ദുരിതബാധിതരുടെ ആശുപത്രി ബില്ലുകള്‍ സര്‍ക്കാര്‍ നേരിട്ടു തന്നെ കൊടുത്തു തീര്‍ക്കണം
വയനാട് ദുരിതബാധിതരെ മാറ്റിത്താമസിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് ഹൈക്കോടതി. ക്യാമ്പിലുള്ളവരെ ഒരാഴ്ച്ചയ്ക്കുള്ളില്‍ മാറ്റിത്താമസിപ്പിക്കണം. ദുരന്തമുണ്ടായി ഒരുമാസം പിന്നിട്ടിട്ടും അനിശ്ചിതമായി ക്യാമ്പുകളില്‍ തുടരുന്ന സാഹചര്യം ഉണ്ടാകരുത്. ഇതിനായി ഹോട്ടലുകള്‍ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കുന്നതിനു മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ടൗണ്‍ഷിപ്പിന് എതിരായതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയത്.
ക്യാമ്പില്‍നിന്ന് ആരെങ്കിലു മാറിയെങ്കില്‍ എത്രപേര്‍ മാറിയെന്നതു സംബന്ധിച്ച വിവരങ്ങള്‍ അടുത്തയാഴ്ച നല്‍കണം. വീടുകളുടെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി.
Also Read: നൂറിലേറെ ആളുകൾ ഇന്നും കാണാമറയത്ത്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം
ദുരിതബാധിതരുടെ ആശുപത്രി ബില്ലുകള്‍ സര്‍ക്കാര്‍ നേരിട്ടു തന്നെ കൊടുത്തു തീര്‍ക്കണം. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ പിടിച്ചാല്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ദുരന്തബാധിതരോട് വിട്ടുവീഴ്ച ചെയ്യുന്നതില്‍ എല്ലാ ബാങ്കുകള്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഏത് ബാങ്ക് ആയാലും പരമോന്നതമായ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അറിയിച്ചാല്‍ മതി. ബാക്കി കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാം.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഇന്നേക്ക് ഒരു മാസം തികയുകയാണ്. താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയാകുമ്പോള്‍ ടൗണ്‍ഷിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരിത ബാധിതര്‍. 231 പേര്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടതായാണ് സര്‍ക്കാരിന്റെ കണക്ക്. 190 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.