അടുത്ത പകര്‍ച്ച വ്യാധിക്കു കാത്തുനില്‍ക്കാതെ തലസ്ഥാന നഗരം ശുചിയാകട്ടെ എന്നുമാത്രമേ പറയാന്‍ കഴിയൂ. പ്ലേഗ് പടര്‍ന്നു പിടിക്കേണ്ടി വന്നു സൂറത്ത് നഗരം വൃത്തിയാകാന്‍ എന്നുകൂടി മറക്കാതിരിക്കാം
സ്വന്തം ശരീരത്തില്‍ നിറയുന്ന മാലിന്യവുമായി 24 മണിക്കൂറിനപ്പുറം ഒരു ജീവിക്കും നടക്കാനാകില്ല. അങ്ങനെ ചെയ്യുമ്പോഴാണ് ആനകള്‍ക്ക് എരണ്ടക്കെട്ടും മനുഷ്യര്‍ക്കും മറ്റുജീവികള്‍ക്കും ദഹനക്കേടും ഉണ്ടാകുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഈ എരണ്ടക്കെട്ടാണ്. ആരാണ് ഈ സ്ഥിതിക്ക് ഉത്തരവാദി? സ്വന്തം അടുക്കളയില്‍ നിന്നുള്ള ജൈവ മാലിന്യം കോര്‍പറേഷന്റെ പച്ച ബിന്നിലേക്ക്. അജൈവ മാലിന്യം ചുവന്ന ബിന്നിലും. ഇത്രയും ഇട്ട് ഹരിതകര്‍മ സേനയ്ക്ക് പണവും കൊടുത്താല്‍ ഉത്തരവാദിത്തം കഴിഞ്ഞു എന്നു കരുതുന്നവരാണ് ഏറെയും. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തു വയ്ക്കാന്‍ കഴിയുന്ന കിച്ചണ്‍ ബിന്നുകള്‍ കോര്‍പറേഷന്‍ വ്യാപകമായി വിതരണം ചെയ്തു. 90 ശതമാനം സബ്‌സിഡി നല്‍കിയാണ് ഇവ വീടുകളില്‍ എത്തിച്ചത്. അതില്‍ എത്രയെണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തുശതമാനം ജനതയെങ്കിലും ഒരു തവണയില്‍ കൂടുതല്‍ മാലിന്യം അതില്‍ കൈകാര്യം ചെയ്‌തോ? മാലിന്യം നീക്കേണ്ടതു നഗരസഭയുടെ ബാധ്യതയല്ല. ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ച് പൗരന്മാരുടെ തന്നെ ഉത്തരവാദിത്തമാണ്.
കൂടുതല്‍ അഴുകാതിരിക്കട്ടെ തലസ്ഥാനനഗരം
തലസ്ഥാനം എന്ന നിലയില്‍ തിരുവനന്തപുരം ഏറ്റവും വൃത്തിയുള്ള നഗരംകൂടി ആകേണ്ടതായിരുന്നു. മറ്റു നഗരങ്ങളില്‍ നിന്നു ഭിന്നമായി വീതിയേറിയ വഴികളും നിരവധി കനാലുകളും അതിലേറെ പൊതുഇടങ്ങളും ഉണ്ട്. എന്നിട്ടും പതിറ്റാണ്ടുകളായി പരിഹരിക്കാന്‍ കഴിയാത്ത കീറാമുട്ടിയാണ് മാലിന്യപ്രശ്‌നം. സ്വന്തം വീടുകളിലെ മാലിന്യം വലിച്ചെറിഞ്ഞാലും പുറത്തു പോയാല്‍ മതിയെന്നു കരുതുന്ന പൗരന്മാര്‍. കൈകാര്യം ചെയ്യാന്‍ ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ ചട്ടപ്രകാരമുള്ള ഉത്തരവാദിത്തം കഴിഞ്ഞു എന്നു കരുതുന്ന കോര്‍പറേഷനും റയില്‍വേയും. കിട്ടുന്ന മാലിന്യം ഏതെങ്കിലും പാടം നികത്താനും നിലം നികത്താനും വിറ്റ് കാശാക്കാം എന്നു കരുതുന്ന ഏജന്‍സികള്‍. ചീഞ്ഞഴുകിയ മാലിന്യമാണെങ്കിലും സ്വന്തം പുരയിടം നാലടി ഉയരട്ടെ എന്നു കരുതുന്ന സ്ഥലം ഉടമകള്‍. ഇതിനൊക്കെ മേല്‍നോട്ടം വഹിക്കേണ്ട തദ്ദേശ ഭരണ സംവിധാനം. തിരുവനന്തപുരം നഗരത്തിലെ ഇപ്പോഴത്തെ മാലിന്യ പ്രശ്‌നത്തില്‍ ഇവയ്‌ക്കെല്ലാം ഉത്തരവാദിത്തമുണ്ട്.
ALSO READ: കണ്ണില്‍ച്ചോരയില്ലാതെ ട്രംപിന്റെ കടുംവെട്ട്
ബ്രഹ്‌മപുരത്തു നിന്ന് ഒന്നും പഠിക്കാതെ
കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യം തള്ളുന്ന ബ്രഹ്‌മപുരത്ത് വലിയ തീപിടിത്തം ഉണ്ടായത് ഒരുവര്‍ഷം മുന്‍പാണ്. കൊച്ചിയില്‍ അതുവരെ ചെയ്തിരുന്നത് കിട്ടുന്നതെല്ലാം ആ യാഡിലേക്കു തള്ളുക എന്നതായിരുന്നു. എത്രയെത്ര ഏജന്‍സികള്‍ക്കാണ് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയത്. ആരും വിജയിച്ചില്ല. ആ തീപിടിത്തം ആഴ്ചകളോളം കൊച്ചിയിലെ ജീവിതം ദുസ്സഹമാക്കി. അന്തരീക്ഷം തെളിഞ്ഞുവരാന്‍ മാസങ്ങള്‍ എടുത്തു. ഇപ്പോഴും ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ഇപ്പോള്‍ സംഭവിക്കുന്നത് ഒരു നീതീകരണവും ഇല്ലാത്ത കാര്യങ്ങളാണ്. കോര്‍പ്പറേഷനില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ 28 ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയത്. കരാര്‍ ഏറ്റെടുത്താല്‍ ആ മാലിന്യം കൈകാര്യം ചെയ്യേണ്ടത് ഏജന്‍സികളുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. അത് എങ്ങനെ സംസ്‌കരിക്കണമെന്നും എവിടെ കൊണ്ടുപോകണം എന്നുമെല്ലാമുള്ളതിന് ശുചിത്വ മിഷന്റെ ചട്ടങ്ങളുണ്ട്. അതു പാലിക്കുന്നവര്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്. തിരുവനന്തപുരം നഗരത്തിലെ 28 ഏജന്‍സികളില്‍ 20 എണ്ണവും മാലിന്യം കൊണ്ടുപോയിരുന്നത് തമിഴ്‌നാട്ടിലേക്കാണ്. ആ യാത്ര ഇപ്പോള്‍ തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധി പുറത്തുവരാന്‍ കാരണം.
പുഞ്ചക്കരയില്‍ നിന്ന് തിരുനെല്‍വേലിക്ക്
തിരുവനന്തപുരത്തു നിന്നു ശേഖരിച്ച മാലിന്യം എങ്ങനെയാണ് തിരുനെല്‍വേലിയില്‍ എത്തിയത്. അതും മെഡിക്കല്‍ മാലിന്യം. പുഞ്ചക്കരയിലെ സണ്‍ ഏജ് ഇക്കോ സിസ്റ്റം എന്ന കമ്പനി അതുകൊണ്ടുപോയി തമിഴ്‌നാട്ടിലെ നെല്ലറയില്‍ തള്ളുകയാണ്. അത്യന്തം നാണക്കേടുണ്ടാക്കി തിരികെ കൊണ്ടുവരേണ്ട സ്ഥിതിയും ഉണ്ടായി. ഇതിനു ശേഷം കേരളത്തില്‍ നിന്നുള്ള ഒരു മാലിന്യവണ്ടിക്കും തമിഴ്‌നാട്ടിലേക്കു പ്രവേശനം കിട്ടുന്നില്ല. വണ്ടികളെല്ലാം പിടികൂടി തിരികെ അയയ്ക്കുകയാണ്. അങ്ങനെ തിരികെ അയയ്ക്കുന്ന മാലിന്യം ഇപ്പോള്‍ തള്ളുന്നത് നെയ്യാറ്റിന്‍കരയിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാലിന്യം ഏറ്റുവാങ്ങാന്‍ നെയ്യാറ്റിന്‍കരയ്ക്ക് എന്തു ബാധ്യതയാണുള്ളത്? ഇതേ ചോദ്യം ഓരോ വീട്ടുടമയും ചോദിക്കുമ്പോഴാണ് തിരുവനന്തപുരത്തെ പ്രശ്‌നം പരിഹരിക്കപ്പെടുക. ശുചിമുറിയില്‍ നിന്നുള്ള മാലിന്യം സ്വന്തം പുരയിടം വിട്ട് എങ്ങോട്ടും കൊണ്ടുപോകരുത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ സ്വന്തം അടുക്കളയിലെ മാലിന്യവും കൈകാര്യം ചെയ്യാന്‍ നിയമം ഉണ്ടാകാതെ മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടില്ല. സ്വച്ഛ് ഭാരത് അഭിയാനുകള്‍ പുതിയ ശുചിമുറികള്‍ നിര്‍മിക്കാന്‍ മാത്രമല്ല മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കാനും നിര്‍ബന്ധമാക്കണം. ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലുമൊക്കെ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. അതുപോലെ തന്നെ മാലിന്യവും കൈകാര്യം ചെയ്യാനുള്ള സംവിധാനം വേണം.
ALSO READ: പിന്നെയും അട്ടിമറിച്ചോ പിഎഫ് പെന്‍ഷന്‍?
പ്ലേഗ് പടര്‍ന്ന സൂറത്തിനെ മറക്കാതിരിക്കാം
ഒരാഴ്ചയിലേറെയായി മാലിന്യം നീക്കാത്തതാണ് തിരുവനന്തപുരം കോര്‍പറേഷന്‍ നേരിടുന്ന പ്രശ്‌നം. വീടുകളില്‍ മാത്രമല്ല ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നു. വീടുകളില്‍ നിന്നെടുത്തവ നാലും അഞ്ചും ദിവസം ലോറികളില്‍ ഇരുന്ന് അഴുകുന്നു. വഴിയോരത്ത് തള്ളിയവ അങ്ങനെ തന്നെ തുടരുന്നു. ഈ സ്ഥിതി ഉണ്ടായത് മാലിന്യം ഒരു നിധികുംഭം കൂടിയാണ് എന്നതിനാലാണ്. മാലിന്യം ശേഖരിച്ച് ലക്ഷങ്ങള്‍ നേടിയിരുന്ന കമ്പനികള്‍, അവയെ ആശ്രയിച്ചു മാത്രം നിലനിന്ന തദ്ദേശ സ്ഥാപനങ്ങള്‍. ഇവരൊന്നും മാലിന്യത്തെ ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ ഇഷ്ടപ്പെട്ടവര്‍ ആയിരുന്നില്ല. അങ്ങനെ സംസ്‌കരിച്ചാല്‍ അതുവഴി ലഭിക്കുന്ന കോടികള്‍ നഷ്ടമാകും. അത്തരമൊരു മാനസികാവസ്ഥ കൊണ്ടുമാത്രം നടക്കാതെ പോയതാണ് തലസ്ഥാന നഗരത്തിലെ മാലിന്യസംസ്‌കരണം. റയില്‍വേ പോലും എന്താണ് ചെയ്തത്? കൊച്ചുവേളിയിലെ മാലിന്യം വിവാദമുണ്ടാക്കിയ അതേ ഏജന്‍സിക്കു തന്നെ നല്‍കി. ആ ഏജന്‍സി ഈ മാലിന്യം ശേഖരിച്ച് പറമ്പുകളില്‍ തള്ളി. റയില്‍വേ പോലെ ഇത്രയും വിപുലമായ സംവിധാനങ്ങളുള്ള പ്രസ്ഥാനം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ദിവസക്കൂലിക്ക് രണ്ടുപേരെ ഇറക്കുകയാണ്. കയ്യില്‍ ഒരു കൈക്കോട്ടുപോലുമില്ലാതെ അഴുക്കുചാലിലേക്ക് ഇറങ്ങിയ അതിലൊരാള്‍ മുങ്ങി മരിക്കുന്നു. അങ്ങനെയൊന്ന് ഉണ്ടായപ്പോഴെങ്കിലും കണ്ണു തുറക്കേണ്ടതായിരുന്നു. പകരം പിന്നെയും മാലിന്യം ലോറിയില്‍ കയറ്റിവിട്ട് കാണുന്നിടത്തെല്ലാം തള്ളിക്കൊണ്ടിരിക്കുന്നു. റയില്‍വേ എങ്കിലും നന്നായി എന്നു ബോധ്യപ്പെടുത്താതെ പൗരന്മാര്‍ക്ക് എങ്ങനെയാണ് ചുമതലാബോധം വരുന്നത്. അടുത്ത പകര്‍ച്ച വ്യാധിക്കു കാത്തുനില്‍ക്കാതെ തലസ്ഥാന നഗരം ശുചിയാകട്ടെ എന്നുമാത്രമേ പറയാന്‍ കഴിയൂ. പ്ലേഗ് പടര്‍ന്നു പിടിക്കേണ്ടി വന്നു സൂറത്ത് നഗരം വൃത്തിയാകാന്‍ എന്നുകൂടി മറക്കാതിരിക്കാം.