ഇന്ത്യയിലേക്ക് എത്തിക്കുന്നവരിൽ 18,000ത്തോളം പേരാണ് പ്രാരംഭ പട്ടികയിലുള്ളത്
അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരായ നീക്കത്തിൽ ഇന്ത്യക്കാർക്കെതിരെയും നടപടി. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ മടക്കി അയച്ചുതുടങ്ങിയെന്ന് റിപ്പോർട്ട്. 205 ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള യുഎസിൻ്റെ സി-17 സൈനിക വിമാനം അമേരിക്കയിൽ നിന്നും പുറപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട് നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് യുഎസിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ തിരിച്ചയക്കുന്നത്. ഇന്ത്യയിലേക്ക് എത്തിക്കുന്നവരിൽ 18,000ത്തോളം പേരാണ് പ്രാരംഭ പട്ടികയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സി-17 വിമാനം ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. യുഎസ് സൈനിക വിമാനങ്ങൾ വഴി കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള രാജ്യം ഇന്ത്യയാണ്. ഇതുവരെ, സൈനിക വിമാനങ്ങളിൽ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് കുടിയേറ്റക്കാരെ എത്തിച്ചത്.
ALSO READ: വ്യാപാരയുദ്ധത്തിൽ മയപ്പെട്ട് ട്രംപ്; മെക്സിക്കോയ്ക്കുള്ള തീരുവ വർധന ഒരു മാസത്തേക്ക് മരവിപ്പിച്ചു
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു. നാടുകടത്തൽ നടപടികൾ ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.