കുടുങ്ങിയ തൊഴിലാളികൾ ആഴത്തിലുള്ള കുഴിയിലേക്ക് വീണതായി സംശയിക്കുന്നതിനാൽ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ നടത്തുന്നുണ്ട്
വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ മേഖലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് മൂന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
പുലർച്ചെ 5.30ന് മതിൽ ഇടിഞ്ഞതായി ഒരു കോൾ ലഭിക്കുകയും അഗ്നിശമനസേന ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തുവെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് നിർമാണത്തൊഴിലാളികൾ ചെളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. എന്നാൽ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എൻഡിആർഎഫ്, ഡിഡിഎംഎ, സിവിൽ ഏജൻസികൾ, ഫയർഫോഴ്‌സ്, പൊലീസ് എന്നിവരുടെ രക്ഷാസംഘങ്ങൾ സ്ഥലത്തുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കുടുങ്ങിയ തൊഴിലാളികൾ ആഴത്തിലുള്ള കുഴിയിലേക്ക് വീണതായി സംശയിക്കുന്നതിനാൽ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ നടത്തുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കും ഉണ്ടായി.