ഈ ഗ്രാമങ്ങളിൽ ഒരു കുട്ടി പിറന്നുവീഴുന്നത് മുതൽ അവർ കണ്ട് വളരുന്നത് മോഷണമടക്കമുള്ള പലതരം കുറ്റകൃത്യങ്ങളാണ്
പരോളിൽ ഇറങ്ങിയ പ്രതികൾ തിരിച്ച് ഹാജരാകാതിരുന്നപ്പോഴായിരുന്നു അവരെ തേടി കേരള പൊലീസ് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമത്തിലെത്തിയത്.. പ്രതികൾ ആ ഗ്രാമത്തിൽ നിന്നുള്ളവരാണ് എന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പക്ഷെ, അവിടെയെത്തിയ പൊലീസിന് കാണാൻ കഴിഞ്ഞ കാഴ്ച ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. പുറമെ, വലിയ വികസനങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ ഗ്രാമമായിരുന്നു അത്. പക്ഷെ, ഗ്രാമത്തിലെ മിക്ക വീടുകളും അത്യാഢംബര സൗകര്യങ്ങളോട് കൂടിയവയായിരുന്നു. പുറമെ ആഡംബര വാഹനങ്ങൾ. അകത്ത് വലിയ വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ.. അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും മോഷ്ടാക്കളായിരുന്നു. ഈ മോഡലിൽ ഇന്ത്യയിലുടനീളം നിരവധി ഗ്രാമങ്ങളുണ്ട്. ആ പ്രദേശങ്ങൾ അറിയപ്പെടുന്ന പേര് ചിലപ്പോൾ നിങ്ങൾക്ക് സുപരിചിതമായിരിക്കും.. തിരുട്ട് ഗ്രാമങ്ങൾ..
സംസ്ഥാനത്തിൻ്റെ പലഭാഗത്ത് നിന്നും കുറുവ സംഘങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ, വീണ്ടും ചർച്ചയാകുകയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും പലവിധേന മോഷണം നടത്തി, അത് പങ്കിട്ടെടുക്കുന്ന തിരുട്ടു ഗ്രാമങ്ങളും അവിടുത്തെ മോഷ്ടാക്കളും.
ഈ ഗ്രാമങ്ങളിൽ ഒരു കുട്ടി പിറന്നുവീഴുന്നത് മുതൽ അവർ കണ്ട് വളരുന്നത് മോഷണമടക്കമുള്ള പലതരം കുറ്റകൃത്യങ്ങളാണ്, പിന്നീട് വലുതാകുമ്പോൾ പതിയെ കുലത്തൊഴിലായ മോഷണത്തിലേക്ക് വരും. കൃത്യമായ പദ്ധതിയോടും, വ്യക്തതയോടും കൂടി ഒരു ഗ്രാമത്തിൻ്റെ മുഴുവൻ പിന്തുണയുമായാണ് ഈ ഗ്രാമക്കാർ മോഷണം നടത്താനിറങ്ങുന്നത്. ജന്മവാസനയായ കുറ്റകൃത്യങ്ങൾ ചെയ്ത് കൊണ്ട് ആഢംബരജീവിതം നയിക്കുകയാണ് ഈ ഗ്രാമക്കാരുടെ ജീവിതരീതി.
തിരുട്ട് ഗ്രാമങ്ങൾ എവിടെയെല്ലാം?
തിരുട്ടു ഗ്രാമങ്ങൾ പ്രധാനമായുമുള്ളത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ചത്തീസ്ഗഡിലെ റാഞ്ചിക്കടുത്തുള്ള ജംതാര, ഹരിയാനയിലെ ഷിക്കാർപൂർ, യുപിയിലെ ചോർ, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തുടങ്ങിയിടങ്ങളിലാണ് പ്രധാനമായും തിരുട്ട് ഗ്രാമങ്ങളുള്ളത്. ഇന്ത്യയിലൊട്ടാകെ, യുപി, കൊൽക്കത്ത, കന്യാകുമാരി, റാഞ്ചി തുടങ്ങി നിരവധിയിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ വൻ മോഷണക്കേസുകളുണ്ട്. ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇത്തരം മോഷ്ടാക്കൾ തിങ്ങി പാർക്കുന്ന തിരുട്ട് ഗ്രാമങ്ങളുണ്ട്.
ഗ്രാമങ്ങളുടെ നിയന്ത്രണം ആർക്ക്?
ഇന്ത്യയിൽ പൊതുവെ ഊരുമൂപ്പനോ ഗ്രാമത്തിൻ്റെ പ്രധാനിക്കോ ആയിരിക്കും ഈ ഗ്രാമങ്ങളുടെ പൂർണ നിയന്ത്രണമുണ്ടായിരിക്കുക. സ്ത്രീകളും, കുട്ടികളുമടക്കമുള്ള സംഘമായി കവർച്ചയ്ക്ക് തിരിക്കുന്ന ഇവർ അത് സംബന്ധിക്കുന്ന വിവരങ്ങൾ ആദ്യമറിയിക്കുന്നത് മൂപ്പനെയാണ്. മറ്റ് കവർച്ചാ സംഘങ്ങൾ അവിടെയെത്താത്ത രീതിയിൽ മൂപ്പൻ ആവശ്യമായ നിയന്ത്രണങ്ങൾ ഉണ്ടാക്കുന്നു. കവർച്ച കഴിഞ്ഞ് എത്തുന്ന മോഷ്ടാവ് ആദ്യമെത്തുന്നതും മൂപ്പൻ്റെ അടുത്തേക്കാണ്. മോഷണത്തിൽ നിന്ന് ലഭിച്ച മുതലിൽ നിന്നും ഒരു നിശ്ചിതവിഹിതം ഇവർ മൂപ്പന് നൽകുകയും ചെയ്യും. അത് നിർബന്ധമാണ്. മാത്രമല്ല, മറ്റൊരു തുകയും മൂപ്പന്‍റെ പക്കല്‍ ഏല്‍പ്പിക്കുന്ന രീതിയുണ്ട് ഈ കവര്‍ച്ചക്കാര്‍ക്ക്. കവർച്ചാ ശ്രമത്തിനിടെ പൊലീസ് പിടികൂടിയാൽ, പുറത്തിറക്കാൻ ആവശ്യമായ തുകയായോ, കുടുംബത്തിന് വേണ്ട ചെലവായോ എല്ലാമായിരിക്കും മൂപ്പൻ്റെ പക്കൽ പണം നൽകുന്നത്. ആരെങ്കിലും മോഷണത്തിനിടെ ഇവരെ പിടികൂടിയാൽ ആ വിവരവും അറിയിക്കുക മൂപ്പനെ തന്നെ.
മൂപ്പന് മാത്രമല്ല, ഗ്രാമത്തിലെ എല്ലാ കുടുംബങ്ങൾക്കും സ്വരൂപിക്കുന്ന മോഷണമുതൽ മോഷ്ടാക്കൾ വീതിച്ച് നൽകുന്നു. അങ്ങനെയാണ് തിരുട്ട് ഗ്രാമങ്ങൾ സമ്പന്ന ഗ്രാമങ്ങളായി മാറുന്നത്. ഇനി മോഷണ ശ്രമത്തിനിടയിൽ പിടിക്കപ്പെട്ട് സംഘാംഗങ്ങൾ ജയിലിലായാലും അവരുടെ ബന്ധുക്കൾ പട്ടിണിയിലാകില്ലെന്നുള്ളതും മറ്റൊരു കൗതുകമാണ്. ആ കുടുംബത്തെ പിന്നീട് സംരക്ഷിക്കുന്നത് ആ ഗ്രാമമാണ്.
മോഷണ രീതി
തിരുട്ടു ഗ്രാമങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലെത്തുന്ന മോഷ്ടാക്കൾ, പകൽ മുഴുവൻ നാട്ടിൽ മറ്റ് ജോലികൾക്കിറങ്ങുന്നു. ആക്രി പെറുക്കുക, പഴയ സാധനങ്ങൾ ശേഖരിക്കുക, കത്തി മൂർച്ഛ കൂട്ടുക തുടങ്ങിയ ജോലികൾ ചെയ്ത് പകൽ മുഴുവൻ വീടുവീടാന്തരം കയറിയിറങ്ങുന്ന ഇവർ ഇതിനിടെ വീടുകൾ കൃത്യമായി നിരീക്ഷിക്കുന്നു. സിസിടിവികൾ, ജനലുകൾ, വാതിലുകൾ, വീടിൻ്റെ പരിസരങ്ങൾ തുടങ്ങിയവയൊക്കെ നിരീക്ഷിച്ച് രാത്രി അതിനനുസൃതമായ പദ്ധതി തയ്യാറാക്കി രാത്രിയാകുന്നതോടെ തിരിച്ചറിയാൻ സാധിക്കാത്ത വേഷത്തിൽ ഇവർ മോഷണത്തിനെത്തുന്നു. വീടുകൾ മാത്രമല്ല, വ്യാപാരസ്ഥാപനങ്ങൾ, പെട്രോൾ പമ്പ്, ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നും കവർച്ച നടത്തുന്നു. മറ്റ് മോഷ്ടാക്കളിൽ നിന്നും വ്യത്യസ്തമായി, മാരകായുധങ്ങൾ കയ്യിൽ കരുതുന്ന അപകടകാരികളായ മോഷ്ടാക്കൾ കൂടിയാണ് ഇവർ.
തിരുട്ട് ഗ്രാമങ്ങളിൽ ചെന്നാൽ ഇവരെ പിടികൂടാൻ സാധിക്കുമോ?
മോഷണത്തിന് ശേഷം ഇതുമായി കടന്നു കളയുന്ന ഇവരെ ഗ്രാമത്തിൽ ചെന്നാൽ പിടികൂടാൻ സാധിക്കുമെന്ന് കരുതിയെങ്കിൽ, നിങ്ങൾക്ക് തെറ്റി. പുറത്ത് നിന്ന് ആര് ഗ്രാമത്തിലെത്തിയാലും ഉടനടി സംഘത്തിന് വിവരം ലഭിക്കും. കൂടാതെ, ഇവരെ പിടികൂടാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ ഉൾപെടെയുള്ള വിവരങ്ങൾ ലഭിക്കാനുള്ള സ്രോതസ്സുകളും ഇവർക്കുണ്ട്. പൊലീസുകാർക്ക് ഗ്രാമത്തിലെത്തി ഇവരെ നിരീക്ഷിക്കാനുള്ള സാഹചര്യവുമുണ്ടാകില്ല. കാരണം, വിവരം ലഭിക്കുന്നയുടൻ ഇവർ ഗ്രാമം വിട്ട് കടന്നുകളയുകയാണ് പതിവ്. ഇനി കടന്നുകളഞ്ഞില്ലെങ്കിൽ തന്നെ, കൂട്ടത്തിലൊരാളെ പിടികൂടാൻ വരുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പ്രതിരോധം തീർക്കാനും ഒരുങ്ങി നിൽക്കുന്നവരാണ് തിരുട്ട് ഗ്രാമക്കാർ. അപകടത്തിൻ്റെ കാറ്റ് വീശുന്ന ഈ ഗ്രാമത്തിനകത്ത് പുറത്തുനിന്നൊരാൾ അകപ്പെട്ടാൽ പിന്നീട് പുറത്തുകടക്കാൻ സാധിക്കുമോ എന്നത് മറ്റൊരു ചോദ്യ ചിഹ്നം..
പിടിയിലായാൽ...
പൊലീസ് ഏതെങ്കിലും വിധേന മോഷ്ടാക്കളെ പിടികൂടിയാലും, ഈ ഗ്രാമക്കാർ പട്ടിണിയിലാകില്ല. കാരണം, ഗ്രാമമൂപ്പനിൽ ഏൽപ്പിക്കുന്ന നിശ്ചിതതുക വരുംകാലത്തേക്കുള്ള ഈ അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടാണ്. ഒരു മോഷ്ടാവ് പിടിയിലാൽ, മറ്റൊരാൾ ഇതിൽ മുൻകയ്യെടുക്കുകയും മോഷണത്തിൽ സജീവമാകുകയും ചെയ്യണമെന്നതാണ് ഈ ഗ്രാമത്തിൽ പിന്തുടരുന്ന പ്രത്യേക നിബന്ധന. തിരുട്ട് ഗ്രാമക്കാരുടെ മോഷണങ്ങൾ ഒരു കാലത്തും അവസാനിക്കരുതെന്ന ചിന്തയാണ് ഈ നിബന്ധനയ്ക്ക് പിന്നിൽ...
കണ്ണുകൾ മാത്രം പുറത്തുകാണുന്ന രീതിയിൽ മുഖം മറിച്ച്, അർധനഗ്നരായി, പിടികൂടിയാൽ വഴുതി പോകുന്നതിനായി ദേഹത്ത് എണ്ണയും കരിയും പുരട്ടി, കയ്യിൽ വാളും, വടിയുമുൾപ്പെടെയുള്ള മാരകായുധങ്ങളുമേന്തി ഈ തസ്കരസംഘങ്ങൾ രാത്രികാലങ്ങളിൽ നമ്മുടെ വീട്ടിലോ വഴിയോരങ്ങളിലോ പ്രത്യക്ഷപ്പെട്ടേക്കാം. മോഷണശ്രമം തടഞ്ഞാൽ കൊല ചെയ്യാൻ പോലും മടിയില്ലാതെ, പാരമ്പര്യമായി കൈമാറിക്കിട്ടിയ മോഷണതന്ത്രങ്ങളും അവരുടെ കൈമുതലാണ്. അതെ, അവരെ പേടിക്കേണ്ടിയിരിക്കുന്നു. അവരിലെ കള്ളന്മാരെ സൃഷ്ടിക്കുന്ന തിരുട്ട് ഗ്രാമങ്ങളെയും.