സിആർപിഎഫും പൊലീസും തിരിച്ചടിച്ചതായും പ്രദേശത്ത് കനത്ത വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു
മണിപ്പൂരിൽ വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്തു. ജിരിബാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് പുലർച്ചെ അഞ്ച് മണിയോടെ ബോറോബെക്ര പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രാമത്തെ ലക്ഷ്യമിട്ട് ആക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സിആർപിഎഫും പൊലീസും തിരിച്ചടിച്ചതായും പ്രദേശത്ത് കനത്ത വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ സുരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ മുതിർന്നവരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷാ സേന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: യുപി ഗ്യാങ്സ്റ്റർ ആക്ട് പ്രകാരമുള്ള കേസ്; എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
ജിരിബാം പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ബോറോബെക്ര പ്രദേശം കൊടും വനങ്ങളാലും പർവതപ്രദേശങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നതാണ്. കഴിഞ്ഞ വർഷം മേയിൽ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത്തരത്തിലുള്ള നിരവധി ആക്രമണങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ഡൽഹിയിൽ മെയ്തേയ്, കുക്കി സമുദായങ്ങളിലെ എംഎൽഎമാർ തമ്മിൽ ചർച്ച നടത്തി ദിവസങ്ങൾക്ക് ശേഷമാണ് അക്രമം റിപ്പോർട്ട് ചെയ്തത്.