വോട്ടെണ്ണലിൻ്റെ പല ഘട്ടത്തിലും പിന്നിലാവുകയും, പിന്നീട് മുന്നിലെത്തുകയും ചെയ്ത താരം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മധുരപ്രതികാരമെന്നോണമാണ് വിനേഷ് ഫോഗട്ട് വിജയിച്ചത്
രാഷ്ട്രീയ ഗോദയിൽ അടിപതറാതെ വിനേഷ് ഫോഗട്ട്. ഹരിയാന തെരഞ്ഞെടുപ്പിൽ 6015 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് ജയിച്ചത്. വോട്ടെണ്ണലിൻ്റെ പല ഘട്ടത്തിലും പിന്നിലാവുകയും, പിന്നീട് മുന്നിലെത്തുകയും ചെയ്ത താരം, വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജുലാനയിൽ വിജയക്കൊടി ഉയർത്തിക്കെട്ടി. എയർ ഇന്ത്യയുടെ മുൻ പൈലറ്റായിരുന്ന യോഗേഷ് കുമാറിനെയാണ് ബിജെപി വിനേഷിനെതിരെ കളത്തിലിറക്കിയത്.
ഒന്നാമതെത്തിയ വിനേഷ് ഫോഗട്ട് 65,080 വോട്ടുകളാണ് നേടിയത്. രണ്ടാമതെത്തിയ ബിജെപിയുടെ യോഗേഷ് കുമാറിന് 59,065 വോട്ടുകളേ നേടാനായുള്ളൂ. മൂന്നാം സ്ഥാനക്കാരനായ ഇന്ത്യൻ നാഷണൽ ലോക് ദളിൻ്റെ സുരേന്ദർ ലാഥർ 10,158 വോട്ടുകളും നേടി.
പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരോർമയായ വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ജനത നൽകിയ വികാര വായ്പുകളോടെയുള്ള സ്വീകരണവും, ബിജെപി സർക്കാരിൻ്റെ ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാമെന്നാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിനെ തുണച്ചതും. ഗുസ്തി താരം വിനേഷ് ഫോഗട്ട് പഞ്ചാബിലെ അതിർത്തി പ്രദേശമായ ശംഭുവിലെത്തി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയായ പ്രധാന ഘടകങ്ങൾ. ഇതെല്ലാം ജുലാനയിൽ പ്രതിഫലിക്കപ്പെട്ടു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വിനേഷ് ഫോഗട്ടിൻ്റെ ജയം.