കത്തയച്ചുവെന്ന് ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു
കോൺഗ്രസ് പാർട്ടിക്കുള്ളിലും തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും ഏറെ ചർച്ചാ വിഷയമായ കത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതാക്കളുടെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്രോസ് ഫയറിൽ പറഞ്ഞത്. എന്നാൽ കത്തയച്ചുവെന്ന് ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു.
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ച കാര്യം ഡിസിസി പ്രസിഡൻ്റ് തന്നെ സ്ഥിരീകരിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഒക്ടോബര്‍ 15നു പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ. തങ്കപ്പന്റെ പേരിലുളള ലെറ്റര്‍ ഹെഡിലാണ് കത്ത് പുറത്തുവന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തണമെങ്കില്‍ കെ. മുരളീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയായി വരണമെന്നാണ് കത്തിലെ ഉള്ളടക്കം. ആദ്യം തൻ്റെ ഒപ്പില്ലായെന്ന് പറഞ്ഞ് വാദിച്ച തങ്കപ്പൻ, ഒപ്പിട്ടതിൻ്റെ തെളിവുകൾ പുറത്ത് വന്നതോടെ തങ്കപ്പന് കത്തയച്ചിരുന്നുവെന്ന് സമ്മതിച്ചതിക്കേണ്ടി വന്നിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന കത്ത് കൂടാതെ വേറെയും കത്തുകള്‍ ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. വേറെ പേരുകള്‍ അടങ്ങിയ കത്തുകള്‍ ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് അയച്ച കത്താണെന്നും എ. തങ്കപ്പന്‍ കൂട്ടിച്ചേർത്തു.
ഇതോടെ കത്ത് പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു. ഇത് കോൺഗ്രസിനുളളിൽ വലിയ അതൃപ്തിക്ക് കാരണമായി. കത്ത് കിട്ടിയില്ലെന്നും, വിവാദം സിപിഎം അജണ്ടയാണെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞിരുന്നു. എന്നിട്ടും ഡിസിസി പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ കത്തിനെ ന്യായീകരിച്ചത് ശരിയായില്ല എന്ന നിലപാടാണ് വി.ഡി. സതീശൻ ഉൾപ്പടെയുളളവർ സ്വീകരിച്ചത്. അതിൻ്റെ തുടർച്ചയായാണ് കത്ത് വ്യാജമാണെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ തന്റെ പേര് നിര്‍ദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആയിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. അങ്ങനെയൊരു കത്തുണ്ടെങ്കില്‍ അതിന് ഇപ്പോള്‍ എന്താണ് പ്രസക്തി എന്നായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.