അരനൂറ്റാണ്ടിലേറെ വരുന്ന ജലവിതരണ സംവിധാനങ്ങളുടെ കാലപ്പഴക്കമാണ് 60 ശതമാനം ജലനഷ്ടത്തിന്‍റെയും കാരണമായി ഒപെക് ഫണ്ടെന്ന അന്താരാഷ്ട്ര സംഘടന കണക്കാക്കുന്നത്
ഭക്ഷ്യക്ഷാമത്തിന് പിന്നാലെ ക്യൂബയുടെ വെള്ളം കുടിയും മുട്ടിച്ച് സാമ്പത്തിക പ്രതിസന്ധി. ആറ് ലക്ഷത്തോളം പേരെ ജലക്ഷാമം ഗുരുതരമായി ബാധിക്കുന്നു എന്നാണ് കണക്ക്. വരള്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പ്രതിസ്ഥാനത്ത്.
തലസ്ഥാനമായ ഹവാന ഉള്‍പ്പെടെ കരീബിയന്‍ ദ്വീപായ ക്യൂബയുടെ പ്രധാന നഗരങ്ങളെല്ലാം കടുത്ത ജലക്ഷാമത്തിന്‍റെ പിടിയിലാണ്. രണ്ടു വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ഭക്ഷ്യ ക്ഷാമത്തില്‍ വലയുമ്പോഴാണ് രാജ്യത്ത് വേനലെത്തിയത്. ഇതോടെ, 10 ദശലക്ഷത്തോളം ജനസംഖ്യയുള്ള ക്യൂബ, ഭക്ഷണവും ഇന്ധനവും വെെദ്യുതിയും എന്നുവേണ്ട വെള്ളം പോലുമില്ലാതെ ദുരിതത്തിലായി.
ആറ് ലക്ഷത്തോളം പേരെ ജലക്ഷാമം രൂക്ഷമായി ബാധിക്കുന്നു എന്നാണ് സർക്കാർ തന്നെ അംഗീകരിച്ച കണക്ക്. ജലവിതരണ സംവിധാനങ്ങളുടെ അരനൂറ്റാണ്ടിലേറെ വരുന്ന കാലപ്പഴക്കമാണ് 60 ശതമാനം ജലനഷ്ടത്തിന്‍റെയും കാരണമായി ഒപെക് ഫണ്ടെന്ന അന്താരാഷ്ട്ര സംഘടന കണക്കാക്കുന്നത്. കാലഹരണപ്പെട്ട പെെപ്പ് ലെെനുകള്‍ പൊട്ടിയും ലീക്കായും തെരുവുകളില്‍ വെള്ളം പാഴാകുമ്പോള്‍, കുടിവെള്ള ടാങ്കറുകള്‍ക്ക് പിന്നാലെ ജനങ്ങള്‍ ഓടുന്നതാണ് ക്യൂബയിലെ ഇപ്പോഴത്തെ കാഴ്ച.
ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളെയാണ് ക്ഷാമം ഏറ്റവുമധികം ബാധിച്ചത്. ഉഷ്ണമേഖലയില്‍ വേനല്‍ കടുക്കുന്നതോടെ രാജ്യത്തെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ജലവെെദ്യുതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ക്യൂബയുടെ വെെദ്യുതി മേഖലയ്ക്കും വലിയ തിരിച്ചടിയാണ് ക്ഷാമം. 1959ന് ശേഷം രാജ്യം കണ്ട ഏറ്റവും മോശമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ ക്യൂബ നേരിടുന്നത്.
READ MORE: മധ്യ, കിഴക്കൻ യൂറോപ്പിൽ കനത്ത മഴ; നാല് പേർക്ക് ദാരുണാന്ത്യം