലന്‍സ്കി സ്വേച്ഛാധിപതി, മാറിയില്ലെങ്കില്‍ രാജ്യം തന്നെ നഷ്ടമാകും'; ഭീഷണിയുമായി ട്രംപ്
ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസില്‍ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സാണ് യുക്രെയ്നു മുന്നിൽ ധാതു കരാർ അവതരിപ്പിച്ചത്. യുക്രെയ്ൻ്റെ ധാതു സ്രോതസുകളുടെ 50 ശതമാനം ഉടമസ്ഥാവകാശമാണ് യുഎസ് ആവശ്യപ്പെട്ടത്. ഇപ്പോൾ യുക്രെയ്ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരം അപൂർവ പ്രകൃതിവിഭവങ്ങൾ യുഎസിനു നൽകണമെന്നാണ് കരാർ. എന്നാൽ പ്രകൃതി വിഭവങ്ങൾ നൽകുന്നതിനു പകരം യുക്രെയ്ന് ഒരു സുരക്ഷയും അമേരിക്ക വാഗ്ദാനം ചെയ്യുന്നില്ലെന്ന് സൂചിപ്പിച്ചാണ് യുക്രെയ്ൻ കരാറിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ചത്. യുക്രെയ്ൻ്റെ താൽപ്പര്യങ്ങളെ സംരക്ഷിക്കാത്ത ഒരു കരാറിലും ഒപ്പിടരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയതായും യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലന്‍സ്കി പറഞ്ഞു.
മൾട്ടി ബില്ല്യണയറും ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവിയുമായ ഇലോൺ മസ്കും സെലൻസ്കിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യുക്രെയ്നിലെ ജനങ്ങള്‍ സെലൻസ്കിയെ വെറുക്കുന്നെന്നും അതുകൊണ്ട് റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് മാറ്റി നിർത്തിയ ട്രംപിന്റെ നടപടി ശരിയാണെന്നുമായിരുന്നു മസ്കിന്റെ വാദം.
യുക്രെയ്ന് വലിയ തോതിൽ സാമ്പത്തിക സഹായം നൽകി വരുന്നത് യുഎസാണെന്നും ഈ സഹായധനത്തിൽ പകുതിയും നഷ്ടമായതായി സെലൻസ്കി സമ്മതിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. മുൻ യുഎസ് പ്രസിഡൻറ് ജോ ബൈഡനെ തെറ്റിദ്ധരിപ്പിച്ച് 350 ബില്ല്യൺ ഡോളർ ചെലവഴിപ്പിക്കാൻ സെലന്‍സ്കിക്ക് സാധിച്ചുവെന്നും ട്രംപ് ആരോപിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പണം ചെലവഴിച്ചതായും ട്രംപ് പോസ്റ്റിൽ പറയുന്നു. സെലൻസ്കി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ തുടരുന്ന ഏകാധിപതിയാണെന്നായിരുന്നു ട്രംപിന്റെ മറ്റൊരു വിമർശനം.
സൗദി അറേബ്യയിൽ നടന്ന യുഎസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് സെലൻസ്കി രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ ക്ഷണം ലഭിക്കാത്തതിൽ അത്ഭുതമുണ്ടായിയെന്ന് സെലൻസ്കി പറഞ്ഞു. ഇതിന് പിന്നാലെയാണ് സെലൻസ്കിക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ് രംഗത്തെത്തിയത്.